Foot Ball qatar worldcup Top News

അവസരങ്ങൾ തുലച്ചു; ക്രൊയേഷ്യയോട് സമനില വഴങ്ങി ബെൽജിയം പുറത്ത്.!

December 1, 2022

author:

അവസരങ്ങൾ തുലച്ചു; ക്രൊയേഷ്യയോട് സമനില വഴങ്ങി ബെൽജിയം പുറത്ത്.!

ഗ്രൂപ്പ് എഫിൽ നടന്ന പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ക്രൊയേഷ്യക്കെതിരെ ഗോൾരഹിത സമനില വഴങ്ങിക്കൊണ്ട് ബെൽജിയം ലോകകപ്പിൽ നിന്നും പുറത്തായി. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വലിയ മുന്നേറ്റങ്ങൾ ഒന്നുംതന്നെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ക്രൊയേഷ്യ 6ഉം ബെൽജിയം 5ഉം ഷോട്ടുകൾ വീതം ഉത്തിർത്തെങ്കിലും അതിൽ ഒന്നുപോലും ലക്ഷ്യസ്ഥാനത്തേക്ക് അടിക്കുവാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. പരസ്പരം ഗോൾ അടുപ്പിക്കാതിരിക്കാനാണ് ഇരുവരും ശ്രമിച്ചത്. സൂപ്പർ താരം ഹസാർഡ്, ലുക്കാകു തുടങ്ങിയവരെ ബെഞ്ചിൽ ഇരുത്തിക്കൊണ്ടാണ് മാർട്ടിനെസ് ടീമിനെ ഇറക്കിയത്. ട്രോസ്സാർഡും, മെർട്ടൻസുമായിരുന്നു പകരം കളത്തിലിറങ്ങിയത്.

 

 

അങ്ങനെ ആദ്യ പകുതി വിരസമായി 0-0 എന്ന നിലയിൽ പിരിഞ്ഞു. തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ നേടണമെന്ന ലക്ഷ്യത്തോടെയാണ് രണ്ട് ടീമുകളും കളത്തിലേക്ക് ഇറങ്ങിയത്. എന്നാൽ രണ്ടാം പകുതിയിലും ഗോൾ പിറക്കാതെ വന്നതോടെ മത്സരം ഗോൾരഹിത സമനില ആകുകയായിരുന്നു. പലവട്ടം ബെൽജിയം ഗോളിന് അടുത്തെത്തിയെങ്കിലും ലഭിച്ച അവസരങ്ങൾ എല്ലാം തന്നെ തുലച്ചുവെന്ന് വേണം പറയാൻ. സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങിയ ലുക്കാക്കുവിന് പോസ്റ്റിന് മുന്നിൽ ലഭിച്ച സുവർണാവസരം നഷ്ടപ്പെടുന്നത് തലയിൽ കൈവെച്ചാണ് ആരാധകർ കണ്ടുനിന്നത്.

ഇതുകൂടാതെ വേറെയും അവസരങ്ങൾ അവർക്ക് ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റുവാൻ അവർക്ക് കഴിഞ്ഞില്ല. ക്രൊയേഷ്യൻ പ്രതിരോധത്തിലെ ഗ്വാർഡിയോളിൻ്റെ മിന്നും പ്രകടനവും ബെൽജിയത്തിന് തിരിച്ചടിയായി. അതേസമയം വിജയഗോൾ നേടുവാനുള്ള അവസരങ്ങൾ ക്രൊയേഷ്യയ്ക്കും ലഭിച്ചിരുന്നെങ്കിലും അവയൊന്നും ഗോളിലേക്ക് വഴിതിരിച്ചുവിടുവാൻ അവർക്കും കഴിഞ്ഞില്ല.

ഈയൊരു സമനിലയോടെ ബെൽജിയം 4 പോയിൻ്റുമായി ടേബിളിൽ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതോടെ ലോകകപ്പിലെ കിരീട ഫേവറേറ്റ്‌സുകളായി വന്ന ബെൽജിയത്തിൻ്റെ സുവർണ തലമുറ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.

കണ്ണീരോടെയാണ് ആരാധകരും താരങ്ങളും മൈതാനം വിട്ടത്. വിജയം സ്വന്തമാക്കിയ ക്രൊയേഷ്യ 3 മത്സരങ്ങളിൽ നിന്നും 5 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായിക്കൊണ്ട് പ്രീക്വാർട്ടർ പ്രവേശനം നേടി. ഇ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരുമായിട്ടാകും ക്രൊയേഷ്യ നോക്കൗട്ടിൽ ഏറ്റുമുട്ടുക.

Leave a comment