Foot Ball qatar worldcup Top News

പറങ്കിപ്പടയെ മുട്ടുകുത്തിച്ച് സൗത്ത് കൊറിയ പ്രീക്വാർട്ടറിൽ.!

December 2, 2022

author:

പറങ്കിപ്പടയെ മുട്ടുകുത്തിച്ച് സൗത്ത് കൊറിയ പ്രീക്വാർട്ടറിൽ.!

ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ പോർച്ചുഗലിനെ തകർത്ത് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടി സൗത്ത് കൊറിയ. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കൊറിയൻ പടയുടെ വിജയം. മത്സരത്തിൻ്റെ 5ആം മിനിറ്റിൽ ഒന്ന് നിലയുറപ്പിക്കും മുമ്പുതന്നെ സൗത്ത് കൊറിയൻ വലയിൽ പോർച്ചുഗൽ പന്തെത്തിച്ചു. ഡിയേഗോ ഡാലോട്ടിൻ്റെ പാസിൽ നിന്നും റിക്കാർഡോ ഹോർട്ടയാണ് പോർച്ചുഗലിനായി വലകുലുക്കിയത്.

തുടർന്ന് പുരോഗമിച്ച മത്സരത്തിൽ 27ആം മിനിറ്റിൽ യങ് കിമ്മിൻ്റെ ഗോളിൽ സൗത്ത് കൊറിയ ഒപ്പമെത്തി. കൊറിയയുടെ കോർണർ ക്ലിയർ ചെയ്യുന്നതിൽ റൊണാൾഡോ പരാജയപ്പെടുകയായിരുന്നു. അവസരം മുതലെടുത്ത കിം പോസ്റ്റിന് തൊട്ടുമുമ്പിൽ നിന്നും പന്ത് വലയിലേക്ക് തട്ടിയിട്ടു. സ്കോർ 1-1. ശേഷിച്ച സമയം ഇരുടീമുകൾക്കും ലീഡ് നേടുവാൻ അവസരങ്ങൾ ലഭിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. ഒടുവിൽ 1-1 എന്ന നിലയിൽ തന്നെ ആദ്യ പകുതി അവസാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ലീഡ് നേടുവാൻ ഉറച്ച് തന്നെയാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. എന്നാൽ സൃഷ്ടിച്ച അവസരങ്ങൾ ഒന്നും തന്നെ ഗോളാക്കി മാറ്റുവാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൻ്റെ ആദ്യ മിനിറ്റിൽ പോർച്ചുഗലിൻ്റെ ഹൃദയം പിളർന്നുകൊണ്ട് സൗത്ത് കൊറിയ വിജയഗോൾ നേടുകയായിരുന്നു.

പോർച്ചുഗൽ ആക്രമണത്തിൽ നിന്നും പിടിച്ചെടുത്ത പന്തുമായി ഒരു കൗണ്ടർ അറ്റാക്കിനായി സൺ ഹ്യുംങ് മിൻ മുന്നേറി. ഡാലോട്ടിൻ്റെ കാലുകൾക്കിടയിലൂടെ സൺ നൽകിയ പാസ് സബ് ആയി കളത്തിലിറങ്ങിയ ഹ്വാങ് ഹീ-ചാൻ ഒരു മികച്ച ഫിനിഷിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. ലോകമെമ്പാടുമുള്ള പോർച്ചുഗീസ് ആരാധകർ തലയിൽ കൈവെച്ചുപോയ നിമിഷം. അതെ വീണ്ടുമൊരു അട്ടിമറി കൂടി ഖത്തറിൽ സംഭവിച്ചിരിക്കുന്നു. അങ്ങനെ നിശ്ചിത സമയം 2-1 എന്ന നിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 4 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായിക്കൊണ്ട് സൗത്ത് കൊറിയ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഘാനയെ കീഴടക്കിയ ഉറുഗ്വായും പോയിൻ്റിൻ്റെ കാര്യത്തിലും, ഗോൾ വ്യത്യാസത്തിൻ്റെ കാര്യത്തിലുമെല്ലാം കൊറിയയ്ക്കൊപ്പം ആയിരുന്നെങ്കിലും അവർ കൂടുതൽ മഞ്ഞകാർഡുകൾ വഴങ്ങിയതിനാൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

കണ്ണീർ അണിഞ്ഞാണ് സൗത്ത് കൊറിയൻ താരങ്ങളും ആരാധകരും ഈയൊരു വിക്ടറിയിൽ സന്തോഷം പ്രകടിപ്പിച്ചത്. തോൽവി വഴങ്ങിയെങ്കിലും 6 പോയിൻ്റുമായി ഒന്നാം സ്ഥാനക്കാരായി തന്നെ പോർച്ചുഗൽ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു.

Leave a comment