Foot Ball qatar worldcup Top News

മൊറോക്കോയെ കീഴടക്കി ഖത്തറിൽ മൂന്നാംസ്ഥാനം സ്വന്തമാക്കി ക്രൊയേഷ്യ.!

December 17, 2022

author:

മൊറോക്കോയെ കീഴടക്കി ഖത്തറിൽ മൂന്നാംസ്ഥാനം സ്വന്തമാക്കി ക്രൊയേഷ്യ.!

ഖത്തർ ലോകകപ്പിൽ അരങ്ങേറിയ ലൂസേഴ്സ് ഫൈനൽ പോരാട്ടത്തിൽ മൊറോക്കോക്കെതിരെ ക്രൊയേഷ്യയ്ക്ക് വിജയം. ദോഹയിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യൻ പട വിജയം സ്വന്തമാക്കിയത്. ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. 7ആം മിനിറ്റിൽ സെൻ്റർബാക്ക് താരം ഗ്വാർഡിയോളിലൂടെ ക്രൊയേഷ്യയാണ് ആദ്യവെടി പൊട്ടിച്ചത്.

മേയർ എടുത്ത ഫ്രീകിക്ക് ഒരു ബാക്ക് ഹെഡ്ഡറിലൂടെ പെരിസിച്ച് ഗ്വാർഡിയോളിന് നേർക്ക് മറിച്ചു. താരത്തിൻ്റെ ഡൈവിങ് ഹെഡ്ഡർ മൊറോക്കൻ ഗോളി ബോനോയെ മറികടന്ന് വലയിൽ. എന്നാൽ ക്രൊയേഷ്യയ്ക്ക് ആഹ്ലാദിക്കാൻ വകയുണ്ടായിരുന്നില്ല. 9ആം മിനിറ്റിൽ തന്നെ മൊറോക്കോ തിരിച്ചടിച്ചു. അതും ഒരു ഫ്രീകിക്കിൽ നിന്ന് തന്നെയായിരുന്നു പിറവിയെടുത്തത്. സയക്കിൻ്റെ ഫ്രീകിക്ക് ക്രൊയേഷ്യൻ പ്രതിരോധം ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് ഫ്രീയായി നിന്ന അഷ്റഫ് ഡാറിയുടെ നേർക്കാണ് എത്തിയത്. ക്ലോസ് റേഞ്ചിൽ നിന്നുമുള്ള താരത്തിൻ്റെ ഹെഡ്ഡർ ലിവാകോവിച്ചിനെ മറികടന്ന് വലയിൽ പതിച്ചു.

അതോടെ മത്സരം കൂടുതൽ വാശിയേറിയതായി. തുടർന്ന് പുരോഗമിച്ച മത്സരത്തിൽ ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ ക്രൊയേഷ്യ വീണ്ടും ലീഡ് നേടി. ലിവാജയുടെ പാസിൽ നിന്നും ഓർസിച്ചാണ് ഒരു തകർപ്പൻ കേളിങ് ഷോട്ടിലൂടെ ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. അതോടെ ആദ്യപകുതിക്ക് വിരാമമായി. ശേഷം രണ്ടാം പകുതിയിൽ ഗോൾ മടക്കുവാൻ ഉറച്ചാണ് മൊറോക്കൻ താരങ്ങൾ കളത്തിലിറങ്ങിയത്. അതിനായി അവർ ആവുന്നത്ര പൊരുതിയെങ്കിലും ക്രൊയേഷ്യൻ പ്രതിരോധവും ഗോൾകീപ്പർ ലിവാകോവിച്ചും അതിന് വിലങ്ങുതടിയാകുകയായിരുന്നു. അവസാന നിമിഷം എൻ നെസിരിയുടെ ഹെഡ്ഡർ പോസ്റ്റിനെ ഉരുമി വെളിയിലേക്ക് പോയത് തലയിൽ കൈവെച്ചാകും മൊറോക്കൻ ആരാധകർ കണ്ടുനിന്നത്.

ഒടുവിൽ നിശ്ചിത സമയം അവസാനിച്ചപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ക്രൊയേഷ്യ വിജയക്കൊടി പാറിക്കുകയായിരുന്നു. ഈയൊരു മിന്നും വിജയത്തോടെ ലോകകപ്പിലെ മൂന്നാംസ്ഥാനം സ്വന്തമാക്കുവാൻ അവർക്കായി. കഴിഞ്ഞ ലോകകപ്പിൽ രണ്ടാം സ്ഥാനക്കാർ ആയിരുന്നു ക്രൊയേഷ്യ. എന്തായാലും തൻ്റെ അവസാന ലോകകപ്പ് മത്സരത്തിന് ഇറങ്ങിയ മോഡ്രിച്ചിന് അർഹിച്ച പടിയിറക്കം തന്നെയാണ് ലഭിച്ചിട്ടുള്ളത്.

മത്സരം പരാജയപ്പെട്ടെങ്കിലും വമ്പൻ ടീമുകളെ പിന്തള്ളി ലോകകപ്പിലെ ചരിത്രം തിരുത്തിക്കൊണ്ട് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കഴിഞ്ഞതിൽ മൊറോക്കോയ്ക്ക് അഭിമാനിക്കാം.

Leave a comment