മിലിറ്റാവോയുടെ ഗോളില്‍ ഗെറ്റാഫയെ മറികടന്ന് റയല്‍
ശനിയാഴ്ച നടന്ന മത്സരത്തിൽ ഡിഫൻഡർ എഡർ മിലിറ്റാവോയുടെ ഹെഡര്‍ ഗോളിന്റെ മികവില്‍ റയല്‍ മാഡ്രിഡ് ഗെറ്റാഫെക്കെതിരെ വിജയം നേടി.മൂന്നു പോയിന്റ് ലഭിച്ച അവര്‍ ലീഗില്‍ ബാഴ്സയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് മിലിറ്റാവോ ഗോളിനുള്ള അവസരം കണ്ടെത്തിയത്.ലീഗില്‍ അടുത്തതായി റയല്‍ നേരിടാന്‍ പോകുന്നത് ബാഴ്സയെ ആണ്.ഇരു ടീമുകള്‍ക്കും ഒരേ പോയിന്റുകള്‍ ഉള്ളതിനാല്‍ ഇത്തവണത്തെ എല്‍ ക്ലാസിക്കോയില്‍ ആവശം വാനോളം ഉയര്‍ന്നേക്കും.
തുടക്കത്തില്‍ തന്നെ സ്കോര്‍ ചെയ്തു എങ്കിലും ഗെറ്റാഫെയുടെ പ്രതിരോധ മതിൽ തകർത്ത് ലീഡ് വർദ്ധിപ്പിക്കാൻ മാഡ്രിഡിന് കഴിഞ്ഞില്ല.എന്നാല്‍ കഴിഞ്ഞ ഏഴു മത്സരങ്ങളിലും എതിരാളിയുടെ പക്കല്‍ നിന്ന് ഗോള്‍ വഴങ്ങിയ മാഡ്രിഡ് ഈ ലാലിഗ സീസണില്‍ തങ്ങളുടെ ആദ്യ ക്ലീന്‍ ചീട്ട് നേടിയിരിക്കുന്നു.ഇന്നലെ ഗോള്‍ കീപ്പര്‍ കര്‍ത്തവ്യം നിര്‍വഹിച്ച ആൻഡ്രി ലുനിന്റെ പ്രകടനത്തെ അന്‍സലോട്ടി അഭിനന്ദിച്ചു.റയലിന്റെ വിജയം ഇന്ന് സെല്‍റ്റ വിഗോക്ക് നേരെ കളിക്കാന്‍ ഇറങ്ങുന്ന ബാഴ്സക്ക് മേല്‍ വലിയ സമ്മര്‍ദം ആണ് നല്‍കുന്നത്.






































