European Football Foot Ball Top News

2018 ആവർത്തിക്കാൻ ക്രോയേഷ്യ; പക വീട്ടാൻ ഇംഗ്ലണ്ട്

June 13, 2021

author:

2018 ആവർത്തിക്കാൻ ക്രോയേഷ്യ; പക വീട്ടാൻ ഇംഗ്ലണ്ട്

യൂറോയിൽ ഇന്ന് വമ്പന്മാർ ഏറ്റുമുട്ടും. കഴിഞ്ഞ ലോക കപ്പ് ഫൈനലിസ്റ്റുകളായ ക്രോയേഷ്യ, ഇംഗ്ലണ്ടിനെ നേരിടും. 2018 ലോക കപ്പ് സെമി ഫൈനലിൽ ഇരു ടീമുകൾ ഏറ്റുമുട്ടിയപ്പോൾ, ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ക്രോയേഷ്യ വിജയിച്ചു കയറിയിരുന്നു.

നായകനും റയൽ മാഡ്രിഡ് താരവുമായ ലൂക്ക മോഡ്രിച് നയിക്കുന്ന മധ്യനിരയാണ് ക്രോയേഷ്യയുടെ ശക്തി. പ്രായം തളർത്താത്ത കാലുകൾ ഉള്ള മോഡ്രിച് [35 വയസ്സ്] റയലിനായി മിന്നും പ്രകടനമാണ് ഈ സീസണിൽ കാഴ്ച്ച വെച്ചത്. മോഡ്രിച്ചിന് കൂട്ടായി ചെൽസിയുടെ കോവചിക്കും, ഇന്റർ മിലൻറെ ബ്രോസവിച്ചും കൂടി വരുമ്പോൾ ഏത് ടീമും ഒന്ന് വിയർക്കും. വിങ്ങുകളിൽ പെറീസിച്ചും റെബിച്ചും തന്നെയാകും ഈ ടൂർണമെന്റിൽ അവർക്ക് വേഗത നൽകുക. ലോവ്‌റനും വിടയും നേത്രത്വം നൽകുന്ന പ്രതിരോധവും മികച്ചതാണ്.

ടീം സെലെക്ഷൻ ഇംഗ്ലണ്ടിന് ഒരു തലവേദന ആണ്. ഹാരി കെയ്ൻ മുൻനിര നയിക്കാനാണ് സാധ്യത. റാഷ്‌ഫോർഡ്, കാൽവെർട് ലെവിൻ എന്നിവരും സൗത്‌ഗേറ്റിന് മുമ്പിൽ അവസരത്തിനായി കാത്തിരിക്കുന്നു. വിങ്ങുകളിൽ യുവ രക്തം തുളുമ്പുകയാണ്. ബുക്കായോ സാക, ജാക്ക് ഗ്രീലിഷ്, ഫിൽ ഫോഡൻ, റഹീം സ്റ്റെർലിങ്, ജേഡൻ സാഞ്ചോ എന്നിവരിൽ ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഫോഡനും ഗ്രീലിഷുമാണ് ആരാധകരുടെ പ്രിയപ്പെട്ടവർ.

മധ്യനിരയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ മേസൺ മൗണ്ടിനെ തന്നെയാകും ഇംഗ്ലണ്ട് ആശ്രയിക്കുക. ഗ്രീലിഷും ഈ റോൾ ഭംഗിയായി നിർവഹിക്കാറുണ്ട്. ജൂഡ് ബില്ലിങ്‌ഹാം, ലീഡ്സ് യുണൈറ്റഡിന്റെ കാൽവിൻ ഫിലിപ്പ്സ് എന്നിവരും ഈ റോളിന് പറ്റിയവരാണ്. ഹോൾഡിങ് മിഡ്‌ഫീൽഡർ ആയി ഡിക്ലൻ റൈസ് വരാനാണ് സാധ്യത. ജോർദാൻ ഹെൻഡേഴ്സണും ഈ റോളിന് യോഗ്യൻ തന്നെ. പക്ഷെ പരിക്കിൽ നിന്ന് അദ്ദേഹം പൂർണമായും മുക്തനായൊ എന്ന് സംശയം ഉണ്ട്.

പിക്‌ഫോടോ ഡീൻ ഹെൻഡേഴ്‌സണോ ഗോളിയായി വല കാക്കാൻ കാണും. മഗവേറിന്റെ അസാന്നിധ്യത്തിൽ ജോൺ സ്റ്റോൺസിനാകും പ്രതിരോധത്തിന്റെ നേത്രത്വം. മിങ്‌സോ ബെൻ വൈറ്റോ അദ്ദേഹത്തിന് ഒപ്പം കൂടിയേക്കാം. വിങ് ബാക്കായി കൈൽ വോക്കർ, റീസ് ജെയിംസ്, ട്രിപ്പിയർ, ചിൽവെൽ, ലൂക്ക് ഷോ എന്നിവരിൽ ആരെ തെരഞ്ഞെടുക്കും എന്ന് കണ്ടറിയണം. വോക്കറിനും ചിൽവെല്ലിനുമാണ് സാധ്യത കൂടുതൽ.

Leave a comment