ആറാം കിരീടം ലക്ഷ്യമിട്ട് കാനറികൾ ഇന്നിറങ്ങുന്നു; എതിരാളികൾ സെർബിയ.!
ലോകകപ്പിലെ രാജാക്കന്മാർ ആരെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകുകയുള്ളൂ; ബ്രസീൽ. 5 തവണ ലോകകിരീടത്തിൽ മുത്തമിട്ട കാനറിപ്പട ഇന്ന് ആറാം കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് അരങ്ങേറുന്ന മത്സരത്തിൽ സെർബിയ ആണ് ടിറ്റെയുടെയും സംഘത്തിൻ്റെയും എതിരാളികൾ. താരനിബിഡമാണ് ബ്രസീൽ സ്ക്വാഡ്. സൂപ്പർ താരം നെയ്മറിൽ തുടങ്ങി ഗോൾകീപ്പർ അലിസൺ വരെ നീളുന്ന മഞ്ഞക്കുപ്പായക്കാരെ എതിരാളികൾ ആരാണെങ്കിൽ പോലും അല്പം ഭയക്കാതെ നിർവാഹമില്ല. 2 മികച്ച ഇലവനുകൾ ഇറക്കാൻ മാത്രം സ്ക്വാഡ് ഡെപ്ത് അവർക്ക് ഉണ്ട്. എടുത്ത് പറയുവാൻ ആണെങ്കിൽ സ്ക്വാഡിലെ 26 താരങ്ങളുടെയും പേര് എടുത്ത് പറയേണ്ടി വരും.

മറുവശത്ത് തുടർച്ചയായ രണ്ടാം ലോകകപ്പിലും ബ്രസീലുമായി ഒരേ ഗ്രൂപ്പിൽ വന്നതിൻ്റെ ക്ഷീണത്തിലാണ് സെർബിയ. എങ്കിലും യൂറോപ്യൻ ലീഗുകളിലെ ശ്രദ്ധേയരായ ഒരുപിടി താരങ്ങൾ അവരുടെ നിരയിലുമുണ്ട്. ക്യാപ്റ്റൻ ഡൂസാൻ റ്റാഡിച്ച്, ലൂക്കാ ജൊവിച്ച്, ഡൂസാൻ വ്ലഹോവിച്ച്, അലക്സാണ്ടർ മിത്രോവിച്ച്, ഫിലിപ് കോസ്റ്റിച്ച്, മിലിങ്കോവിച്ച് സാവിച്ച് തുടങ്ങിയവരാണ് സെർബിയൻ ടീമിൻ്റെ കരുത്ത്. അതുകൊണ്ടുതന്നെ ബ്രസീലിനെ ഒന്ന് വിറപ്പിക്കാനുള്ള മരുന്നൊക്കെ അവരുടെ പക്കലുമുണ്ട്. എന്നാൽ ഏത് നിമിഷവും തകർന്നേക്കാവുന്ന തരത്തിലുള്ള പ്രതിരോധമാണ് അവർക്ക് തലവേദന. എന്തായാലും മികച്ചൊരു മത്സരം തന്നെ നമുക്കിന്ന് കാണുവാൻ കഴിയുമെന്ന് ഉറപ്പാണ്. ലോകകപ്പിൻ്റെ ഫൈനൽ മത്സരത്തിന് ഉൾപ്പെടെ വേദിയാകുന്ന ലൂസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. ബ്രസീലിൻ്റെ സുൽത്താനും സംഘവും ഇന്ന് ഖത്തറിൽ വരവറിയിക്കുമോ.. അതോ സെർബിയ കാനറികളുടെ ചിറകരിയുമോ എന്നെല്ലാം നമുക്ക് കാത്തിരുന്നു കാണാം.