Foot Ball qatar worldcup Top News

ജർമനി പ്രീക്വാർട്ടറിൽ കടക്കുമോ.? സാധ്യതകൾ പരിശോധിക്കാം.!

November 28, 2022

author:

ജർമനി പ്രീക്വാർട്ടറിൽ കടക്കുമോ.? സാധ്യതകൾ പരിശോധിക്കാം.!

2014ലെ ബ്രസീൽ ലോകകപ്പിൽ കിരീടം നേടിയ ടീമാണ് ജർമനി. എന്നാൽ പിന്നീട് നടന്ന 2018ലെ റഷ്യൻ ലോകകപ്പിൽ അവർ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകുകയുണ്ടായി. ഇപ്പോഴിതാ 2022 ഖത്തർ ലോകകപ്പിലും സമാനമായ അവസ്ഥയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത്തവണ കിരീടം നേടുവാൻ സാധ്യതയുള്ള ടീമുകളുടെ കൂട്ടത്തിൽ പലരും വിലയിരുത്തിയ സംഘമാണ് ജർമനി. എന്നാലിപ്പോൾ അവർക്ക് പ്രീക്വാർട്ടർ കടക്കണമെങ്കിൽ ഗ്രൂപ്പിലെ മറ്റുടീമുകളുടെ മത്സരഫലത്തെ കൂടി ആശ്രയിക്കേണ്ട ഗതികേട് ആണ്. ന്യൂയർ, മുള്ളർ, ഗ്നാബ്രി, മുസിയാല, സനെ, കിമ്മിച്ച്, ഗുണ്ടോഗൻ, ഗൊറെട്സ്ക, റൂഡിഗർ തുടങ്ങിയ പ്രതിഭാസമ്പന്നരായ താരങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡ് ആയിരുന്നിട്ട് കൂടി ശരാശരിയിലും താഴ്ന്ന പ്രകടനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ഒരുപക്ഷേ നിർഭാഗ്യം കൊണ്ടാവാം. അല്ലെങ്കിൽ ജപ്പാനെതിരെ അവർക്ക് അങ്ങനൊരു തോൽവി വഴങ്ങേണ്ടി വരില്ലായിരുന്നു. ഒരുപരിധി വരെ ആ ഒരു തോൽവിയാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്. എന്തായാലും ഇനി പ്രീക്വാർട്ടർ എന്ന കടമ്പ കടക്കാൻ ജർമനിക്ക് സാഹചര്യങ്ങൾ കൂടി അനുകൂലമാകേണ്ടതുണ്ട്.

എന്തായാലും നമുക്ക് അവരുടെ സാധ്യതകൾ ഒന്ന് പരിശോധിക്കാം;

• വരുന്ന മത്സരത്തിൽ കോസ്റ്റാറിക്കയെ പരാജയപ്പെടുത്തണം. അല്ലാത്തപക്ഷം ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ടീം പുറത്താകും.
• ഒപ്പം സ്പെയിനും ജപ്പാനും തമ്മിൽ നടക്കുന്ന മത്സരത്തിൽ സ്പെയിൻ വിജയിക്കണം. അങ്ങനെ എങ്കിൽ ജർമനി രണ്ടാം സ്ഥാനക്കാർ ആയി പ്രീക്വാർട്ടറിൽ പ്രവേശിക്കും.
• അല്ലെങ്കിൽ സ്പെയിൻ-ജപ്പാൻ മത്സരം സമനിലയാകണം. അങ്ങനെ വന്നാൽ ഗോൾ വ്യത്യാസത്തിൽ മുന്നിൽ നിൽക്കുന്ന ടീമിന് പ്രീക്വാർട്ടറിൽ കടക്കുവാൻ കഴിയും. ജർമനി കോസ്റ്റാറിക്കയെ 2 ഗോളിന് കീഴടക്കിയാൽ ഗോൾ വ്യത്യാസത്തിൽ അവർക്ക് ജപ്പാനെ മറികടക്കാൻ കഴിയും.
• സ്പെയിനെ ജപ്പാൻ പരാജയപ്പെടുത്തിയാലോ, അല്ലെങ്കിൽ കോസ്റ്റാറിക്കയുമായുള്ള മത്സരത്തിൽ ജർമനിക്ക് വിജയിക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ ജർമനി പ്രീക്വാർട്ടർ കാണാതെ പുറത്താകും.

ഇതാണ് നിലവിൽ ജർമനിയുടെ പ്രീക്വാർട്ടർ സാധ്യതകൾ.

നിലവിൽ ഒരു സമനില മാത്രമായി ടേബിളിൽ അവസാന സ്ഥാനത്താണ് അവരുള്ളത്. അതുകൊണ്ടുതന്നെ കേവലം ഒരു വിജയം മാത്രം മതിയാകില്ല അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കുവാൻ. മുകളിൽ പറഞ്ഞിട്ടുള്ള പോലെ സാഹചര്യങ്ങൾ അനുകൂലമായെങ്കിൽ മാത്രമേ പ്രീക്വാർട്ടർ റൗണ്ടിൽ ജർമനിയെ നമുക്ക് കാണുവാൻ കഴിയൂ. അല്ലാത്തപക്ഷം കഴിഞ്ഞ ലോകകപ്പിലെ തനിയാവർത്തനം എന്നപോലെ അവർ ഇത്തവണയും ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകും. എന്തായാലും, എന്താകും സംഭവിക്കുക എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.

Leave a comment