Foot Ball qatar worldcup Top News

സ്പെയിനെതിരെ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ജർമനി.!

November 28, 2022

author:

സ്പെയിനെതിരെ പിന്നിൽ നിന്ന ശേഷം സമനില പിടിച്ചെടുത്ത് ജർമനി.!

ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ നടന്ന വമ്പന്മാർ തമ്മിലുള്ള അതിവാശിയേറിയ പോരാട്ടത്തിൽ ഇരുടീമുകളും നിശ്ചിത സമയം ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിഞ്ഞു. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആയിരുന്നു രണ്ട് ഗോളുകളും പിറന്നത്. 62ആം മിനിറ്റിൽ അൽവാരോ മൊറാറ്റയിലൂടെ സ്പെയിനാണ് ആദ്യം മുന്നിലെത്തിയത്. ജോർഡി ആൽബ നൽകിയ ക്രോസിൽ നിന്നുമാണ് മൊറാറ്റ സ്കോർ ചെയ്തത്. സ്കോർ 1-0.

തുടർന്ന് പുരോഗമിച്ച മത്സരത്തിൽ 83ആം മിനിറ്റിൽ ജർമനി തിരിച്ചടിച്ചു. ജമാൽ മുസിയാലയുടെ പാസ് സ്വീകരിച്ച് സബ് ആയി കളത്തിലിറങ്ങിയ ഫുൾക്രഗ് ആണ് വലകുലുക്കിയത്. അതോടെ മത്സരം ഒപ്പമായി. ശേഷിച്ച സമയം ഇരുടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും അതൊന്നും ഫലവത്തായില്ല. ഒടുവിൽ മത്സരം 1-1 ന് സമനിലയിൽ കലാശിക്കുകയായിരുന്നു.40ആം മിനിറ്റിൽ ജർമനി റൂഡിഗറിലൂടെ ഒരു ഗോൾ നേടിയിരുന്നെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡ് ആയി മാറി. കൂടുതൽ നേരവും പന്ത് കൈവശം വെച്ചത് സ്പെയിൻ ആയിരുന്നെങ്കിലും അല്പം കൂടുതൽ ആക്രമിച്ചത് ജർമനി ആയിരുന്നു. എന്നിരുന്നാലും സ്പെയിൻ ഒട്ടും പിറകിൽ ആയിരുന്നില്ല. മികച്ച പ്രകടനം തന്നെയാണ് എൻറിക്കെയുടെ സംഘം മത്സരത്തിൽ പുറത്തെടുത്തത്. കൂടുതൽ ഗോളുകൾ വീഴാനുള്ള അവസരങ്ങൾ ഇരുടീമുകൾക്കും ഉണ്ടായിരുന്നിട്ടും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഇരുവർക്കും സാധിച്ചില്ല.

 

ഈയൊരു സമനിലയോടെ 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി സ്പെയിൻ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 1 പോയിൻ്റ് മാത്രം കൈവശമുള്ള ജർമനി അവസാന സ്ഥാനത്താണ്. അവരുടെ പ്രീക്വാർട്ടർ സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ല. വരുന്ന മത്സരത്തിൽ സ്പെയിനോട് ജപ്പാൻ പരാജയപ്പെടുകയും, ജർമനി കോസ്റ്റാറിക്കയെ കീഴടക്കുകയും ചെയ്താൽ രണ്ടാം സ്ഥാനക്കാർ ആയികൊണ്ട് ഫ്ളിക്കിനും സംഘത്തിനും നോക്കൗട്ട് ഉറപ്പിക്കാം.

Leave a comment