നാടകീയ രംഗങ്ങൾക്കൊടുവിൽ ചെന്നൈയിനെ കീഴടക്കി ഒഡീഷ.!
ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ഒഡീഷ എഫ്സിക്ക് തകർപ്പൻ വിജയം. ഒഡീഷയുടെ സ്വന്തം തട്ടകമായ കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ ചെന്നൈയിൻ്റെ പക്കൽ നിന്നും വിജയം പിടിച്ചെടുത്തത്. മത്സരത്തിൻ്റെ തുടക്കം മുതലേ ആക്രമിച്ചു കളിച്ചത് ആതിഥേയർ തന്നെയായിരുന്നു. എന്നാൽ ഗോൾ മാത്രം തുടക്കത്തിൽ അകന്നു നിന്നു. പക്ഷേ 31ആം മിനിറ്റിൽ ചെന്നൈയിൻ പ്രതിരോധപൂട്ട് ഭേദിച്ചുകൊണ്ട് ഒഡീഷ ഗോൾ കണ്ടെത്തി. ഒരു ക്രോസിൽ നിന്നും റെയ്നിയർ ഫെർണാണ്ടസ് എടുത്ത ഹെഡ്ഡർ തടയാൻ ശ്രമിക്കുന്നതിനിടയിൽ ചെന്നൈയിൻ പ്രതിരോധതാരം വാഫ ഹഖാമനേഷിയുടെ കാലിൽ തട്ടി പന്ത് സെൽഫ് ഗോൾ ആയി മാറുകയായിരുന്നു. ശേഷം പുരോഗമിച്ച മത്സരം 1-0 എന്ന നിലയിൽ ആദ്യപകുതി അവസാനിച്ചു.

തുടർന്ന് രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ ഒഡീഷയ്ക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചു. സാഹിൽ പൻവാറിനെ മലയാളി താരം പ്രശാന്ത് ബോക്സിൽ വീഴ്ത്തിയതിനാണ് റഫറി ആതിഥേയർക്ക് അനുകൂലമായി പെനൽറ്റി വിധിച്ചത്. കിക്ക് എടുത്ത മൗറീഷ്യോയ്ക്ക് പിഴച്ചില്ല. ഗോൾകീപ്പർക്ക് ഒരവസരം പോലും നൽകാതെ പന്ത് വലയിൽ. സ്കോർ 2-0. ശേഷം ഗോൾ മടക്കുവാനുള്ള ചെന്നൈയുടെ പരിശ്രമങ്ങൾക്കൊടുവിൽ 60ആം മിനിറ്റിൽ സന്ദർശകർ ഒരു ഗോൾ മടക്കി. അജിത്ത് കുമാർ ബോക്സിലേക്ക് നീട്ടി നൽകിയ ക്രോസ് ഒരു ബാക്ക്ഫ്ലിപ്പ് ഹെഡ്ഡർറിലൂടെ സ്‌ലിസ്കോവിച്ച് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന എൽ ഹയാതിക്ക് മറിച്ച് നൽകി. ഹയാതി അതൊരു അനായാസ ഫിനിഷിലൂടെ സ്കോർ ചെയ്യുകയായിരുന്നു. അതോടെ മത്സരം കൂടുതൽ വാശിയേറിയതായി. തുടർന്ന് ഇഞ്ചുറി ടൈമിൽ ഒഡീഷ, ചെന്നൈയിൻ താരമായ വാഫയെ ബോക്സിൽ വീഴ്ത്തിയതിന് ചെന്നൈക്ക് അനുകൂലമായി റഫറി പെനൽറ്റി വിധിച്ചു. കിക്ക് എടുത്തത് ഹയാതിയായിരുന്നു. താരം അനായാസം പന്ത് ഗോളാക്കി മാറ്റി. സ്കോർ 2-2. അതോടെ ചെന്നൈ ആരാധകർക്ക് പുതുജീവൻ ലഭിച്ചു. ഇതിനിടയിൽ സ്റ്റേഡിയത്തിലെ വെളിച്ചം നിലച്ചതിനാൽ 10 മിനിറ്റോളം മത്സരം നിർത്തിവെക്കേണ്ടി വന്നു. ശേഷം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച മത്സരത്തെ ഇഞ്ചുറി ടൈമിൻ്റെ അവസാന നിമിഷം നന്ദകുമാർ നേടിയ തകർപ്പൻ ഗോളിൻ്റെ പിൻബലത്തിൽ ഒഡീഷ തിരിച്ചു പിടിക്കുകയായിരുന്നു.

അവസാന വിസിൽ മുഴങ്ങുന്നത് വരെയും ഫുട്ബോളിൽ പ്രതീക്ഷകൾ കൈവിടരുത് എന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഒഡീഷ പുറത്തെടുത്തത്. അങ്ങനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ ഒഡീഷ കലിംഗ സ്റ്റേഡിയത്തിൽ വിജയക്കൊടി പാറിച്ചു. ഈയൊരു വിജയത്തോടെ 7 മത്സരങ്ങളിൽ നിന്നും 15 പോയിൻ്റുമായി അവർ 3ആം സ്ഥാനത്തേക്ക് കയറി. അത്രയും മത്സരങ്ങളിൽ നിന്നും 10 പോയിൻ്റ് മാത്രമുള്ള ചെന്നൈ 7ആം സ്ഥാനത്താണ്.