Foot Ball qatar worldcup Top News

മൂന്നിൽ മൂന്നും നേടാൻ ഫ്രാൻസ്; അവസാന പ്രതീക്ഷയുമായി ടുണീഷ്യ.!

November 30, 2022

author:

മൂന്നിൽ മൂന്നും നേടാൻ ഫ്രാൻസ്; അവസാന പ്രതീക്ഷയുമായി ടുണീഷ്യ.!

ലോകകപ്പിലെ ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ഫ്രാൻസ് ഇന്ന് ടുണീഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. കളിച്ച 2 മത്സരങ്ങളും വിജയിച്ച ഫ്രാൻസ് നോക്കൗട്ട് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ മൂന്നിൽ മൂന്നും വിജയിച്ചുകൊണ്ട് ഒരു അപരാജിത കുതിപ്പ് നടത്തുവാനാകും ദെഷാംപ്സും സംഘവും ശ്രമിക്കുക.

അതേസമയം നേരിയ സാധ്യതകൾ മാത്രമാണ് നിലവിൽ ടുണീഷ്യയ്ക്ക് അവശേഷിക്കുന്നത്. കേവലം ഒരു പോയിൻ്റ് മാത്രമായി അവർ അവസാന സ്ഥാനത്താണ് ഉള്ളത്. ഇന്ന് ഫ്രാൻസിനെ പരാജയപ്പെടുത്തിയാൽ മാത്രമാണ് അവർക്ക് പ്രീക്വാർട്ടറിലേക്ക് ചെറിയൊരു പ്രതീക്ഷയെങ്കിലും ഉണ്ടാകുകയുള്ളൂ. അതായത്, ഫ്രാൻസിനെ ടുണീഷ്യ 2 ഗോളിന് പരാജയപ്പെടുത്തുകയും ഒപ്പം ഡെന്മാർക്ക്-ഓസ്ട്രേലിയ മത്സരം സമനില ആകുകയും ചെയ്താൽ ടുണീഷ്യയ്ക്ക് നോക്കൗട്ടിലേക്ക് യോഗ്യത നേടുവാൻ കഴിയും. അല്ലെങ്കിൽ, ഡെന്മാർക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തുകയും അതിനേക്കാൾ ഒരു ഗോൾ കൂടുതൽ അടിച്ചുകൊണ്ട് ടുണീഷ്യ ഫ്രാൻസിനെ പരാജയപ്പെടുത്തുകയും ചെയ്താലും അവർക്ക് നോക്കൗട്ടിലേക്ക് കടക്കുവാൻ കഴിയും. ഇതെല്ലാം സംഭവിക്കാൻ വളരെ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ നേരിയ പ്രതീക്ഷകൾ മാത്രമാണ് ടുണീഷ്യയ്ക്കുള്ളത്.

ഓസ്ട്രേലിയയേയും, ഡെന്മാർക്കിനെയും അനായാസം കീഴടക്കി വരുന്ന ഫ്രഞ്ച് ടീമിന് ടുണീഷ്യ വലിയ എതിരാളികൾ അല്ല. നിലവിലുള്ള അവരുടെ ഫോം പരിഗണിച്ചാൽ ഇന്ന് ഒരു ഗോൾമഴ തന്നെ പെയ്യുവാനാണ് സാധ്യതകൾ. എന്തുതന്നെയായാലും മികച്ചൊരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം. തങ്ങളുടെ ഒന്നാം സ്ഥാനത്തിന് വലിയ ഭീഷണികൾ ഇല്ലാത്തത് കൊണ്ടുതന്നെ ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരഫലത്തിന് വലിയ പ്രസക്തിയില്ല. ഒരുപക്ഷേ കഴിഞ്ഞ 2 മത്സരങ്ങളിൽ ബെഞ്ചിൽ ഇരുന്ന ചില താരങ്ങൾക്ക് ഇന്ന് ദെഷാംപ്സ് ആദ്യ ഇലവനിൽ അവസരം നൽകിയേക്കും. ഇന്ന് ഈയൊരു മത്സരം നിയന്ത്രിക്കാൻ ഫോർത്ത് ഒഫീഷ്യൽ ആയി സാലിമ മുകൻസംഗയാകും ഉണ്ടാവുക.

ലോകകപ്പ് ഒഫീഷ്യേറ്റ് ചെയ്യുന്ന ആഫ്രിക്കയിൽ നിന്നുള്ള ആദ്യ വനിതാറഫറി എന്ന നേട്ടം സ്വന്തമാക്കാൻ ഈയൊരു മത്സരത്തോടെ സാലിമയ്ക്ക് കഴിയും. എന്തായാലും നമുക്ക് കാത്തിരുന്നുകാണാം.

Leave a comment