ഇന്ന് ലുക്കാക്കുവിന്റെ രാത്രിയോ ?
75 മില്യൺ യൂറോ എന്ന പ്രൈസ് ടാഗ് വളരെ അധികം ഭാരമായിരുന്നു റൊമേലു ലുക്കാക്കുവിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചാർത്തി കൊടുത്തത്. അതിനോട് നീതി പുലർത്താൻ താരത്തിന് സാധിച്ചില്ല എന്നുള്ളതും വസ്തുത. യുണൈറ്റഡ് പോലുള്ള ടീമിൽ കളിക്കാനുള്ള യോഗ്യത ഇല്ല എന്ന് മുദ്രകുത്തി തലതാഴ്ത്തി തന്നെ അദ്ദേഹത്തിന് ഇന്ററിലേക്ക് വണ്ടി കയറേണ്ടിയും വന്നു.
എന്നാൽ ഇന്ന് ലുക്കാക്കു പുനർജ്ജന്മം നേടിയ ഒരു താരമായി മാറിയിരിക്കുന്നു. റൊണാൾഡോ നാസറിയോയുമായി വരെ ആരാധകർ അദ്ദേഹത്തിന്റെ കന്നി സീസണെ വിലയിരുത്തുന്നു. സംഖ്യകളുടെ കണക്കെടുത്താൽ അതിൽ കഴമ്പുണ്ടെന്നും മനസിലാകും.
Lukaku 2019/20
50 Games
33 Goals
6 Assists
4099 Minutes
124 Mins/Goal
Ronaldo Nazario 1997/98
47 Games
34 Goals
5 Assists
4099 Minutes
122 Mins/Goal
ആദ്യ സീസണിൽ തന്നെ 20 ഗോളുകളിൽ അധികം സീരി എ യിൽ റൊണാൾഡോക്ക് ശേഷം നേടുന്ന ആദ്യ ഇന്റർ താരമായി അദ്ദേഹം മാറുകയുണ്ടായി. എന്നാൽ കണക്കിലെ കളിയിൽ മാത്രമല്ല ലുക്കാക്കു പരാമര്ശിക്കപ്പെടേണ്ടത്. ഒരു തികഞ്ഞ സ്‌ട്രൈക്കർ എന്ന് യൂറോപ്പിൽ വിരലിൽ എണ്ണാവുന്ന താരങ്ങളുടെ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയാലും അതിശയിക്കാനില്ല. യൂറോപ്പ ലീഗിന്റെ സെമിയിൽ ഷാക്തറിനെതിരെ നേടിയ രണ്ടു ഗോളുകളും അത് അടിവര ഇടുന്നു.
മുൻനിര ക്ലബ്ബുകളുടെ മുന്നിൽ ബാലിശമെന്ന വിമർശനം ഇന്നും നിലനിൽക്കുന്നു. പക്ഷെ ഓർക്കേണ്ട ഒരു കാര്യമുണ്ട്. 10 വർഷത്തിന് ശേഷമാണ് ഇന്റർ മിലൻ ഇറ്റാലിയൻ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തുന്നത്. അതിൽ ലുക്കാക്കു നിർവഹിച്ച പങ്കു ആർക്കും തള്ളിപ്പറയാൻ ആകില്ല.നാപോളി, എ.സി മിലാൻ എന്നീ ടീമുകൾക്കെതിരെ നിർണായക സമയത്ത് ഗോളുകൾ അടിച്ചു അദ്ദേഹം ടീമിനെ രക്ഷിക്കുകയും ചെയ്തു. ബാഴ്സലോണയ്ക്കെതിരെ ഇന്റർ തോറ്റ മത്സരത്തിൽ ടീമിനായി ആശ്വാസ ഗോൾ നേടിയതും അദ്ദേഹം തന്നെ. ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ഇമ്മൊബിൽ, റൊണാൾഡോ എന്നിവർക്ക് താഴെ മൂന്നാമതായി അദ്ദേഹം ഫിനിഷ് ചെയുകയും ചെയ്തു. ലുക്കാക്കുവിന്റെ പ്രകടനം കണ്ടു നിരാശയിലായ യുണൈറ്റഡ് ആരാധകരും കുറവല്ല.
ഒരു പ്രധാന ട്രോഫി നേടുകയാണെങ്കിൽ ലുക്കാക്കു എന്ന താരത്തിന് നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. മാർട്ടിനെസുമായി ഉണ്ടാക്കിയ സ്വപ്നതുല്യമായ കൂട്ടുകെട്ട് ഫൈനലിൽ പുറത്തെടുത്താൽ യൂറോപ്പ ലീഗ് കിരീടം ഇറ്റലിയിൽ എത്തും. ലോകത്തിന് ഒരു മറുപടി എന്ന നിലയിൽ ആകും അദ്ദേഹം ഈ ഫൈനൽ മത്സരത്തെ നോക്കി കാണുക. ചരിത്രം കുറിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.