Foot Ball qatar worldcup Top News

ലിവാകോവിച്ച് രക്ഷകനായി; ഷൂട്ടൗട്ടിൽ ജപ്പാനെ വീഴ്ത്തി ക്രൊയേഷ്യ.!

December 5, 2022

author:

ലിവാകോവിച്ച് രക്ഷകനായി; ഷൂട്ടൗട്ടിൽ ജപ്പാനെ വീഴ്ത്തി ക്രൊയേഷ്യ.!

ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ട് പിറന്ന മത്സരത്തിൽ ജപ്പാനെ വീഴ്ത്തി ക്രൊയേഷ്യ. അൽ ജനൗബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയം ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി തുല്യനിലയിൽ പിരിയുകയായിരുന്നു. തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് മത്സരം നീട്ടിയെങ്കിലും അവിടെയും ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തി. ജപ്പാന് വേണ്ടി കിക്ക് എടുത്ത മിനാമിനോ, മിറ്റോമ, യോഷിദ തുടങ്ങിയവരുടെ പെനൽറ്റികൾ ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാകോവിച്ച് കൃത്യമായ ഡൈവിങ്ങിലൂടെ തടുത്തിടുകയായിരുന്നു.

അസാനോ മാത്രമാണ് ജപ്പാന് വേണ്ടി പെനൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. ക്രൊയേഷ്യയുടെ ലിവാജ എടുത്ത കിക്ക് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും വ്ലാസിച്ച്, ബ്രൊസോവിച്ച്, പസാലിച്ച് തുടങ്ങിയവർ ലക്ഷ്യം കണ്ടതോടെ ഷൂട്ടൗട്ട് 3-1 എന്ന നിലയിൽ ക്രൊയേഷ്യ സ്വന്തമാക്കുകയായിരുന്നു. ജർമനി, സ്പെയിൻ തുടങ്ങിയ വമ്പന്മാരെ കീഴടക്കിയെത്തിയ ജപ്പാൻ ക്രൊയേഷ്യക്കെതിരെയും തകർപ്പൻ പ്രകടനം തന്നെയാണ് പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ലീഡ് നേടിയതും ജപ്പാൻ തന്നെയായിരുന്നു.

ആദ്യ പകുതിയുടെ അവസാന നിമിഷം കോർണറിൽ നിന്നും ഉടലെടുത്ത കൂട്ടപ്പൊരിച്ചിലിനൊടുവിൽ യോഷിദയുടെ പാസിൽ നിന്നും ഡൈസാൻ മയെദയാണ് സ്കോർ ചെയ്തത്. അതോടെ ആദ്യ പകുതി 1-0 എന്ന നിലയിൽ അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ 55ആം മിനിറ്റിൽ തന്നെ ക്രൊയേഷ്യ ഗോൾ മടക്കി. ലോവ്റൻ ബോക്സിലേക്ക് നീട്ടിനൽകിയ മനോഹരമായൊരു ക്രോസ് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ പെരിസിച്ച് വലയിലാക്കുകയായിരുന്നു.

ശേഷിച്ച സമയം ഇരുടീമുകളും നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോൾ ആയി മാറാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കൂടുതൽ ഷോട്ടുകൾ ഉത്തിർത്തതും കൂടുതൽ സമയം പന്ത് കൈവശം വെച്ചതും ക്രൊയേഷ്യ ആയിരുന്നെങ്കിൽ പോലും മൂർച്ചയുള്ള ആക്രമണം ജപ്പാൻ്റേത് തന്നെയായിരുന്നു. പല തവണ അവർ ഗോൾ നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും നിർഭാഗ്യവശാൽ അതൊന്നും ഗോളായി മാറിയില്ല.

മത്സരം പരാജയപ്പെട്ടെങ്കിലും മുൻ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ വിറപ്പിച്ചതിൻ്റെ പകിട്ടോടെ അവർക്ക് തലയുയർത്തി മടങ്ങാം.

ഈയൊരു വിജയത്തോടെ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു. ബ്രസീൽ-സൗത്ത് കൊറിയ മത്സരത്തിലെ വിജയികളെയാകും ക്രൊയേഷ്യക്ക് ക്വാർട്ടറിൽ നേരിടേണ്ടി വരിക. മത്സരത്തിലുടനീളം മിന്നും സേവുകളിലൂടെ കളംനിറയുകയും ജപ്പാൻ്റെ 3 പെനൽറ്റി കിക്കുകൾ തടുത്തിടുകയും ചെയ്ത ലിവാകോവിച്ച് തന്നെയാണ് കളിയിലെ താരം.

 

Leave a comment