Foot Ball qatar worldcup Top News

നോക്കൗട്ട് ഉറപ്പിക്കാൻ ഘാന; ജീവന്മരണ പോരാട്ടത്തിനായി ഉറുഗ്വായ്.!

December 2, 2022

author:

നോക്കൗട്ട് ഉറപ്പിക്കാൻ ഘാന; ജീവന്മരണ പോരാട്ടത്തിനായി ഉറുഗ്വായ്.!

ലോകകപ്പിലെ അവസാന റൗണ്ട് പോരാട്ടത്തിൽ ഗ്രൂപ്പ് എച്ചിൽ ഇന്ന് അതിവാശിയേറിയൊരു പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 8.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഉറുഗ്വായ് ഘാനയെ നേരിടും. സൗത്ത് കൊറിയ പോർച്ചുഗലിനോട് തോൽക്കുകയോ, സമനില വഴങ്ങുകയോ ചെയ്താൽ കേവലം ഈയൊരു മത്സരം സമനില പിടിച്ചാൽ മാത്രം മതിയാകും ഘാനയ്ക്ക് പ്രീക്വാർട്ടറിൽ പ്രവേശിക്കുവാൻ. അതേസമയം, ഇന്ന് ഉറുഗ്വായെ രണ്ടിലധികം ഗോളുകൾക്ക് പരാജയപ്പെടുത്തുകയും, പോർച്ചുഗൽ സൗത്ത് കൊറിയയോട് തോൽക്കുകയും ചെയ്താൽ ഗോൾവ്യത്യാസത്തിൽ പോർച്ചുഗലിനെ മറികടന്നുകൊണ്ട് ഘാനയ്ക്ക് ഒന്നാം സ്ഥാനക്കാർ ആകുവാൻ സാധിക്കും.

എന്നാൽ അതിനെല്ലാം സാധ്യതകൾ വളരെ കുറവാണ്. മറുവശത്ത്, ഒരു ജീവന്മരണ പോരാട്ടത്തിനാണ് ഉറുഗ്വായ് കളത്തിലിറങ്ങുന്നത്. വിജയം മാത്രമാണ് അവരുടെ ലക്ഷ്യം. തോൽവിയോ പരാജയമോ അവരുടെ പുറത്തേക്കുള്ള വഴി തെളിക്കും. അതുകൊണ്ടുതന്നെ അവരിന്നു സർവ്വശക്തിയും പുറത്തെടുത്തു പൊരാടാനാണ് സാധ്യത. നിലവിൽ 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റുമായി ഘാന 2ആം സ്ഥാനത്തും, കേവലം ഒരു പോയിൻ്റുമായി ഉറുഗ്വായ് അവസാന സ്ഥാനത്തുമാണ്. ഇന്ന് ഘാനയെ തകർത്തുകൊണ്ട് നോക്കൗട്ടിൽ കടക്കാൻ കഴിഞ്ഞാൽ ഉറുഗ്വായെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച തിരിച്ചുവരവ് തന്നെയായിരിക്കും. ആതേസമയം ഘാന ഉറുഗ്വായെ കീഴടക്കിയാലും അത്ഭുതപ്പെടാനില്ല.

കൂടാതെ പഴയൊരു കണക്ക് കൂടി ഘാനയ്ക്ക് തീർക്കാൻ ഉണ്ട്.

2010ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഉറുഗ്വായോട് തോറ്റ് ആണ് ഘാന പുറത്തായത്. അന്ന് എക്സ്ട്രാ ടൈമിൻ്റെ അവസാന നിമിഷം ഘാനയുടെ ഗോൾ എന്നുറച്ച ഷോട്ട് ലൂയിസ് സുവാരസ് കൈകൊണ്ട് തടുത്തിട്ടിരുന്നു. പിന്നാലെ റെഡ് കാർഡ് കണ്ട് താരം പുറത്താകുകയും, ഘാനയ്ക്ക് പെനൽറ്റി ലഭിക്കുകയും ചെയ്തു. എന്നാൽ കിക്ക് എടുത്ത അസമാവോ ഗ്യാൻ അത് പാഴാക്കുകയായിരുന്നു. തുടർന്ന് പെനൽറ്റി ഷൂട്ടൗട്ടിൽ ഘാന ഉറുഗ്വായോട് പരാജയപ്പെടുകയും ചെയ്തു. അന്നത്തെ നൊമ്പരപ്പെടുത്തുന്ന ഓർമകൾക്ക് ഇന്ന് ഖത്തറിൻ്റെ മണ്ണിൽ ഉറുഗ്വായോട് പകരം ചോദിക്കാൻ ഘാന ഇറങ്ങുമ്പോൾ തീപാറുന്നൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

Leave a comment