ഡെന്മാര്‍ക്കിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി ക്രോയേഷ്യ
ഡെൻമാർക്കിനെ 2-1 ന് തോൽപ്പിച്ച് ക്രൊയേഷ്യ ലീഗ് എ ഗ്രൂപ്പ് 1 ഒന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.ജൂണിൽ കോപ്പൻഹേഗനിൽ നടന്ന മത്സരത്തിലും ഡെന്മാര്‍ക്കിനെ തോല്‍പ്പിക്കാന്‍ ക്രൊയേഷ്യക്ക് കഴിഞ്ഞിരുന്നു.അന്ന് എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വിജയം.വിജയത്തോടെ അഞ്ച് കളികളിൽ നിന്ന് 10 പോയിന്റ്റ് നേടിയ ക്രോയേഷ്യ യുവേഫ നേഷന്‍സ് നോക്കൌട്ടിലേക്ക് കടക്കാന്‍ തങ്ങളുടെ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.
ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും അനേകം അവസരം ലഭിച്ചു എങ്കിലും രണ്ടാം പകുതി നാല് മിനുട്ട് പിന്നിട്ടപ്പോള്‍ ഡിഫൻഡർ ബോർണ സോസ ക്രോയേഷ്യക്ക് ലീഡ് നേടി കൊടുത്തു.ഗോള്‍ പോസ്റ്റിനു മുന്നില്‍ ഇന്നലത്തെ മത്സരത്തില്‍ ഡെന്മാര്‍ക്കിന് നിര്‍ഭാഗ്യം ആയിരുന്നു എങ്കിലും 77 ആം മിനുട്ടില്‍ ഒരു ഉജ്ജ്വലമായ ഡിപ്പിംഗ് ഷോട്ടിലൂടെ എറിക്‌സന്‍ സ്കോര്‍ സമനിലയിലേക്ക് എത്തിച്ചു.എന്നാല്‍ ഡെന്മാര്‍ക്കിന്റെ സന്തോഷത്തിന് രണ്ടു നിമിഷമേ ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.78 ആം മിനുട്ടില്‍ ബെഞ്ചില്‍ നിന്ന് കളത്തിലേക്ക് ഇറങ്ങിയ ലോവ്രോ മേജർ 79 ആം മിനുട്ടിലെ ഗോളോടെ മത്സരത്തിന്റെ ഗതി തിരിച്ചു വിട്ടു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഡെന്മാര്‍ക്ക് ഫ്രാന്‍സിനെയും ക്രോയേഷ്യ ഓസ്ട്രിയയേയും ആണ് നേരിടാന്‍ പോകുന്നത്.ക്രോയേഷ്യക്ക് ഓസ്ട്രിയക്കെതിരെ വിജയിക്കാന്‍ ആയില്ലെങ്കില്‍ തങ്ങളുടെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ ഡെന്മാര്‍ക്കിന് വേണ്ടത് ഫ്രാന്‍സിനെതിരെ ഒരു വിജയം മാത്രമാണ്.






































