Foot Ball qatar worldcup Top News

വെയിൽസിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്.!

November 30, 2022

author:

വെയിൽസിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട്.!

ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ വെയിൽസിനെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലീഷ്പട വിജയം സ്വന്തമാക്കിയത്. യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡിൻ്റെ ഇരട്ടഗോൾ മികവിലായിരുന്നു ഈയൊരു തിളക്കമാർന്ന വിജയം. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മുഴുവൻ ഗോളുകളും പിറക്കുന്നത്. മത്സരത്തിൻ്റെ 50ആം മിനിറ്റിൽ 20യാർഡ് അകലെ നിന്നും ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് എടുത്തത് റാഷ്ഫോർഡ്. താരത്തിൻ്റെ ബുള്ളറ്റ് കിക്ക് വെയിൽസ് ഗോൾകീപ്പറിന് ഒരവസരം പോലും നൽകാതെ പോസ്റ്റിൻ്റെ ഇടത് മൂലയിലേക്ക് പാഞ്ഞുകയറി.

സ്കോർ 1-0. തുടർന്ന് പുരോഗമിച്ച മത്സരത്തിൽ തൊട്ടടുത്ത മിനിറ്റിൽ തന്നെ ഇംഗ്ലണ്ട് അടുത്ത വെടിയും പൊട്ടിച്ചു. വെയിൽസ് പ്രതിരോധത്തിൽ നിന്നും തട്ടിയെടുത്ത ബോൾ കെയ്ൻ ഒരു ക്രോസിലൂടെ ഫിൽ ഫോഡനിലേക്ക് മറിച്ചു. താരത്തിൻ്റെ ഫസ്റ്റ്ടൈം ഷോട്ട് വാർഡിനെ മറികടന്ന് വലയിൽ. അങ്ങനെ 2 മിനിറ്റിൽ 2 ഗോൾ വഴങ്ങിക്കൊണ്ട് വെയിൽസ് പ്രതിസന്ധിയിലായി. പിന്നീട് നിരന്തരം ആക്രമണം തുടർന്ന ഇംഗ്ലണ്ട് 68ആം മിനിറ്റിൽ മൂന്നാം ഗോളും സ്വന്തമാക്കി. കാൽവിൻ ഫിലിപ്സിൻ്റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് ഓടിക്കയറിയ റാഷ്ഫോർഡ് 2 പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഒരു മികച്ച ഇടംകാലൻ ഷോട്ടിലൂടെ പന്ത് ഗോളാക്കി മാറ്റി.

സ്കോർ 3-0. ശേഷിച്ച സമയവും കൂടുതൽ ഗോളവസരങ്ങൾ ഇംഗ്ലണ്ട് മത്സരത്തിൽ തുറന്നെടുത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ മൂലം അവർക്ക് അവർക്ക് ഗോൾ നേടുവാൻ കഴിയാതെ പോകുകയായിരുന്നു. ആദ്യ പകുതിയിലും ഒരുപാട് ആവസരങ്ങൾ ലഭിച്ചതാണ്. റാഷ്ഫോഡിന് മത്സരത്തിൽ ഹാട്രിക് എങ്കിലും നേടാൻ കഴിയുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ താരത്തിന് അതിന് കഴിഞ്ഞില്ല. ഒടുവിൽ മത്സരം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ 3 മത്സരങ്ങളിൽ നിന്നും 7 പോയിൻ്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായിക്കൊണ്ട് ഇംഗ്ലണ്ട് പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു.

ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാർ ആയ സെനഗലിനെയാണ് അവർക്ക് പ്രീക്വാർട്ടറിൽ നേരിടേണ്ടി വരിക. അതേസമയം, തോൽവി ഏറ്റുവാങ്ങിയ വെയിൽസ് പ്രീക്വാർട്ടർ യോഗ്യത നേടുവാൻ ആകാതെ പുറത്തായി. 3 മത്സരങ്ങളിൽ നിന്നും കേവലം ഒരു പോയിൻ്റ് മാത്രമായി അവസാന സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്.

Leave a comment