ബനേഗക്ക് വേണ്ടി സെവിയ്യയ്ക്ക് ജയിച്ചേ മതിയാകു
എവർ ബനേഗയുടെ കരിയർ കയറ്റിയിറക്കങ്ങളുടേതാണ്. ലോകത്തെ മികച്ച ഒരു ക്രീയേറ്റീവ് മിഡ്‌ഫീൽഡർ എന്ന വിശേഷണത്തോടൊപ്പം ഒരിക്കലും തന്റെ മികവിനോട് നീതി പുലർത്താത്ത താരം എന്ന പട്ടവും അദ്ദേഹത്തിന് സ്വന്തം. 2018 ലോക കപ്പ് അതിന് ഒരു ഉത്തമ ഉദാഹരണം. നൈജീരിയക്ക് എതിരെ മെസ്സി നേടിയ ഇതിഹാസ ഗോളിന്, പ്രതിരോധത്തെ കീറി മുറിച്ചു നൽകിയ മുഴുനീളൻ പാസ് ഈ 32 കാരന്റേതാണ്. എന്നാൽ ഫ്രാൻസിനെതിരെ കളത്തിൽ തികച്ചും അദ്രശ്യനായി ബനേഗാ മാറിയതും നാം കണ്ടു.
സെവിയ്യക്ക് വേണ്ടി 200 ൽ പരം മത്സരം കളിച്ച ഈ അര്ജന്റീനക്കാരൻ ക്ലബ്ബിനുവേണ്ടിയുള്ള അവസാന മത്സരത്തിന് ഇന്ന് ഇറങ്ങുന്നു. അതാകട്ടെ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും നിർണായകമായ മത്സരവും. യൂറോപ്പ ലീഗ് ഫൈനലിൽ ഇന്റർ മിലാനെ സെവിയ്യ നേരിടാൻ പോകുന്നു.
യൂറോപ്പ ലീഗിൽ സെവിയ്യ വേറെ തന്നെ ഒരു ടീം ആണ്. ഈ നൂറ്റാണ്ടിൽ അവരാണ് ഏറ്റവും കൂടുതൽ യൂറോപ്പ ലീഗ് ഫൈനൽ കളിച്ച ടീം. 2006, 2007, 2014, 2015, 2016 എന്നീ വർഷങ്ങളിൽ ചാമ്പ്യന്മാരാകുകയും ചെയ്തു. അവസാനം കപ്പ് ഉയർത്തിയ ടീമിലെ ശേഷിക്കുന്ന ഏക താരമാണ് ബനേഗ.
ആയതിനാൽ തന്നെ ബനേഗയുടെ ക്രീറ്റിവിറ്റിക്കൊപ്പം അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ആവശ്യമായി വരും. ഒരുപക്ഷെ ഈ ഫൈനലിൽ ഒട്ടുമിക്ക ആരാധകരും പണ്ഡിതന്മാരും ഉറ്റു നോക്കുന്നതും അദ്ദേഹത്തിന്റെ പ്രകടനത്തെ തന്നെയാവും. കടലാസ്സിൽ സെവിയ്യയെക്കാൾ പതിൻമടങ്ങ് ശക്തരാണ് ഇന്റർ. പക്ഷെ ഒരു നിമിഷത്തെ ബ്രില്ലിയൻസ് കൊണ്ട് കളിയുടെ ഗതി മാറ്റുന്ന ബനേഗയെ പേടിക്കാതെ ഇറ്റാലിയൻ ടീമിന് മുന്നോട്ട് പോകാൻ ആകില്ല. ഈ പ്രത്യേകത തന്നെയാകും സ്വന്തം ടീമും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
സെമി ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താളം തെറ്റിച്ചത് ബനേഗയുടെ മധ്യനിരയിലെ സാന്നിധ്യമാണ്. അതെ നിലവാരത്തിൽ അദ്ദേഹം കളിച്ചാൽ ഇന്ററിന് കാര്യങ്ങൾ ബുദ്ധിമുട്ടാകും. ഏതായാലും ഇന്നത്തെ യൂറോപ്യൻ ഫുട്ബോളിലെ പ്രതിഭ സമ്പന്നനായ താരമാണ് ബനേഗ. അദ്ദേഹത്തിന്റെ അവസാന മത്സരം പൂർണമായി ആസ്വദിക്കാനാകും എല്ലാ ആരാധകരും ശ്രമിക്കുക. ആരാധകരുടെ പ്രതീക്ഷക്കൊത്തു അദ്ദേഹത്തിന് മികവ് പുറത്തെടുക്കാൻ സാധിക്കട്ടെ.