ഗ്രൂപ്പ് ജിയിൽ സ്വിറ്റ്സർലൻഡ് ഇന്ന് കാമറൂണിനെതിരെ.!
ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് സ്വിറ്റ്സർലൻഡ് ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കാമറൂണിനെയാണ് സ്വിസ്പട നേരിടുക. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന സ്വിറ്റ്സർലൻഡിന് ഷേർദാൻ ഷാക്കീരി, ഡെനിസ് സക്കറിയ, മാനുവേൽ അക്കാഞ്ഞി, യാൻ സോമർ, റിക്കാർഡോ റോഡ്രിഗസ്, റെമോ ഫ്രോളർ, ബ്രീൽ എമ്പോളോ തുടങ്ങിയ പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം മത്സരത്തിൽ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

മറുവശത്ത് ബയേൺ മുന്നേറ്റനിര താരം ചോപ്പോ മോട്ടിങ്ങാണ് കാമറൂണിൻ്റെ പ്രധാന താരം. കൂടാതെ, ടോകോ ഇക്കാമ്പി, ബ്രയൻ എമ്പ്യുമോ, വിൻസെൻ്റ് അബൂബക്കർ, ആന്ദ്രേ ഓനാന തുടങ്ങിയ താരങ്ങളും കാമറൂണിൻ്റെ കരുത്താണ്. എന്തായാലും ഇരുടീമുകൾക്കും വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം കാണില്ല. കരുത്തരായ ബ്രസീൽ കൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് ആയതിനാൽ ഇന്നത്തെ മത്സരം വിജയിച്ചുകൊണ്ട് 3 പോയിൻ്റ് നേടുവാൻ ആകും ഇരുകൂട്ടരും ശ്രമിക്കുക. എന്തായാലും വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.