Athletics Top News

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി നീരജ് ചോപ്ര

July 27, 2022

author:

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി നീരജ് ചോപ്ര

ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കാരണമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നാഭിയുടെ താഴ് ഭാഗത്തേറ്റ പരിക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുന്നത്.

എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരു മാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. കായികക്ഷമതയില്ലാത്തതിനാല്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം അതിവേഗം സുഖം പ്രാപിക്കട്ടെയെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ജാവലിനില്‍ വെള്ളി നേടിയതിനു പിന്നാലെയാണ് താരത്തിന്റെ പിന്മാറ്റം.

ബര്‍മിങ്ങാമില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് വ്യാഴാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ് താരത്തിന്റെ പിന്മാറ്റമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ 19 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ നീരജ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി വെള്ളി നേടിയത്.

Leave a comment