ചെൽസിക്ക് ഇന്ന് ക്രിസ്റ്റൽ പാലസ് പരീക്ഷ.!
തോമസ് തുഷേലിൻ്റെ പടിയിറക്കത്തിന് ശേഷം ചെൽസിയെ പഴയ ചെൽസിയായി പുനർ:നിർമിക്കുക എന്ന ദൗത്യവുമായാണ് ഗ്രഹാം പോട്ടർ ഇന്ന് ക്രിസ്റ്റൽ പാലസിലേക്ക് വണ്ടി കയറിയിട്ടുണ്ടാവുക. ചാമ്പ്യൻസ് ലീഗിൽ ഡൈനാമോ സാഗ്രെബിനോട് ഏറ്റ തോൽവിക്ക് ശേഷമാണ് തുഷേലിനെ ചെൽസി പുറത്താക്കിയത്. അതിനു ശേഷം വന്ന ഗ്രഹാം പോട്ടർക്ക് കീഴിൽ യുസിഎല്ലിൽ സാൽസ്ബർഗിനെ നേരിട്ട ചെൽസിക്ക് സമനില മാത്രമാണ് നേടാൻ ആയത്. എന്തായാലും ഇന്നത്തെ മത്സരത്തിൽ ടേബിളിൽ 16 ആം സ്ഥാനത്തുള്ള ക്രിസ്റ്റൽ പാലസാണ് എതിരാളികൾ. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിലും വിജയിക്കാൻ സാധിച്ചില്ലെങ്കിൽ അത് ഗ്രഹാം പോട്ടർക്ക് വലിയ തലവേദന തന്നെ സൃഷ്ടിച്ചേക്കാം.

മുന്നേറ്റ നിരയിൽ സ്റ്റെർലിങ്, ഹാവർട്സ്, ഒബാമയങ്, മൗണ്ട് എന്നിവർ തന്നെയാകും അണിനിരക്കുക. വലിയ പ്രതീക്ഷകളോടെ ചെൽസി ടീമിലെത്തിച്ച താരമായത് കൊണ്ടുതന്നെ ഒബാമയാങ്ങിന് ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. ഇന്ത്യൻ സമയം വൈകിട്ട് 7.30 ക്രിസ്റ്റൽ പാലസിൻ്റെ മൈതാനമായ സെലർസ്റ്റ് പാർക് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ 6 കളികളിൽ നിന്നും 10 പോയിൻ്റോടെ ഏഴാം സ്ഥാനത്താണ് ചെൽസി. അതുകൊണ്ട് തന്നെ ഇന്നൊരു വിജയത്തോടെ ടേബിളിൽ ഒരു മുന്നേറ്റം നടത്തുവാൻ ആയിരിക്കും പോട്ടറും സംഘവും ലക്ഷ്യംവെക്കുക.