Foot Ball qatar worldcup Top News

ഇക്വഡോറിനെ കീഴടക്കിക്കൊണ്ട് പ്രീക്വാർട്ടർ യോഗ്യത നേടി സെനഗൽ.!

November 29, 2022

author:

ഇക്വഡോറിനെ കീഴടക്കിക്കൊണ്ട് പ്രീക്വാർട്ടർ യോഗ്യത നേടി സെനഗൽ.!

ലോകകപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന പ്രീക്വാർട്ടർ നിർണയ പോരാട്ടത്തിൽ ലാറ്റിൻ അമേരിക്കൻ ടീമായ ഇക്വഡോറിനെതിരെ ആഫ്രിക്കൻ വമ്പന്മാരായ സെനഗലിനു വിജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സെനഗൽ വിജയക്കൊടി പാറിച്ചത്. അൽ റയ്യാനിലെ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ കൂടുതൽ ആക്രമിച്ചു കളിച്ചത് ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗൽ തന്നെയായിരുന്നു. എന്നാൽ സൃഷ്ടിച്ച അവസരങ്ങൾ ഒന്നും തന്നെ ലക്ഷ്യത്തിലേക്ക് അടിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ 44ആം മിനിറ്റിൽ ഇസ്മയില സാറിനെ ഇക്വഡോർ സെൻ്റർബാക്ക് താരം ഹിൻക്യാപ്പി ബോക്സിൽ ഫൗൾ ചെയ്തതിന് സെനഗലിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്ക് എടുത്ത സാറിന് ലക്ഷ്യം തെറ്റിയില്ല. സ്കോർ 1-0.

അതോടെ ആദ്യ പകുതിക്ക് വിരാമമായി. ആക്രമിച്ചു കളിക്കുന്നതിന് പകരമായി ആദ്യ പകുതിയിൽ പ്രതിരോധിക്കുന്നതിന് ആണ് ഇക്വഡോർ കൂടുതൽ ശ്രദ്ധ നൽകിയത്. അത് ഒടുവിൽ അവർക്ക് തിരിച്ചടിയാകുകയായിരുന്നു. തുടർന്ന് രണ്ടാംപകുതിയിൽ ഗോൾ മടക്കുവാൻ ഉറച്ചാണ് ഇക്വഡോർ കളത്തിലിറങ്ങിയത്. അതിനായുള്ള പരിശ്രമങ്ങൾക്കൊടുവിൽ 67ആം മിനിറ്റിൽ മോയിസസ് കയിസെദോ ഇക്വഡോറിനായി ഗോൾ മടക്കി. പ്രതിരോധതാരം ഫെലിക്സ് ടോറസ് ആയിരുന്നു ഈയൊരു ഗോളിന് പങ്കാളിയായത്. ഒപ്പമെത്തിയതിൽ ഇക്വഡോർ ആശ്വസിച്ചിരിക്കെ സെനഗൽ മത്സരത്തിൽ വീണ്ടും ലീഡ് നേടി. ഇത്തവണ ക്യാപ്റ്റൻ കൊളിബാലി ആയിരുന്നു സെനഗലിൻ്റെ ഹീറോ ആയത്. 70ആം മിനിറ്റിൽ ഗാന ഗുയെ എടുത്ത മികച്ചൊരു ഫ്രീകിക്ക് ഇക്വഡോർ ഡിഫൻഡർ ടോറസിൻ്റെ ഷോൾഡറിൽ തട്ടി കൊളിബാലിയുടെ നേർക്കാണ് വന്നത്. താരത്തിൻ്റെ തകർപ്പനൊരു വോളി ഗാലിൻഡെസിനെ മറികടന്ന് വലയിൽ. സ്കോർ 2-1.

പിന്നീട് ഉള്ള സമയം ഒപ്പമെത്താനായി ഇക്വഡോർ കിണഞ്ഞു പരിശ്രമിച്ചെങ്കിലും സെനഗൽ അതിന് അനുവദിച്ചില്ല. കോളിബാലിയുടെ നേതൃത്വത്തിലുള്ള മികച്ച പ്രതിരോധവും ഗോൾകീപ്പർ എഡ്വേർഡ് മെൻ്റിയുടെ മിന്നും പ്രകടനവും ഇക്വഡോറിനെ ഗോൾ മടക്കുന്നതിൽ നിന്നും അകറ്റി നിർത്തി. ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആഫ്രിക്കൻ പുലികളായ സെനഗൽ വിജയം സ്വന്തമാക്കുകയായിരുന്നു. ഈയൊരു വിജയത്തോടെ ഇക്വഡോറിനെ പിന്തള്ളിക്കൊണ്ട് പ്രീക്വാർട്ടർ യോഗ്യത സ്വന്തമാക്കാനും അവർക്ക് സാധിച്ചു. 3 മത്സരങ്ങളിൽ നിന്നും 6 പോയിൻ്റുമായി ടേബിളിൽ രണ്ടാം സ്ഥാനക്കാർ ആയാണ് സെനഗൽ യോഗ്യത നേടിയെടുത്തത്. അതേസമയം തോൽവി വഴങ്ങിയ ഇക്വഡോർ ഗ്രൂപ്പ് ഘട്ടം പിന്നിടാതെ പുറത്തായി.

3 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി 3ആം സ്ഥാനത്താണ് അവർ ഫിനിഷ് ചെയ്തത്. കയ്യെത്തും ദൂരത്ത് ആണ് അവർക്ക് പ്രീക്വാർട്ടർ യോഗ്യത നഷ്ടമായത്. മത്സരശേഷം ഇക്വഡോർ താരങ്ങൾ കണ്ണീർ പൊഴിച്ച് മൈതാനം വിട്ടത് കണ്ടുനിന്ന ആരാധകരെയും ഈറനണിയിച്ചു. ഇതോടെ ഖത്തർ, ഇക്വഡോർ ടീമുകൾ ലോകകപ്പിൽ നിന്നും പുറത്തായപ്പോൾ നെതർലൻഡ്സ്, സെനഗൽ ടീമുകൾ യഥാക്രമം എ ഗ്രൂപ്പിൽ നിന്നും പ്രീക്വാർട്ടർ യോഗ്യത സ്വന്തമാക്കി.

Leave a comment