രണ്ടാം പകുതിയില്‍ കളി തിരിച്ചുപിടിച്ച് ബാഴ്സലോണ
റയല്‍ സോസിദാദിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ജയം നേടി എങ്കിലും ആദ്യ അറുപതു മിനുട്ടില്‍ സാവിയുടെ ബാഴ്സയെ അവര്‍ നിലം തൊടിച്ചില്ല എന്നതാണ് ശരി.ബാഴ്സക്ക് പിന്നില്‍ നിന്ന് കളിച്ചു പോരാനുള്ള സമയം നല്‍കാതിരുന്ന സോസിദാദ് പലപ്പോഴും കൌണ്ടര്‍ പ്ലേയിലൂടെ ടെര്‍ സ്റ്റഗനും ബാഴ്സയുടെ പ്രതിരോധത്തിനും പിടിപ്പത് പണിയുണ്ടാക്കി.
മത്സരം തുടങ്ങി സെക്കണ്ടുകള്‍ക്ക് ഉള്ളില്‍ ബാല്‍ഡേയുടെ പാസില്‍ തന്‍റെ ആദ്യ ഒഫീഷ്യല്‍ ലാലിഗ ഗോള്‍ നേടി കൊണ്ട് ലെവന്‍ഡോസ്ക്കി ബാഴ്സക്ക് ലീഡ് നേടി കൊടുത്തു എങ്കിലും അഞ്ചു മിനുട്ടിനുള്ളില്‍ ഇസാക്ക് ഒരു ചിപ്പ് ഗോളിലൂടെ സ്കോര്‍ സമനിലയാക്കി.പിന്നീട് ഇരു ടീമുകളും അവസരങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ആയിരുന്നു.60 ആം മിനുട്ടില്‍ ഫെറാന്‍ ടോറസിന് പകരം ആന്‍സൂ ഫാട്ടിയുടെ വരവോടെ ആണ് കളി മാറിയത്.അദ്ദേഹം ഒരു ബാക്ക് പാസോടെ ഉസ്മാന്‍ ഡെംബെലെക്ക് ഗോള്‍ നേടാന്‍ അവസരം കൊടുത്തു.അതിനുശേഷം ലെവന്‍ഡോസ്ക്കിക്ക് രണ്ടാം ഗോള്‍ നേടാനും അസിസ്റ് വന്നത് അന്സുവിന്റെ ബൂട്ടില്‍ നിന്ന് തന്നെ.നാലാം ഗോള്‍ അന്‍സുവിന്റെ ഊഴം ആയിരുന്നു.ലെവ നല്‍കിയ പന്ത് തെറ്റ് കൂടാതെ വലയിലേക്ക് എത്തിച്ച താരം സ്കോര്‍ബോര്‍ഡില്‍ തന്റെ പേരും ചേര്‍ത്തു.






































