ആൻഫീൽഡിന്റെ 96 പേർ !!
ചരിത്രത്തിന് ഇങ്ങനെ ചില ഏടുകളുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ടുള്ള ഒറ്റ നോട്ടം കൊണ്ട് മനസ്സിലാകാത്തവ. … 31 വർഷങ്ങൾക്ക് മുമ്പൊരു ഏപ്രിൽ 15-ന് ലിവർപൂളിന്റെ നിറങ്ങളിൽ തങ്ങളുടെ പ്രിയ ക്ലബ്ബിനെ സപ്പോർട്ട് ചെയ്യാൻ പോയതാണവർ… അതിൽ 96 പേർക്ക് തിരിച്ചു തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അരികിലേക്ക് എത്തുവാൻ ഭാഗ്യമുണ്ടായിരുന്നില്ല… ഷെഫീൽഡ് വെനസ്ഡേയുടെ ഹോം ഗ്രൗണ്ടായ ഹിൽസ്ബറോയിൽ ഒരു മതിലിനോട് ഇറുകി ചേർന്ന് ശ്വാസം ലഭിക്കാതെയും തിരക്കിന്റെ അതിപ്രസരത്തിലും ജീവൻ നഷ്ടമായ 96 ലിവർപൂൾ ആരാധകർ….
മാർഗരറ്റ് താച്ചറിന് കീഴിലുണ്ടായിരുന്ന വിഗ്സ് സർക്കാരും അന്നത്തെ ഒരുപറ്റം മാധ്യമങ്ങളും അവരുടെ മരണത്തിന് കാരണമായി അവരെ തന്നെയും ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിനേയും പ്രതിഷ്ഠിക്കാൻ ശ്രമിച്ചപ്പോൾ ലിവർപൂൾ നഗരത്തിനും ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിനും നഷ്ടമായത് അതിന്റെ അസ്തിത്വങ്ങളാണ്… ബ്രിട്ടീഷ് ലേബർ പാർട്ടിയുടെ ഈറ്റില്ലം എന്നറിയപ്പെട്ടിരുന്ന ലിവർപൂൾ നഗരത്തിനും സോഷ്യലിസ്റ്റ് ആശയങ്ങൾ യൂറോപ്പിലെങ്ങും പാടി നടന്നിരുന്ന ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിനും താച്ചറുടെ വലത്തുപക്ഷ സർക്കാരും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും മേഞ്ഞെടുത്ത വമ്പൻ കെണി! ആ കെണിയിൽ വീണുപോയ ക്ലബ്ബിന് അതുവരെ ഇംഗ്ലണ്ടിലും യൂറോപ്പിലും ഉണ്ടായിരുന്ന അതിന്റെ വൈകാരികമായ അതികായത്വം നഷ്ടമായത് അവിടെയാണ്.
അവിടെ നിന്നാണ് ഇന്ന് വിരാമമണിഞ്ഞ 30 വർഷത്തെ ലീഗ് ക്ഷാമത്തിന് തുടക്കമായത്… 30 വർഷം ലിവർപൂൾ എഫ് സി ലീഗിനായി പുൽമൈതാനങ്ങളിൽ പോരാടിയെങ്കിൽ അതിന്റെ ആരാധകർ മൈതാനങ്ങൾക്ക് പുറത്ത് പോരാടിയത് മണ്ണടിഞ്ഞ ആ 96 പേർക്കുള്ള നീതിക്ക് വേണ്ടിയായിരുന്നു. നഗരത്തിലെ തെരുവുകളിൽ തുടങ്ങി ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലുമൊക്കെയായി justice for the 96 ക്യാമ്പെയ്നുകൾ കനലൊഴിയാത്ത ആഴികളായി കാത്ത് സൂക്ഷിച്ചത് അവരാണ്. ഒടുക്കം നീണ്ട 27 വർഷങ്ങൾക്ക് ശേഷം 2016-ൽ അതിന്റെ രണ്ടാം അന്വേഷണത്തിൽ തെറ്റുകാർ അന്ന് അവിടെയുണ്ടായിരുന്ന പോലിസ് സേനയായിരുന്നു എന്ന് തെളിയുമ്പോൾ ലിവർപൂൾ എഫ് സി യുടെ ലീഗ് ടൈറ്റിൽ കൗണ്ടറിൽ അക്കങ്ങൾ അനക്കമറ്റിട്ട് 26 വർഷങ്ങൾ കഴിഞ്ഞിരുന്നു…
ഇന്ന് ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ ക്രസ്റ്റിലേക്ക് കണ്ണോടിച്ചാൽ അതിന് കീഴ്ഭാഗത്ത് ഇരുവശങ്ങളിലുമായി രണ്ട് നാളങ്ങൾ കാണാൻ സാധിക്കും… അത് അവരാണ്… ഞങ്ങളിൽ പെടുന്ന, ഈ ക്ലബ്ബിൽ പെടുന്ന ആരാധകസമ്പത്തിൽ നിന്നും പൊഴിഞ്ഞുപോയ ആ 96 പേർ… ഇന്ന് ആൻഫീൽഡിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കോപ്പെന്റിൽ ജോർഡൻ ഹെൻഡേഴ്സൺ ആ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയപ്പോൾ പ്രിമിയർ ലീഗ് ടേബിളിന്റെ അമരത്ത് ലിവർപൂൾ എഫ് സി എന്ന പേരിനോട് ചേർന്നു കിടന്നിരുന്ന അക്കത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരുപക്ഷെ അതിശയം തോന്നാം, കാരണം കോവിഡ് ലോക്ക് ഡൗണിന് ശേഷമുള്ള പ്രിമിയർ ലീഗ് റീസ്റ്റാർട്ടിൽ ജയിച്ചും സമനിലയിൽ പിരിഞ്ഞും തോറ്റും അതിനെ മുൻപേ ഉണ്ടായിരുന്ന സകല മൊമെന്റവും കളഞ്ഞു കുളിച്ചും യർഗൻ ക്ലോപ്പിന്റെ ടീം എത്തി നിൽക്കുന്നത് അതേ രണ്ട് അക്കങ്ങളിലാണ്. 96! കേൾക്കുമ്പോൾ തോന്നുന്ന വൈചിത്ര്യത്തെ ചരിത്രം സാധുകരിക്കുകയാണ് ഇവിടെ…. അല്ലെങ്കിലും കാൽപന്ത് കാൽപ്പനികതയാണല്ലൊ, ഇവിടെ ഇത്തരം കഥകൾ ഉരുത്തിരിഞ്ഞില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളല്ലൊ!