കണക്ക് തീർക്കണം; നോക്കൗട്ട് ഉറപ്പിക്കണം; തുനിഞ്ഞിറങ്ങി ബാർസ.!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സിയിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ന് എഫ്സി ബാർസലോണ ഇൻ്റർ മിലാനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ബാർസയുടെ തട്ടകമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ബാർസ എതിരില്ലാത്ത ഒരു ഗോളിന് ഇൻ്റെറിനോട് പരാജയപ്പെട്ടിരുന്നു. ഈയൊരു തോൽവിക്ക് പകരം വീട്ടുവാനുറച്ചാവും സാവിയും സംഘവും ഇന്ന് കളത്തിലിറങ്ങുക. മറുവശത്ത് ഇന്നത്തെ മത്സരത്തിൽ വിജയിച്ചുകൊണ്ട് നോക്കൗട്ട് ഉറപ്പിക്കാൻ ആകും ഇൻ്റർ ശ്രമിക്കുക.
കോണ്ടെ, അരൗഹോ തുടങ്ങിയ പ്രതിരോധ താരങ്ങൾ ഇല്ലാത്തത് ബാർസയ്ക്ക് തിരിച്ചടിയാവും. സൂപ്പർ താരം ലെവൻഡോവ്സ്കിയിൽ തന്നെയാണ് ബാർസയുടെ പ്രതീക്ഷ. ഒപ്പം പെഡ്രിയും, ഡെമ്പെലെയും കൂടി ഫോമിലായാൽ ഇൻ്റെറിനെ അനായാസം കീഴടക്കാൻ ബാർസയ്ക്ക് കഴിയുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ കഴിഞ്ഞ മത്സരത്തിലേറ്റ തോൽവിക്ക് ഉള്ള കണക്ക് തീർക്കലാവുന്നതിനോടൊപ്പം നോക്കൗട്ട് പ്രതീക്ഷകൾ നിലനിർത്തുവാനും കൂളേഴ്സിന് സാധിക്കും. എന്തായാലും ഈയൊരു വാശിയേറിയ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം.






































