Foot Ball qatar worldcup Top News

ഖത്തർ ലോകകപ്പിലെ ആദ്യ റെഡ് കാർഡും ഇങ്ങെത്തി

November 25, 2022

author:

ഖത്തർ ലോകകപ്പിലെ ആദ്യ റെഡ് കാർഡും ഇങ്ങെത്തി

ഖത്തര്‍ ലോകകപ്പിലെ ആദ്യ റെഡ് കാർഡിന് ഉടമയായി വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്‍സേ. വെയ്ല്‍സ് ഇറാന്‍ മത്സരത്തിലെ 84ാം മിനിറ്റില്‍ ഇറാന്‍ താരം തരീമിയെ ഫൗള്‍ ചെയ്തതിന് വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്‍സേയ്ക്കാണ് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത്. ആദ്യം മഞ്ഞ കാര്‍ഡ് പുറത്തെടുത്ത റഫറി പിന്നീട് വാര്‍ പരിശോധനയ്ക്ക് ശേഷം തീരുമാനം പിന്‍വലിച്ച് റെഡ് കാര്‍ഡ് കാണിക്കുകയായിരുന്നു.

ലോകകപ്പിന്റെ ചരിത്രത്തില്‍ ചുവപ്പ് കാര്‍ഡ് നേടുന്ന മൂന്നാമത്തെ ഗോള്‍കീപ്പറാണ് നോട്ടിങ്ങാം ഫോറസ്റ്റിന്റെ ഈ കീപ്പര്‍. ഇറ്റലിയുടെ ജിയാന്‍ലൂക്ക പഗ്ലിയൂക്കയും ദക്ഷിണാഫ്രിക്കയുടെ ഇറ്റുമെലെങ് ഖുനെയുമാണ് ലോകകപ്പില്‍ ചുവപ്പ് കണ്ട് മടങ്ങേണ്ടി വന്ന മറ്റ് രണ്ട് കീപ്പര്‍മാര്‍. പഗ്ലിയൂക്ക 1998ലും ഖുനെ 2010ലും.

ഗോളിനായുള്ള തരീമിയുടെ മുന്നേറ്റത്തെ പെനാല്‍റ്റി ബോക്സിന് 30 യാര്‍ഡോളം പുറത്തേക്ക് കടന്ന് വന്നാണ് ഹെന്‍സേ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ കാല്‍മുട്ട് ഉയര്‍ത്തി ഗോള്‍ ശ്രമം തടയാന്‍ അപകടകരമായി ശ്രമിച്ചപ്പോള്‍ തരീമിയുടെ മുഖത്ത് കൂട്ടിയിടിക്കുകയും ചെയ്തു. ഹെന്‍സേ കാര്‍ഡ് കണ്ട് പുറത്തായപ്പോള്‍ ആരണ്‍ റംസേയെ പിന്‍വലിച്ച് ഡാനി വാര്‍ഡ് വല കാക്കാനായി കളത്തിലിറങ്ങി.

വെയ്‌ൽസിന്റെ ഗോളി ഹെൻസേ റെഡ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിലെ വഴിത്തിരിവായി. വെയ്ല്‍സ് ഗോളി ഹെന്‍സേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ എട്ട്, പതിനൊന്ന് മിനിറ്റുകളിൽ ഗോൾ നേടിയാണ് ഇറാൻ വെയിൽസിനെ ഇന്നത്തെ മത്സരത്തിൽ കീഴടക്കിയത്.

Leave a comment