ഒന്നാംസ്ഥാനം ലക്ഷ്യമിട്ട് ഹൈദരാബാദ്; എതിരാളികൾ ബംഗളുരു.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ടേബിൾ ടോപ്പേഴ്സ് സ്ഥാനം ലക്ഷ്യമിട്ടുകൊണ്ട് നിലവിലെ ചാംപ്യൻമാരായ ഹൈദരാബാദ് എഫ്സി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30 നടക്കുന്ന മത്സരത്തിൽ ബംഗളുരുവാണ് മനോലോ മർക്കോസിൻ്റെയും സംഘത്തിൻ്റെയും എതിരാളികൾ. ബംഗളൂരുവിൻ്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. അവസാനം നടന്ന 2 മത്സരങ്ങളിലും വിജയിക്കാൻ ഹൈദരാബാദിന് കഴിഞ്ഞിരുന്നു. അതേ പ്രകടനം ഇന്നും പുറത്തെടുക്കാൻ തന്നെയാവും അവർ ശ്രമിക്കുക.

മറുവശത്ത് അവസാന മത്സരത്തിൽ ജംഷഡ്പൂരിനോട് കഷ്ടിച്ച് ജയിച്ചുകൊണ്ടാണ് ബംഗളുരു ഇന്നത്തെ മത്സരത്തിനായി എത്തുന്നത്. എന്തായാലും ആ ഒരു പോരാട്ടമികവ് മതിയാകില്ല ഇന്ന് ഹൈദരാബാദിനെ കീഴടക്കുവാൻ. ഇരുടീമുകളും തമ്മിൽ 7 തവണയാണ് ഇതുവരെ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ 3 വട്ടവും വിജയം ഹൈദരാബാദിനൊപ്പം ആയിരുന്നു. 3 മത്സരങ്ങൾ സമനിലയായപ്പോൾ ഒരു മത്സരം മാത്രമാണ് ബംഗളുരുവിന് വിജയിക്കാൻ കഴിഞ്ഞത്.

ചുരുക്കിപ്പറഞ്ഞാൽ ഇന്നത്തെ മത്സരത്തിൽ ഹൈദരാബാദിന് തന്നെയാണ് മുൻതൂക്കം എന്നർത്ഥം. നിലവിൽ 10 മത്സരങ്ങളിൽ നിന്നും 22 പോയിൻ്റുമായി അവർ രണ്ടാം സ്ഥാനത്താണുള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ മുംബൈയെ മറികടന്ന് ഒന്നാംസ്ഥാനം സ്വന്തമാക്കുവാൻ ഹൈദരാബാദിന് കഴിയും. മറുവശത്ത് അത്രയും മത്സരങ്ങളിൽ നിന്നും 10 പോയിൻ്റുമായി ബംഗളുരു എട്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും ടേബിളിൽ അവർക്ക് സ്ഥാനചലനം ഉണ്ടാകില്ല.