Foot Ball qatar worldcup Top News

അവസാന റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ ഇന്ന് കാമറൂണിനെതിരെ.!

December 2, 2022

author:

അവസാന റൗണ്ട് പോരാട്ടത്തിൽ ബ്രസീൽ ഇന്ന് കാമറൂണിനെതിരെ.!

ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ അവസാന റൗണ്ട് പോരാട്ടത്തിനായി കാനറിപ്പട ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന മത്സരത്തിൽ കാമറൂൺ ആണ് ബ്രസീലിൻ്റെ എതിരാളികൾ. നിലവിൽ കളിച്ച 2 മത്സരങ്ങളും വിജയിച്ചുകൊണ്ട് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ ഉള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരഫലം എന്തായാലും അവരുടെ നോക്കൗട്ട് പ്രവേശനത്തിന് വെല്ലുവിളിയാകില്ല. എന്നിരുന്നാലും മൂന്നിൽ മൂന്നും വിജയിച്ചുകൊണ്ട് പൂർണ ആധിപത്യത്തോടെ നോക്കൗട്ടിലേക്ക് പ്രവേശിക്കുവാനാകും ടിറ്റെയുടെയും സംഘത്തിൻ്റെയും ശ്രമം. കാമറൂണിനോട് പരാജയപ്പെടുകയും, സ്വിറ്റ്സർലൻഡ് സെർബിയയെ തകർക്കുകയും ചെയ്താൽ മാത്രമേ ബ്രസീലിൻ്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി ഉണ്ടാകുകയുള്ളൂ.

അല്ലാത്തപക്ഷം അവർ ഒന്നാംസ്ഥാനക്കാർ ആയിത്തന്നെ ഗ്രൂപ്പ് ഘട്ടം പിന്നിടും. നിലവിൽ ഒരു ഗോൾപോലും വഴങ്ങാതെയാണ് ബ്രസീലിൻ്റെ വരവ്. കൂടാതെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഒരു ഓൺ ടാർഗറ്റ് ഷോട്ടു പോലും എതിരാളികളെ കൊണ്ട് അവർ അടിപ്പിച്ചിട്ടില്ല. ഈ കണക്കുകൾ തന്നെയാണ് കാമറൂണിനെ ഭയപ്പെടുത്തുന്നത്. പരിക്കേറ്റ് പുറത്തിരിക്കുന്ന നെയ്മർ ജൂനിയർ ഇന്നത്തെ മത്സരത്തിലും കളിക്കില്ല. കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമിൽ നിന്നും ഏതാനും ചില മാറ്റങ്ങൾ ടിറ്റെ ആദ്യ ഇലവനിൽ വരുത്തിയേക്കും. മറുവശത്ത്, വിജയിച്ചെങ്കിൽ മാത്രമേ കാമറൂണിന് നോക്കൗട്ട് പ്രതീക്ഷകൾ ബാക്കിയുണ്ടാകുകയുള്ളൂ. വിജയിച്ചാലും സെർബിയ-സ്വിറ്റ്സർലൻഡ് മത്സരഫലത്തെ ആശ്രയിച്ചാകും കാമറൂണിൻ്റെ ഭാവി നിർണയിക്കപ്പെടുക.

ബയേൺ താരം ചോപ്പോ മോട്ടിങ്, ടോക്കോ ഇക്കാമ്പി, എമ്പ്യൂമോ തുടങ്ങിയ മുന്നേറ്റനിര താരങ്ങളിലാണ് ആഫ്രിക്കൻ ടീമിൻ്റെ വിശ്വാസം. എന്തായാലും, അപരാജിതരായിക്കൊണ്ട് കാനറിപ്പട ഗ്രൂപ്പ്ഘട്ടം പിന്നിടുമോ, അതോ ഒരു അട്ടിമറിയിലൂടെ കാമറൂൺ പ്രീക്വാർട്ടർ സ്വപ്നം പൂവണിയിക്കുമോ എന്നെല്ലാം നമുക്ക് കാത്തിരുന്നു കാണാം.

Leave a comment