Foot Ball qatar worldcup Top News

അടി.. തിരിച്ചടി.. ഒടുവിൽ കൊറിയയെ മുട്ടുകുത്തിച്ച് ഘാന.!

November 28, 2022

author:

അടി.. തിരിച്ചടി.. ഒടുവിൽ കൊറിയയെ മുട്ടുകുത്തിച്ച് ഘാന.!

ലോകകപ്പിലെ ഗ്രൂപ്പ് എച്ചിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ സൗത്ത് കൊറിയക്കെതിരെ ഘാനയ്ക്ക് തകർപ്പൻ വിജയം. എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അയാക്സ് താരം മൊഹമ്മദ് കുഡൂസിൻ്റെ ഇരട്ടഗോൾ മികവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഫ്രിക്കൻ പുലികൾ കൊറിയയുടെ പക്കൽ നിന്നും വിജയം പിടിച്ചെടുത്തത്. കൊറിയയുടെ രണ്ട് ഗോളുകളും നേടിയത് സംങ് ചോ ആയിരുന്നു. ആദ്യ പകുതിയിൽ 2 ഗോളിന് ലീഡ് നേടിയതിന് ശേഷമായിരുന്നു ഘാന 2 ഗോളുകളും വഴങ്ങിയത്. മത്സരത്തിൻ്റെ 24ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറക്കുന്നത്. മൊഹമ്മദ് സാലിസു ആയിരുന്നു ഘാനയ്ക്കായി ലക്ഷ്യം കണ്ടത്.

തുടർന്ന് 10 മിനിറ്റിനു ശേഷം അവർ ലീഡ് ഇരട്ടിപ്പിച്ചു. ജോർദാൻ അയൂവിൻ്റെ ക്രോസിൽ നിന്നും കുഡൂസാണ് സ്കോർ ചെയ്തത്. അങ്ങനെ 2-0 എന്ന നിലയിൽ ആദ്യ പകുതി അവസാനിപ്പിക്കാൻ ഘാനയ്ക്ക് സാധിച്ചു. ശേഷം രണ്ടാംപകുതിയിൽ ഗോൾ മടക്കുവാൻ ഉറച്ചാണ് സൗത്ത് കൊറിയ കളത്തിലിറങ്ങിയത്. അതിൻ്റെ ഫലമായി 58ആം മിനിറ്റിൽ അവർ ഒരു ഗോൾ മടക്കി. ലീയുടെ പാസിൽ നിന്നും ഒരു മനോഹരമായ ഡൈവിങ് ഹെഡ്ഡറിലൂടെ സങ്ങ് ചോയാണ് ഗോൾ നേടിയത്. 3 മിനിട്ടുകൾക്ക് ശേഷം ചോ തന്നെ കൊറിയക്കായി അടുത്ത വെടിയും പൊട്ടിച്ചു. കിം ആയിരുന്നു ഈയൊരു ഗോളിന് വഴിയൊരുക്കിയത്. അതോടെ മത്സരം 2-2 എന്ന നിലയിലായി.

പിന്നീട് വിജയഗോളിനായി ഇരുടീമുകളും ശ്രമങ്ങൾ തുടർന്നു. 7 മിനിറ്റുകൾക്ക് ശേഷം ഘാന അതിന് കുഡൂസിലൂടെ പരിഹാരം കണ്ടെത്തി. വില്യംസ് ആയിരുന്നു ഈയൊരു ഗോളിന് പങ്കാളിയായത്. സ്കോർ 3-2. ശേഷം വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരുവാനുള്ള സമയവും അവസരങ്ങളും കൊറിയയ്ക്ക് ലഭ്യമായിരുന്നെങ്കിലും ഘാന അതിന് അനുവദിച്ചില്ല. ഒടുവിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഘാന കൊറിയയുടെ പക്കൽ നിന്നും വിജയം പിടിച്ചെടുക്കുകയായിരുന്നു.

ഈയൊരു വിജയത്തോടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കാൻ ഘാനയ്ക്ക് സാധിച്ചു. 2 മത്സരങ്ങളിൽ നിന്നും 3 പോയിൻ്റുമായി അവർ 2ആം സ്ഥാനത്താണ്. തോൽവി വഴങ്ങിയ സൗത്ത് കൊറിയ കേവലം ഒരു പോയിൻ്റുമായി അവസാന സ്ഥാനത്താണ്. വരുന്ന മത്സരത്തിൽ പോർച്ചുഗലിനെ പരാജയപ്പെടുത്തിയെങ്കിൽ മാത്രമേ കൊറിയയ്ക്ക് പ്രീക്വാർട്ടർ സാധ്യത ഉണ്ടാകുകയുള്ളൂ.

Leave a comment