ഉയര്ത്തെഴുന്നേല്ക്കാന് റയലിന് സമയമായി
ഇന്ന് ഇന്ത്യന്‍ സമയം എട്ടേമുക്കാലിന് റയലിനെ സ്വന്തം ഹോം സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഹുവസ്ക.കഴിഞ്ഞ വാരാന്ത്യത്തിൽ ലെവന്റേയോട് 2-1 ന് തോറ്റ റയല്‍ മാഡ്രിഡ് നിലവിൽ ലാ ലിഗയിൽ മൂന്നാം സ്ഥാനത്താണ്.ബാഴ്സലോണ റയലിനെ പിന്തള്ളി കൊണ്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കി.അറ്റ്ലെറ്റിക്കോ മാഡ്രിഡിന് 10 പോയിന്റ് പിന്നിൽ ആണ് റയല്‍ മാഡ്രിഡ് ഇപ്പോള്‍.
അടുത്തിടെ നടന്ന സൂപ്പർ കപ്പും കോപ ഡെൽ റേയും യഥാക്രമം അത്ലറ്റിക് ബിൽബാവോയോടും അൽകോയാനോയോടും തോറ്റത് ഉൾപ്പെടെ, ലോസ് ബ്ലാങ്കോസ് അവസാന നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ പരാജയപ്പെട്ടു.അതേസമയം ലീഗിലെ അവസാന മൂന്ന് മത്സരങ്ങളിൽ ഒരെണ്ണം മാത്രമാണ് അവർ വിജയിച്ചത്.ഒരു വിജയം നേടി കൊണ്ട് ലീഗില്‍ തങ്ങളുടെ സ്ഥാനം തിരിച്ചുപിടിക്കാനും അത് പോലെ നഷ്ട്ടപ്പെട്ട തങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയുമാണ് റയലിന്റെ ലക്ഷ്യം.






































