Foot Ball qatar worldcup Top News

അട്ടിമറി തുടരാൻ മൊറോക്കോ; സെമി പ്രതീക്ഷയുമായി പോർച്ചുഗൽ.!

December 10, 2022

author:

അട്ടിമറി തുടരാൻ മൊറോക്കോ; സെമി പ്രതീക്ഷയുമായി പോർച്ചുഗൽ.!

ഖത്തർ ലോകകപ്പിലെ മൂന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പോർച്ചുഗൽ ഇന്ന് മൊറോക്കോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. ബെൽജിയം, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ വമ്പന്മാരെ കീഴടക്കിക്കൊണ്ടാണ് മൊറോക്കോയുടെ വരവ്. കൂടാതെ ഒരു മത്സരം പോലും അവർ പരാജയപ്പെട്ടിട്ടുമില്ല. ഈയൊരു അപരാജിത കുതിപ്പ് ഇന്നും തുടർന്നാൽ ചരിത്രം കുറിച്ചുകൊണ്ട് ആഫ്രിക്കൻ ടീമിന് ലോകകപ്പിൻ്റെ സെമിഫൈനലിൽ പ്രവേശിക്കാം.

ഹക്കിം സയക്ക്, അഷ്റഫ് ഹക്കിമി, എൻ നസിരി, നൗസ്സെയർ മസ്റോയി, ഗോൾകീപ്പർ ബോനോ തുടങ്ങിയ കരുത്തുറ്റ താരങ്ങളിലാണ് ടീമിൻ്റെ പ്രതീക്ഷ. മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പ് ആണിത് എന്ന കാരണം കൊണ്ടുതന്നെ കളിക്കളത്തിൽ സർവ്വശക്തിയും പുറത്തെടുത്തുകൊണ്ടുള്ള ഒരു പോരാട്ടം തന്നെ പറങ്കിപ്പട കാഴ്ചവെക്കും എന്നകാര്യത്തിൽ സംശയമൊന്നുമില്ല. എന്തായാലും റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നുള്ളത് ഉറപ്പായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോയ്ക്ക് പകരം കളത്തിലിറങ്ങിയ ഗോൺസാലോ റാമോസ് ഹാട്രിക്ഗോളും ഒപ്പം ഒരു അസിസ്റ്റും സ്വന്തമാക്കിയത് കൊണ്ടുതന്നെ ഒരുപക്ഷേ ഇന്നും താരത്തിന് തന്നെയാവും സാൻ്റോസ് ആദ്യ ഇലവനിൽ അവസരം നൽകുക.

അല്ലാത്തപക്ഷം മറ്റൊരു താരത്തെ പുറത്തിരുത്തിക്കൊണ്ട് റൊണാൾഡോയെ കളത്തിലിറക്കാൻ നേരിയ സാധ്യതകൾ ഉണ്ട്. എന്തായാലും യൂറോപ്പിലെ കഴിവ് തെളിയിച്ച ഒരുപിടി താരങ്ങളുമായി എത്തുന്ന പോർച്ചുഗലിന് മൊറോക്കോ കടലാസിൽ വലിയ എതിരാളികൾ അല്ല. എന്നിരുന്നാലും മിന്നും ഫോമിലുള്ള അവരെ എഴുതിത്തള്ളാനും ആവില്ല. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ ആറ് ഗോളുകൾക്ക് തകർത്തതിൻ്റെ ആത്മവിശ്വാസം സാൻ്റോസിനും സംഘത്തിനുമുണ്ട്. ഇരുടീമുകളും 2018ൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗൽ ആണ് വിജയിച്ചത്.

ഫ്രാൻസ്-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെയാകും ഈയൊരു മത്സരത്തിലെ വിജയികൾ സെമിഫൈനൽ മത്സരത്തിൽ നേരിടുക. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.

Leave a comment