Cricket Epic matches and incidents Top News

അസറിന്റെ കോഴക്കളി പദ്ധതി സച്ചിനും ഗാംഗുലിയും ചേർന്ന് പൊളിച്ച കഥ

April 1, 2022

author:

അസറിന്റെ കോഴക്കളി പദ്ധതി സച്ചിനും ഗാംഗുലിയും ചേർന്ന് പൊളിച്ച കഥ

ഒത്തുകളി വിവാദത്തിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും പുറത്താക്കപ്പെട്ട താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ. അദ്ദേഹവും അജയ് ജഡേജയും നയൻ മോങ്ങ്യയും ചേർന്ന് ഒരുപിടി കളികളാണ് മനപ്പൂർവം തോറ്റ് കൊടുത്തത്. എന്നാൽ ചില അവസരങ്ങളിൽ ഇത്തരം ഒത്തുകളി കളെ മറികടക്കാനും ടീമിലെ വിജയത്തിലേക്ക് നയിക്കാനും സച്ചിനും ഗാംഗുലിയും ശ്രീനാഥും എല്ലാം ചേർന്ന ടീമിലെ സത്യസന്ധർക്ക് പലപ്പോഴും കഴിഞ്ഞിരുന്നു. അത്തരത്തിലുള്ള പല സംഭവങ്ങളിൽ ഒന്ന് നടന്നത് 1998ലെ നിദഹാസ് ട്രോഫി ഫൈനലിൽ ആണ്.
ജൂലൈ 7, 1998. ഇന്ത്യയും ശ്രീലങ്കയും ന്യൂസിലൻഡും അടങ്ങിയ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ. ഈ ഫൈനൽ മനപ്പൂർവ്വം ശ്രീലങ്കയ്ക്ക് അടിയറ വയ്ക്കാൻ മുഹമ്മദ് അസ്ഹറുദ്ദീൻ പദ്ധതിയിടുന്നതായി സച്ചിൻ ടെണ്ടുൽക്കർക്ക് വിവരം ലഭിക്കുന്നു. അതിനെ തുടർന്ന് അദ്ദേഹം തന്റെ ഓപ്പണിങ് പങ്കാളിയായ ഗാംഗുലിയുടെ റൂമിൽ തലേദിവസം രാത്രി ചെല്ലുന്നു. സച്ചിൻ ഗാംഗുലി യോട് പറഞ്ഞു ” ദാദ നാളത്തെ മത്സരം ഒത്തുകളിയാണ്. അത് നടക്കാൻ ഒരു കാരണവശാലും അനുവദിച്ചുകൂടാ “. പക്ഷേ നമ്മൾ രണ്ടുപേർ മാത്രം  ചേർന്ന് എന്താണ് ചെയ്യുക എന്നാണ് ഗാംഗുലി തിരിച്ച് ആരാഞ്ഞത്. സച്ചിൻ പറഞ്ഞു ” നമുക്കൊരു കാര്യം ചെയ്യാം നമുക്ക് ഇരുവർക്കും പരമാവധി ഔട്ട് ആകാതെ ബാറ്റ് ചെയ്യാം . 300 നു മുകളിൽ ഒരു സ്കോർ നേടിയാൽ തീർച്ചയായും ആ മത്സരത്തിൽ നമ്മൾ വിജയിക്കും “.

ടോസ് നേടിയ ക്യാപ്റ്റൻ അസ്ഹറുദ്ദീൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. പിന്നീട് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ഒരു ബാറ്റിംഗ് വിരുന്നിനാണ് . സച്ചിനും ഗാംഗുലിയും ചേർന്ന് പതിയെ തുടങ്ങി. പിന്നീട് കത്തിക്കയറിയ സച്ചിനും ഗാംഗുലിയും ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 252 റൺസ് ആണ്. അത് അന്നത്തെ ഒന്നാം വിക്കറ്റിലെ ലോകറെക്കോർഡ് ആയിരുന്നു . സച്ചിൻ 128 റൺസും ഗാംഗുലി 109 റൺസും നേടി. പിന്നാലെ വന്ന മുഹമ്മദ് അസ്ഹറുദ്ദീൻ 5 റൺസിനും ജഡേജ 25 റൺസിനും പുറത്തായെങ്കിലും, ഇന്ത്യ 307 /6 എന്ന അന്നത്തെ കാലത്തെ കൂറ്റൻ സ്കോറാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ശക്തമായിത്തന്നെ തിരിച്ചടിച്ചു. സെഞ്ച്വറി നേടിയ അരവിന്ദ ഡിസിൽവ യുടെയും കേവലം 25 പന്തിൽ 32 റൺസ് നേടിയ ജയസൂര്യയുടെയും മികച്ച രീതിയിൽ ബാറ്റ് ചെയ്ത റോഷൻ മഹാനാമയുടെയും പ്രകടനത്തിനു മുന്നിൽ ഇന്ത്യ പകച്ചു പോയെങ്കിലും ഒടുവിൽ 6 റൺസിന്റെ വിജയം  കരസ്ഥമാക്കി. ഫീൽഡ് ഒരുക്കുന്നതിൽ അസറുദീൻ പലപ്പോഴും മനപ്പൂർവം എന്നവണ്ണം പിഴവുകൾ കാട്ടിയെങ്കിലും, ഹൃദയംകൊണ്ട് പന്തെറിഞ്ഞ അജിത് അഗർക്കറും അനിൽ കുംബ്ലെ ചേർന്ന് വിജയ ലക്ഷ്യം നേടുന്നതിൽ നിന്നും ശ്രീലങ്കയെ തടഞ്ഞു. സച്ചിനായിരുന്നു ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. അരവിന്ദ ഡിസിൽവ ടൂർണമെന്റിലെ താരമായി. അവിടെ അന്ന് പിറന്ന ആ ലോകറെക്കോർഡ് ഇന്ത്യയെ പറഞ്ഞുറപ്പിച്ച തോൽവിയിൽ നിന്നും ചിറകടിച്ചുയരാൻ സഹായിച്ചു.

Leave a comment