ഇത്തവണയും യൂറോപ്പ !!!!
ബുധനാഴ്ച രാത്രി ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ബാഴ്‌സലോണയെ 3-0ന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക് ഗ്രൂപ്പ് ജേതാക്കളായി ചാമ്പ്യൻസ് ലീഗ് റൗണ്ട് 16-ലേക്ക് മുന്നേറി.ഇന്റർ മിലാൻ വിക്ടോറിയ പ്ലസനെ 4-0 ന് തോൽപ്പിച്ചതിന് ശേഷം തുടർച്ചയായ രണ്ടാം വർഷവും നോക്കൗട്ട് റൗണ്ടിലെത്താൻ സാധ്യതയില്ലെന്ന് അറിഞ്ഞാണ് സാവി ഹെർണാണ്ടസിന്റെ ടീം മത്സരത്തിനിറങ്ങിയത്.
ആദ്യ പകുതിയിൽ സാഡിയോ മാനെ, എറിക് മാക്‌സിം ചൗപോ-മോട്ടിങ്ങ് എന്നിവരുടെ ഗോള്‍ ഏറ്റുവാങ്ങിയ ബാഴ്സലോണക്ക് കളിയുടെ ഏതൊരു നിമിഷത്തിലും തിരിച്ചടിക്കാനുള്ള കെല്‍പ്പ് ഉണ്ടായിരുന്നില്ല.ഇടവേളയ്ക്ക് തൊട്ടുമുമ്പ് റഫറി പെനാൽറ്റി ബാഴ്സക്ക് അനുകൂലമായി നല്‍കിയപ്പോള്‍ നേരിയ ഒരാശ്വാസം ടീം കാമ്പില്‍ ഉണ്ടായിരുന്നു എന്നാല്‍ വാര്‍ അത് നിഷേധിച്ചതോടെ ഗോള്‍ നേടാന്‍ അടുത്ത് ലഭിച്ച അവസരം ബാഴ്സക്ക് കൈവിട്ടു പോയി. മുള്ളര്‍,സാനെ എന്നിവരെ കൂടാതെ ടീം ഇറക്കിയെങ്കിലും ബാഴ്സയുടെ മോശം പ്രതിരോധം മുതലാക്കുന്നതില്‍ ബയേണ്‍ മുന്‍നിര വിജയം കണ്ടു.ശവപെട്ടിയിലെ അവസാന ആണി എന്ന പോലെ പകരക്കാരനായ ബെഞ്ചമിൻ പവാർഡ് മൂന്നാമതും ഗോള്‍ നേടിയപ്പോള്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തല കുനിച്ച് നില്‍ക്കാനേ ബാഴ്സ താരങ്ങള്‍ക്ക് കഴിഞ്ഞുള്ളു.