Foot Ball ISL Top News

ഐ.എസ്.എല്ലിൽ ഇന്ന് സൗത്ത് ഇന്ത്യൻ ഡെർബി; ബ്ലാസ്റ്റേഴ്സ്, ചെന്നൈയിനെ നേരിടും.!

December 19, 2022

author:

ഐ.എസ്.എല്ലിൽ ഇന്ന് സൗത്ത് ഇന്ത്യൻ ഡെർബി; ബ്ലാസ്റ്റേഴ്സ്, ചെന്നൈയിനെ നേരിടും.!

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത് അതിവാശിയേറിയ സൗത്ത് ഇന്ത്യൻ ഡെർബിക്കാണ്. വൈകിട്ട് 7.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിടും. ചെന്നൈയിൻ്റെ തട്ടകമായ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. തുടർച്ചയായ ആറാം വിജയം ലക്ഷ്യമിട്ടുകൊണ്ടാണ് ബ്ലാസ്റ്റേഴ്സിൻ്റെ വരവ്. ആദ്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം ടീം തുടരെ 3 മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നടന്ന തുടർച്ചയായ അഞ്ച് മത്സരങ്ങളിലും ഒരു സമനില പോലും ടീമിന് വഴങ്ങേണ്ടി വന്നിട്ടില്ല.

ഈ 5 മത്സരങ്ങളിലും ഗ്രീക്ക് ഫോർവേർഡ് താരം ദിമിത്രി ഡയമൻ്റാക്കോസ് ഗോൾ നേടുകയും ചെയ്തിരുന്നു. ഇന്നും ദിമിത്രി ഗോളടി തുടർന്നാൽ അത് എതിരാളികൾക്ക് ഒരു അപായ സൂചനയാകും നൽകുക. മറുവശത്ത് ഏറ്റവുമൊടുവിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ ഗോൾമഴയിൽ (7-3) മുക്കിക്കൊണ്ടാണ് ചെന്നൈയിൻ വരുന്നത്. ഈയൊരു മികവ് ഇന്നും ആവർത്തിച്ചാൽ ബ്ലാസ്റ്റേഴ്സിനെ മറികടക്കുക എന്നത് അവർക്ക് അസാധ്യമാകില്ല. കെട്ടുറപ്പില്ലാത്ത പ്രതിരോധമാണ് ചെന്നൈയിൻ്റെ തലവേദന. എങ്കിലും കടലാസിലെ കരുത്തിൽ ഇരുടീമുകളും തുല്യരാണ്.

18 തവണയാണ് ഇരുടീമുകളും ഇതിനുമുമ്പ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ചെന്നൈയിൻ 6 മത്സരങ്ങൾ വിജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് 5 വിജയങ്ങൾ ആണുള്ളത്. 7 മത്സരങ്ങൾ സമനിലയുമായി. നിലവിലെ ഫോം പരിഗണിച്ചാൽ ഇന്നത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മുൻതൂക്കം. നിലവിൽ 9 മത്സരങ്ങളിൽ നിന്നും 18 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് ടേബിളിൽ ആറാം സ്ഥാനത്ത് ആണുള്ളത്. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ ഒറ്റടിക്ക് മൂന്നാം സ്ഥാനത്തേക്ക് കയറുവാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും. സമനിലയാണ് ഫലമെങ്കിലും 2 സ്ഥാനങ്ങൾ മുകളിലേക്ക് കയറാൻ ഇവാനും സംഘത്തിനും കഴിയും. മറിച്ച് പരാജയപ്പെട്ടാൽ സ്ഥാനത്തിന് മാറ്റമൊന്നും ഉണ്ടാവില്ല.

മറുവശത്ത് 9 മത്സരങ്ങളിൽ നിന്നും 13 പോയിൻ്റുമായി ചെന്നൈയിൻ ഏഴാം സ്ഥാനത്താണ് ഉള്ളത്. ഇന്നത്തെ മത്സരഫലം എന്തുതന്നെയായാലും അവർക്ക് സ്ഥാനചലനം ഒന്നുംതന്നെ ഉണ്ടാകില്ല. എന്തായാലും ആരാകും ഈയൊരു സൗത്ത് ഇന്ത്യൻ ഡെർബിയിൽ വിജയക്കൊടി പാറിക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment