റയലിനെ സമനിലയില്‍ തളച്ച് ജിറോണ
ഞായറാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ റയൽ മാഡ്രിഡിനെ ജിറോണ 1-1ന് സമനിലയിൽ തളച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റിന്റെ ലീഡ് നിലനിർത്തിയ ലോസ് ബ്ലാങ്കോസ് തന്നെ ആണ് ലീഗില്‍ ഒന്നാമത് ഉള്ളത്.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം, എഴുപതാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിലൂടെ റയൽ സ്കോറിംഗ് തുറന്നെങ്കിലും 10 മിനിറ്റിനുള്ളിൽ ക്രിസ്ത്യൻ സ്റ്റുവാനി പെനാൽറ്റിയിലൂടെ സമനില നേടി.80 ആം മിനുട്ടില്‍ മാർക്കോ അസെൻസിയോക്കെതിരെ ഹാന്‍ഡ് ബോള്‍ മൂലം ലഭിച്ച പെനാല്‍ട്ടിയാണ് മത്സരത്തിന്‍റെ ഗതി തിരിച്ചുവിട്ടത്.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ ലഭിച്ചു, കരീം ബെൻസെമയുടെ അഭാവത്തിൽ ആക്രമണത്തിന് നേതൃത്വം നൽകിയ റോഡ്രിഗോ മോശമാക്കിയില്ല.മറുവശത്ത്, കൗണ്ടർ അറ്റാക്കിൽ ജിറോണ റയല്‍ പ്രതിരോധനിരക്ക് ഭീഷണി ഉയര്‍ത്തി കൊണ്ടിരുന്നു.രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് അധികസമയത്ത് മധ്യനിര താരം ടോണി ക്രൂസ് പുറത്തായതോടെ റയലിന്റെ കാര്യം കൂടുതല്‍ വഷളായി.എക്സ്ട്രാ ടൈമില്‍ പത്തു മിനുട്ട് ലഭിച്ചിട്ടും വിജയത്തിനായി രണ്ടാം ഗോള്‍ നേടാന്‍ റയലിന് കഴിഞ്ഞില്ല.