ഫെർലാൻഡ് മെൻഡി – സിദാൻ ഊതിക്കാച്ചിയ പൊന്ന്
ഫെർലാണ്ട് മെൻഡി എന്ന 24 കാരൻ പയ്യനെ സൈൻ ചെയ്യുമ്പോൾ നെറ്റി ചുളുക്കിയവരാണ് റയൽ ആരാധകരിൽ പലരും. ലെഫ്റ്റ് ബാക്ക് ആയി മാർസെലോ ഉള്ളപ്പോൾ വീണ്ടും ഒരു സൈനിംഗ്, അതും കഴിവുള്ള യുവതാരങ്ങൾ ലോണിൽ മറ്റ് ക്ലബ്ബുകളിൽ കളിക്കുന്ന സമയത്ത് അനാവശ്യമായ ഒരു സൈനിംഗ് ആണെന്ന് പലരും പറഞ്ഞു. എന്നാൽ സിദാൻ എന്ന കോച്ച് തന്നിൽ അർപ്പിച്ച വിശ്വാസം എത്രത്തോളം വലുതാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്ന രീതിയിലായിരുന്നു സീസൺ ഉടനീളം മെൻഡിയുടെ പ്രകടനം. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ സീനിയർ താരം മാർസെലോയോട് മത്സരിച്ചു വേണം തന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കാൻ കഴിയുകയുള്ളു എന്ന് മെൻഡിക്ക് നല്ലത് പോലെ അറിയാമായിരുന്നു. അതിന് വേണ്ടി അദ്ദേഹം കഠിനപ്രയത്നം നടത്തികൊണ്ടിരുന്നു. കിട്ടിയ അവസരങ്ങൾ നന്നായി മുതലാക്കി എന്ന് വേണം ഒരർത്ഥത്തിൽ പറയുവാൻ. ഡിഫൻസിൽ നിന്നും കിട്ടുന്ന ബോൾ തന്റെ വേഗത കൊണ്ട് എതിർ കളിക്കാരെ കബളിപ്പിച്ച് എതിർ ടീമിന്റെ ബോക്സിൽ എത്തുകയും തുടരെ തുടരെ മുന്നേറ്റ നിരക്ക് കൃത്യമാർന്ന ക്രോസ്സുകൾ നൽകുകയും തിരിച്ച് അതേ വേഗത്തിൽ തന്നെ ഡിഫൻസിനെ സഹായിക്കുവാൻ നാല് പേരിൽ ഒരാളായി മെൻഡിയെ റയൽ നിരയിൽ ഉടനീളം കാണാൻ കഴിഞ്ഞു.
ഇതിനിടയിൽ മാർസെലോക്ക് ഉണ്ടായ പരിക്ക് കാരണം മെൻഡിയുടെ സ്ഥാനം ടീമിൽ അരക്കെട്ടിട്ട് ഉറപ്പിക്കാൻ അദ്ദേഹത്തിനായി. എടുത്ത് പറയേണ്ട കാര്യം എതിരാളിയുടെ കാലിൽ നിന്നും ഒരു കഴുകനെ പോലെ പന്ത് റാഞ്ചി തന്റെ വേഗത കൊണ്ട് മുന്നേറ്റ നിരക്ക് എത്തിക്കുകയും, ആപത്ത് ഘട്ടങ്ങളിൽ ഡിഫൻസിൽ തന്റെ സേവനം കൃത്യതയോടെ നടപ്പിലാക്കാനും ഉള്ള മെൻഡിയുടെ ആ കഴിവിനെയാണ്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കുറവ് ഗോൾ കൺസീഡ് ചെയ്ത ടീമിലെ ഒരു നിശബ്ദ പോരാളിയായി അയാൾ മാറിക്കഴിഞ്ഞു. ഇതിനിടയിൽ റയലിന് വേണ്ടി ഒരു ഗോൾ നേടാനും അദ്ദേഹത്തിനായി.
മാർസെലോയുടെ പകരക്കാരൻ എന്നയിടത്ത് നിന്നും മാർസെലോയെ പോലെ ഒരു കളിക്കാരൻ ആകാൻ കഴിയും എന്ന് റയൽ ആരാധകരെ കൊണ്ട് പറയിപ്പിക്കാൻ അദ്ദേഹത്തിന് ഒരു സീസൺ പോലും വേണ്ടി വന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇതിനൊപ്പം റയലിന്റെ കൂടെ ഒരു സൂപ്പർ കപ്പ്, ഒരു ലാ ലിഗ എന്നീ കിരീട നേട്ടങ്ങളിൽ പങ്കാളിയാകാൻ മെൻഡിക്ക് കഴിഞ്ഞു. വരും സീസണുകളിൽ അദ്ദേഹത്തിന് തന്റെ മികച്ച ഫോം ഇതുപോലെ നിലനിർത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
#RMLK






































