Foot Ball qatar worldcup Top News

പോർച്ചുഗലിൻ്റെ അടിവേരറുത്ത് ചരിത്രം കുറിച്ചുകൊണ്ട് മൊറോക്കോ സെമിയിൽ.!

December 10, 2022

author:

പോർച്ചുഗലിൻ്റെ അടിവേരറുത്ത് ചരിത്രം കുറിച്ചുകൊണ്ട് മൊറോക്കോ സെമിയിൽ.!

ലോകകപ്പിലെ അതിവാശിയേറിയ ക്വാർട്ടർഫൈനൽ പോരാട്ടത്തിൽ പോർച്ചുഗലിനെ തകർത്ത് ചരിത്രം കുറിച്ചുകൊണ്ട് മൊറോക്കോ സെമിയിൽ. ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിനാണ് മൊറോക്കോ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ 42ആം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏകഗോൾ പിറന്നത്. ഇടത് പാർശ്വത്തിൽ നിന്നും യാഹിയ അള്ളാ നൽകിയ മികച്ചൊരു ക്രോസിൽ നിന്നും ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ എൻ നെസിരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്.

അതോടെ ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു. കാര്യമായ ആക്രമണങ്ങൾ ഒന്നുംതന്നെ പോർച്ചുഗലിന് ആദ്യ പകുതിയിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഉറച്ചാണ് പറങ്കിപ്പട കളത്തിലിറങ്ങിയത്. അതിനായി തുടക്കത്തിൽ തന്നെ റൂബൻ നെവെസിന് പകരം സാൻ്റോസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളത്തിലിറക്കി. പക്ഷേ പോർച്ചുഗലിൻ്റെ ശ്രമങ്ങൾക്ക് എല്ലാം മൊറോക്കോ തടയിടുകയായിരുന്നു. ഗോൾമുഖത്തെ മൊറോക്കൻ കീപ്പർ ബോനോയുടെ മിന്നും പ്രകടനവും പോർച്ചുഗലിന് തിരിച്ചടിയായി.

ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡിലൂടെ മൊറോക്കോയുടെ ചെദ്ദിര ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയെങ്കിലും അവസരം മുതലാക്കാൻ പോർച്ചുഗലിന് കഴിഞ്ഞില്ല. അത്രക്കും മികച്ച പ്രകടനമാണ് മൊറോക്കൻ താരങ്ങൾ കളത്തിൽ കാഴ്ചവെച്ചത്. ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് പറങ്കിപ്പട മൊറോക്കോയ്ക്ക് മുന്നിൽ മുട്ടു മടക്കുകയായിരുന്നു. ഈയൊരു മിന്നും വിജയത്തോടെ ചരിത്രം രചിച്ചുകൊണ്ട് മൊറോക്കോ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ആഫ്രിക്കൻ ടീം സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നത്.

മൊറോക്കോയുടെ ഈയൊരു തേരോട്ടത്തിന് മുന്നിൽ അടിതെറ്റിയത് ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ കിരീടസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന വമ്പൻ ടീമുകൾക്കും. ആരും സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ളൊരു കുതിപ്പാണ് മൊറോക്കോ നടത്തിക്കൊണ്ടിരിക്കുന്നത്. നടക്കുവാൻ പോകുന്ന ഫ്രാൻസ്-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാകും മൊറോക്കോ സെമിഫൈനലിൽ നേരിടുക.

ഈയൊരു പരാജയത്തോടെ തൻ്റെ അവസാന ലോകകപ്പിൽ കണ്ണീരോടെ മടങ്ങാൻ ആയിരുന്നു റൊണാൾഡോയുടെ വിധി. കരഞ്ഞുകൊണ്ട് താരം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നത് കണ്ടിരുന്ന ആരാധകരെയും കണ്ണീരിലാഴ്‌ത്തി.

Leave a comment