ജോർജ് ഫ്ലോയിഡിന് നീതി തേടി ഫുട്ബോൾ ലോകവും; #justiceforgeorge
ബൊറൂസിയ ഡോർട്ട്മുണ്ടിനുവേണ്ടി 57ആം മിനുട്ടിൽ ഗോളടിച്ച് ജർമനിയിലെ ഏറ്റവും വിലയേറിയ ഫുട്ബോൾ താരം സാഞ്ചോ തൻ്റെ ജേഴ്സിയൂരി. ഒട്ടിക്കിടക്കുന്ന സാഞ്ചോയുടെ ഇന്നറിൽ അമേരിക്കയിൽ വംശീയവിദ്വേഷത്തിനിരയായി കൊല്ലപ്പെട്ട ജോർജിൻ്റെ പേരുണ്ടായിരുന്നു. സാഞ്ചോ ചുളിവുകൾ നിവർത്തിക്കൊണ്ട് നൂറുകണക്കിന് ക്യാമറകൾക്ക് മുന്നിൽ #justiceforgeorge എന്നെഴുതിയ വസ്ത്രം കാണിച്ചു.
ഇന്നലെ ലോകത്തിലെ ഏറ്റവും വിലയേറിയ താരം കെയിലിയൻ എംബാപ്പെ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ #justiceforgeorge എന്നെഴുതിക്കൊണ്ട് തൻ്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
എഫ് സി ഷാൽക്കെ താരവും അമേരിക്കൻ ദേശീയ ഫുട്ബോൾ ടീമിലെ മിഡ്ഫീൽഡറുമായ മക്കെന്നി ജോർജിനായി ആം ബാന്റ് ധരിച്ചാണ് മുഴുവൻ സമയവും കളിച്ചത്.
യൂണിയൻ ബെർലിനെതിരെ ഗോളടിച്ച് മാർക്കസ് തുറാം നടത്തിയ ആഘോഷ പ്രകടനം 2016ൽ വംശീയതക്കെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായി കോളിൻ കോപ്പർനിക്ക് അമേരിക്കൻ ദേശീയഗാനാലാപന സമയത്ത് നടർത്തിയ മുട്ടുകുത്തലിൻ്റെ മാതൃകയിലായിരുന്നു.
ഫുട്ബോളിൻ്റെ എക്കാലത്തെയും മുദ്രാവാക്യങ്ങളിലൊന്നാണ് #saynotoracism. ലോകത്തിൽ വംശീയവിദ്വേഷം കൂടിവരുന്ന സാഹചര്യത്തിൽ, ഐക്യദാർഢ്യത്തിൻ്റെ ഭാഷ ഈ പ്രമുഖ കളിക്കാരിൽ നിന്നുയരുന്നത് വലിയ കാര്യമാണ്. ലോകമെങ്ങും ജോർജിനായി മുദ്രാവാക്യങ്ങൾ മുഴങ്ങുമ്പോൾ പതിനായിരക്കണക്കിനാളുകൾ തിങ്ങിനിറഞ്ഞ ഫുട്ബോൾ ഗ്യാലറികളിലേക്കും അതിൻ്റെ അലയൊലികൾ കടന്നുവരുന്നത് ആവേശം പകരുന്നതുമാണ്.