ബെന്‍സെമ വീണ്ടും റയലിന്റെ മുഖം രക്ഷിച്ചു
പുതിയ ലാലിഗ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്നും ജയം നേടി കൊണ്ട് റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തിയിരിക്കുന്നു.ഞായറാഴ്ച എസ്പാൻയോളിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് വിജയം നേടിയത്.സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച മത്സരത്തില്‍ അവസാന മിനുട്ടുകളില്‍ ഇരട്ട ഗോളോടെ ബെന്‍സെമയാണ് വീണ്ടും റയലിന്റെ രക്ഷകന്‍ ആയത്.
വിനീഷ്യസ് ജൂനിയർ ആദ്യ പകുതിയുടെ തുടക്കത്തിൽ ഔറേലിയൻ ചൗമേനിയുടെ ഉജ്ജ്വലമായ പാസിൽ നിന്ന് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ സ്‌കോറിംഗ് ആരംഭിച്ചു.ആദ്യ പകുതി നിയന്ത്രിച്ച റയല്‍ മാഡ്രിഡിന് അപ്രതീക്ഷിതമായി ഹാഫ്ടൈമിന് മുമ്പ് ജോസെലു സമനില ഗോള്‍ നേടി കൊണ്ട് ഒരു ഷോക്ക് നല്‍കി.പകുതി സമയത്തിന് പിരിയുമ്പോള്‍ സ്കോര്‍ 1-1.പിന്നീട് രണ്ടാം പകുതിയില്‍ റയലിനെ എസ്പ്യാനോള്‍ വെള്ളം കുടിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.ഇരു ടീമുകള്‍ക്കും പല അവസരങ്ങള്‍ ലഭിച്ചു എങ്കിലും ഒന്നും തന്നെ ഗോളാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല.സമനിലയിലേക്ക് ആണ് മത്സരത്തിന്റെ പോക്ക് എന്ന് തോന്നിപ്പിച്ച സമയത്ത് റോഡ്രിഗോ നല്‍കിയ ലോങ്ങ് ക്രോസ് പിടിച്ചെടുത്ത ബെന്‍സെമ റയലിന്റെ രണ്ടാം ഗോള്‍ നേടി.അധികസമയത്ത്, വീഡിയോ അസിസ്റ്റന്റ് റഫറി ഡാനി സെബായോസിനെ ലെകോംറ്റെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച ഫ്രീ കിക്ക് വലയിലെക്കെത്തിച്ച് കൊണ്ട് ബെന്‍സെമ സ്റ്റൈലില്‍ തന്നെ രണ്ടാമത്തെ ഗോള്‍ നേടി.






































