കരുത്തര്‍ ആയ ഡോര്‍ട്ടുമുണ്ടിനെ നേരിടാന്‍ ബയേർ ലെവർകൂസൻ
ഇന്ന് തങ്ങളുടെ കോട്ടയായ ബേ അരീനയിലെക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിനെ ക്ഷണിക്കുമ്പോള്‍ തുടർച്ചയായ ആറാം ലീഗ് മത്സരവിജയം ആണ് ബയേർ ലെവർകൂസൻ ലക്ഷ്യമിടുന്നത്.സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ഡോര്‍ട്ടുമുണ്ട് നിലവില്‍ ആറാം സ്ഥാനത്താണ്.തുടര്‍ച്ചയായി രണ്ടു തോല്‍വികളില്‍ നിന്ന് കരകയറിയ ബോറൂസിയ അവസാന രണ്ടു മത്സരങ്ങളിലും ജയം നേടിയത് അവസാന മിനുട്ടുകളില്‍ ഗോള്‍ തിരിച്ചടിച്ചാണ്.90 മിനുട്ടും കൈ മേയ് മറന്നു പോരാടാനുള്ള തയ്യാറെടുപ്പില്‍ തന്നെ ആണ് ബോറൂസിയ ലെവര്‍കുസനെതിരെ ഇന്ന് കളിക്കാന്‍ ഇറങ്ങുന്നത്.
ഒക്ടോബറില്‍ തരംതാഴ്ത്തൽ ഭീഷണി നേരിട്ട ലെവർകൂസനെ ഏറ്റെടുത്ത സാബി അലോൻസോ ഇപ്പോള്‍ അവരെ ഒന്‍പതാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നു.ഈ പോക്ക് തുടര്‍ന്നാല്‍ യൂറോപ്പ്യന്‍ ലീഗില്‍ കളിക്കാനുള്ള യോഗ്യത ലെവര്കുസന് നേടിയാലും അത്ഭുതമൊന്നുമില്ല.റയൽ സോസിഡാഡിന്റെ ബി ടീമിനൊപ്പം മൂന്ന് വർഷം ചെലവഴിച്ചതിന് ശേഷം തന്റെ ആദ്യത്തെ സീനിയർ മാനേജർ റോളിലേക്ക് കാലെടുത്ത് വെച്ച സാബി ആദ്യ ഏഴ് മത്സരങ്ങളിൽ ഒന്ന് മാത്രമാണ് വിജയിച്ചത്.ഇന്നത്തെ മര്‍മ പ്രധാനമായ പോരാട്ടത്തില്‍ ഡോര്‍ട്ടുമുണ്ടിനെ പോലൊരു ശക്തരായ ടീമിനെ മെരുക്കാന്‍ കഴിഞ്ഞാല്‍ സാബിയുടെ മാനേജിംഗ് കരിയറിലെ വലിയൊരു പൊന്‍ തൂവല്‍ ആയിരിക്കും ഈ വിജയം.