പ്രീക്വാർട്ടർ ഉറപ്പിക്കാൻ നെതർലൻഡ്സും, ഇക്വഡോറും ഇന്ന് കളത്തിൽ.!
ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ സ്ഥാനക്കാരെ ഒരുപക്ഷേ ഇന്ന് അറിയുവാൻ കഴിഞ്ഞേക്കാം. ഗ്രൂപ്പ് എയിലെ ആദ്യറൗണ്ട് പോരാട്ടത്തിൽ വിജയിച്ച ടീമുകളാണ് ഇക്വഡോറും, നെതർലൻഡ്സും. ഇരുടീമുകളും ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് കൊമ്പുകോർക്കുമ്പോൾ വിജയിക്കുന്ന ടീമിനെ കാത്തിരിക്കുന്നത് ഒരുപക്ഷേ ആദ്യ പ്രീക്വാർട്ടർ സ്പോട്ട് ആയിരിക്കും. അതുകൊണ്ടുതന്നെ വിജയം തന്നെ ലക്ഷ്യമിട്ടാകും ഇരുവരും കളത്തിലിറങ്ങുക. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ കീഴടക്കിക്കൊണ്ടാണ് ഇക്വഡോറിൻ്റെ വരവ്. അതേസമയം സെനഗലിനെയാണ് ഡച്ച്പട പരാജയപ്പെടുത്തിയത്.

ഡിപേയ്, ഡിയോങ്, വാൻ ഡെയ്ക്ക്, ഡിലിറ്റ്, ഗാക്പോ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന നെതർലൻഡ്സിനെ ഇക്വഡോർ എങ്ങനെ നേരിടുമെന്ന് കണ്ടുതന്നെ അറിയണം. മറുവശത്ത് എന്നെർ വലൻസിയയിലാണ് ഇക്വഡോറിൻ്റെ പ്രതീക്ഷകൾ അത്രയും. ഒപ്പം മികച്ച പ്രതിരോധവും അവർക്ക് കരുത്തുപകരും. എന്തായാലും ഗ്രൂപ്പ് എയിൽ വിജയത്തേരോട്ടം തുടരുന്നത് ആരായിരിക്കും എന്നറിയാൻ നമുക്ക് ആകാംഷയോടെ കാത്തിരിക്കാം.