EPL 2022 European Football Foot Ball Top News

അടി.. തിരിച്ചടി.. തീപാറിയ പോരാട്ടത്തിനൊടുവിൽ യുണൈറ്റഡിനെ കീഴടക്കി ആഴ്സനൽ.!

January 23, 2023

author:

അടി.. തിരിച്ചടി.. തീപാറിയ പോരാട്ടത്തിനൊടുവിൽ യുണൈറ്റഡിനെ കീഴടക്കി ആഴ്സനൽ.!

പ്രീമിയർ ലീഗിൽ അരങ്ങേറിയ അതിവാശിയേറിയ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സനലിന് മിന്നും വിജയം. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർട്ടേറ്റയുടെ ചുണക്കുട്ടികൾ വിജയം പിടിച്ചെടുത്തത്.

മത്സരത്തിൽ ആദ്യം ലീഡ് നേടിയത് യുണൈറ്റഡ് ആയിരുന്നു. 17ആം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്നും റാഷ്ഫോർഡ് ആണ് സന്ദർശകർക്കായി വലകുലുക്കിയത്.

ശേഷം 7 മിനിറ്റിൻ്റെ ഇടവേളയിൽ ഷാക്കയുടെ ക്രോസിൽ നിന്നും ഒരു ഹെഡ്ഡറിലൂടെ എൻകെറ്റിയ ഗണ്ണേഴ്സിനായി ഗോൾ മടക്കി. അങ്ങനെ ആദ്യപകുതി 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു. തുടർന്ന് രണ്ടാം പകുതിയുടെ 53ആം മിനിറ്റിൽ തന്നെ ബോക്സിന് വെളിയിൽ നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ ബുക്കായോ സാക ആതിഥേയരെ മത്സരത്തിൽ മുന്നിലെത്തിച്ചു. എന്നാൽ യുണൈറ്റഡ് വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. 59ആം മിനിറ്റിൽ എറിക്സൺ എടുത്ത കോർണർ ആഴ്സനൽ ഗോൾകീപ്പർ രാംസ്ഡെയിൽ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ആയിവന്ന പന്ത് ഒരു ഹെഡ്ഡറിലൂടെ അർജൻ്റൈൻ ഡിഫൻഡർ ലീസാൻഡ്രോ മാർട്ടിനെസ് വലയിലാക്കി.

സ്കോർ 2-2. അതോടെ മത്സരം സമനിലയിൽ കലാശിക്കുമെന്ന് തോന്നിച്ചെങ്കിലും നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ 90ആം മിനിറ്റിൽ എൻകെറ്റിയ തൻ്റെ ഇരട്ടഗോളും, ടീമിൻ്റെ വിജയഗോളും സ്വന്തമാക്കുകയായിരുന്നു. അങ്ങനെ സമനിലയിൽ ആകുമെന്ന് പ്രതീക്ഷിച്ച കളി അവസാന നിമിഷം കൈപ്പിടിയിൽ ഒതുക്കുവാൻ ആതിഥേയരായ ആഴ്സനലിന് സാധിച്ചു. ഒപ്പം ലീഗിലെ ആദ്യപാദത്തിൽ ഓൾഡ് ട്രഫോർഡിൽ വെച്ചേറ്റ തോൽവിക്ക് പകരം വീട്ടുവാനും ഗണ്ണേഴ്സിന് കഴിഞ്ഞു.

മത്സരത്തിൽ കൂടുതൽ സമയവും പന്ത് കൈവശം വെച്ചതും നിരന്തരമായ ആക്രമണങ്ങൾ നടത്തിയതുമെല്ലാം ആഴ്സനൽ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അർഹിച്ച വിജയമാണ് അവർ നേടിയെടുത്തത്. എന്തായാലും ഈയൊരു വിജയത്തോടെ 19 മത്സരങ്ങളിൽ നിന്നും 50 പോയിൻ്റ് എന്ന നാഴികക്കല്ലിലേക്ക് ചുവടെടുത്ത് വെക്കുവാൻ ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിന് സാധിച്ചു. രണ്ടാം സ്ഥാനത്തുള്ള സിറ്റിയെക്കാൾ ഒരു മത്സരം കുറച്ച് കളിച്ചിട്ടും 5 പോയിൻ്റിൻ്റെ വ്യക്തമായ ലീഡ് നിലവിൽ അർട്ടേറ്റക്കും സംഘത്തിനുമുണ്ട്.

മറുവശത്ത്, തോൽവി വഴങ്ങിയ യുണൈറ്റഡ് 20 മത്സരങ്ങളിൽ നിന്നും 39 പോയിൻ്റുമായി 4ആം സ്ഥാനത്ത് തന്നെ തുടരുകയാണ്.

Leave a comment