Foot Ball qatar worldcup Top News

കാനറികളുടെ ഇടനെഞ്ചു തകർത്ത് ക്രൊയേഷ്യ സെമിയിൽ.!

December 10, 2022

author:

കാനറികളുടെ ഇടനെഞ്ചു തകർത്ത് ക്രൊയേഷ്യ സെമിയിൽ.!

ലോകകപ്പിൽ അരങ്ങേറിയ ഒന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കിരീട ഫേവറേറ്റ്‌സുകളായി എത്തിയ ബ്രസീലിനെ കീഴടക്കി ക്രൊയേഷ്യ സെമിഫൈനലിലേക്ക് യോഗ്യത നേടി. ദോഹയിലെ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയവും അധിക സമയവും ഓരോ ഗോളുകൾ വീതം നേടി ഇരുടീമുകളും സമനില പാലിച്ചതോടെ പെനൽറ്റി ഷൂട്ടൗട്ടിലാണ് മത്സരഫലം നിർണയിക്കപ്പെട്ടത്. ക്രൊയേഷ്യയ്ക്കായി കിക്ക് എടുത്ത 4 പേരും ലക്ഷ്യം കണ്ടപ്പോൾ ബ്രസീലിന് വേണ്ടി ആദ്യ കിക്ക് എടുത്ത റോഡ്രിഗോയും, 4ആം കിക്ക് എടുത്ത മാർക്ക്വീഞ്ഞോസും പെനൽറ്റികൾ പാഴാക്കുകയായിരുന്നു.

റോഡ്രിഗോയുടെ ആദ്യ കിക്ക് ഒരു കൃത്യമായ ഡൈവിലൂടെ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് തടുത്തിട്ടപ്പോൾ മാർക്ക്വീഞ്ഞോസിൻ്റെ കിക്ക് പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. അതോടെ ബ്രസീലിൻ്റെ പതനം പൂർത്തിയായി. രണ്ടിനെതിരെ നാല് പെനൽറ്റി ഗോളുകൾക്ക് ക്രൊയേഷ്യ വിജയം കൈപ്പിടിയിൽ ഒതുക്കി.

മത്സരത്തിൻ്റെ നിശ്ചിതസമയം ഗോൾ രഹിതമായാണ് അവസാനിച്ചത്. ആക്രമണത്തിൽ അല്പം മുമ്പിൽ ബ്രസീൽ തന്നെയായിരുന്നു. ലിവാകോവിച്ചിൻ്റെ തകർപ്പൻ സേവുകളാണ് ബ്രസീലിന് തിരിച്ചടിയായത്. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീട്ടിയ മത്സരത്തിൽ ആദ്യ ഹാഫിൻ്റെ അവസാന നിമിഷം നെയ്മറിൻ്റെ മിന്നും ഗോളിൽ ബ്രസീൽ മുന്നിലെത്തി.

പക്ക്വേറ്റയുടെ പാസ്സ് സ്വീകരിച്ച് പ്രതിരോധത്തെയും ഗോളിയേയും മറികടന്നാണ് താരം വലകുലുക്കിയത്. എന്നാൽ വിജയം പ്രതീക്ഷിച്ച ബ്രസീൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് എക്സ്ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ പെറ്റ്കോവിച്ചിലൂടെ ക്രൊയേഷ്യ ഒപ്പമെത്തി. ഓർസിച്ച് നൽകിയ ക്രോസിൽ നിന്നുമാണ് താരം ഗോൾ നേടിയത്. മാർക്ക്വീഞ്ഞോസിൻ്റെ ദേഹത്ത് തട്ടി പന്ത് ഡിഫ്ലെക്‌ട് ചെയ്തതിനാൽ അലിസണ് യാതൊരു അവസരവും ലഭിച്ചില്ല. ശേഷിച്ച സമയം ബ്രസീൽ ലീഡ് നേടുവാനായി പൊരുതിയെങ്കിലും എല്ലാം വിഫലമായി. തുടർന്നാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. സൂപ്പർതാരം നെയ്മർ ജൂനിയർ കിക്ക് എടുക്കാൻ വൈകിയതും ടീമിന് തിരിച്ചടിയായി. അവസാന കിക്കിനായാണ് താരം തയാറായത്. എന്നാൽ നാലാം കിക്ക് ആയപ്പോഴേക്കും മത്സരം തീരുമാനമാകുകയായിരുന്നു.

 

എന്തായാലും പ്രവചനങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള ഒരു മത്സരഫലമാണ് ഉണ്ടായിട്ടുള്ളത്. ലോകകപ്പ് നേടുവാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ട ടീം ആയിരുന്നു ബ്രസീൽ. ഷൂട്ടൗട്ടിന് തൊട്ടുമുമ്പ് വരെ ആ ഒരു പ്രതീക്ഷ ആരും കൈവിട്ടിരുന്നില്ല. എന്നാൽ അസാധ്യമായി ഒന്നുമില്ലെന്ന് ക്രൊയേഷ്യ തങ്ങളുടെ പോരാട്ടമികവിലൂടെ തെളിയിച്ചിരിക്കുകയാണ്. ബ്രസീലുമായി നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ഇതുവരെ ജയിച്ചിട്ടില്ലാതിരുന്ന ക്രൊയേഷ്യ ഇന്ന് വിജയിച്ചിരിക്കുന്നു. അതും നിർണായക മത്സരത്തിൽ. ഇതിലും മികച്ചൊരു പകരം ചോദിക്കൽ അസാധ്യം.

മത്സരത്തിലുടനീളം മിന്നും സേവുകളിലൂടെ കളം നിറഞ്ഞുനിന്ന ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ചാണ് ബ്രസീലിൻ്റെ വിധിയെഴുതിയത്. പെനൽറ്റി അടക്കം സേവ് ചെയ്യുവാൻ താരത്തിനായി. കൂടാതെ ഗോളെന്ന് ഉറപ്പിച്ച ഒന്നിലധികം ഷോട്ടുകളും. എന്തായാലും ഒരിക്കൽ കൂടി ക്രൊയേഷ്യയുടെ രക്ഷകനായി മാറുവാൻ താരത്തിന് കഴിഞ്ഞു. ഈയൊരു തകർപ്പൻ വിജയത്തോടെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയ ക്രൊയേഷ്യ അർജൻ്റീന-നെതർലൻഡ്സ് മത്സരത്തിലെ വിജയികളെയാകും ഇനി നേരിടുക.

കണ്ണീരോടെയാണ് നെയ്മറും സംഘവും കളം വിട്ടത്. എന്തായാലും ആറാം കിരീടം സ്വപ്നം കണ്ട ബ്രസീൽ ആരാധർക്ക് ഇനി അടുത്തൊരു വേൾഡ് കപ്പിനായി കാത്തിരിക്കാം.

Leave a comment