ഇത് ആഴ്സണലിന്റെ തുടര്‍ച്ചയായ നാലാം ജയം
ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഫുൾഹാമിനെതിരെ 2-1ന്റെ വിജയം സ്വന്തമാക്കി ആഴ്സണല്‍ ലീഗില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ആഴ്‌സണലിന്റെ 2004-05 “അജയ്യ” സീസണിന് ശേഷം ആദ്യമായാണ് ക്ലബ് തുടർച്ചയായ നാല് ലീഗ് വിജയങ്ങളുമായി സീസൺ ആരംഭിക്കുന്നത്.രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാള്‍ രണ്ടു പോയിന്റ് ലീഡ് ആഴ്സണലിനുണ്ട്.
ആദ്യ പകുതിയില്‍ ഫുള്‍ഹാമിനെതിരെ ആധിപത്യം പുലര്‍ത്തി എങ്കിലും അത് ഗോളുകള്‍ ആക്കി മാറ്റാന്‍ ആഴ്സണലിന് കഴിഞ്ഞില്ല.56 ആം മിനുട്ടില്‍ അലക്‌സാണ്ടർ മിട്രോവിച്ച് നേടിയ ഗോളില്‍ ലീഡ് നേടിയ ഫുള്‍ഹാം ആഴ്സണലിനെ പ്രതിരോധതില്‍ ആഴ്ത്തി.പക്ഷേ മിനിറ്റുകൾക്ക് ശേഷം ബുക്കായോ സാക്ക നൽകിയ പാസ് ബോക്‌സിലേക്ക് തിരിച്ചു വിട്ട് മാർട്ടിൻ ഒഡെഗാർഡ് സമനില നേടി.പിന്നെയും നിരന്തരമായി ആക്രമണ ഫുട്ബോള്‍ കാഴ്ച്ചവെച്ച ആഴ്സണലിന് 85 ആം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ഗോള്‍ ആയി കലാശിച്ചു.ഫുള്‍ഹാമിന്‍റെ ആദ്യ ഗോള്‍ തന്റെ പിശക്കില്‍ വരുത്തി വെച്ച ഗബ്രിയേൽ പ്രായശ്ചിത്തം നടത്തി.നേരത്തെ ക്രിസ്റ്റൽ പാലസ്, ലെസ്റ്റർ സിറ്റി, ബോൺമൗത്ത് എന്നിവര്‍ക്കെതിരെ ആഴ്സണല്‍ വിജയം നേടിയിരുന്നു.






































