കൃഷ്ണമാചാരി ശ്രീകാന്ത് – ഇന്ത്യയുടെ ആദ്യ ആക്രമണകാരിയായ ഓപ്പണർ; സെവാഗിന്റെ മുൻഗാമി
1988 ജനുവരി, തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്‌റ്റേഡിയം ക്രിക്കറ്റ് ചരിത്രത്തിൽ കേരളത്തിന് ലഭിച്ച രണ്ടാമത്തെ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ്. കാലം തെറ്റി പെയ്ത മഴ കൂട്ടിനുണ്ട്. പരമ്പര നേടിയ വെസ്റ്റിൻഡീസ് വിവ് റിച്ചാർഡ്സിൻ്റെ നേതൃത്വത്തിൽ ഫീൽഡിങ്ങിന് ഇറങ്ങി. 45 ഓവറായി ചുരുക്കിയ മത്സരത്തിൽ പതിവുപോലെ ആ ഇന്ത്യൻ ഓപ്പണർ തകർത്തടിച്ചു.160 ൽ രണ്ടാം വിക്കറ്റായി പുറത്തു പോവുമ്പോൾ കൃഷ്ണമാചാരി ശ്രീകാന്ത് നേടിയത് 106 പന്തിൽ നിന്ന് പത്തു ഫോറും മൂന്ന് സിക്സും അടക്കം 101 റൺസ് ആയിരുന്നു.
1981ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് – ഏകദിന അരങ്ങേറ്റം കുറിച്ച ശ്രീകാന്തിന്, ദീർഘകാലം തൻ്റെ ഓപ്പണിങ് പങ്കാളിയായിരുന്ന സുനിൽ ഗാവസ്കറിൽ നിന്ന് വിഭിന്നമായ കാഴ്ചപ്പാടായിരുന്നു. ടെസ്റ്റിൽ 75ഉം ഏകദിനത്തിൽ 71 ഉം സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്ന ഈ ഇലക്ട്രിക്കൽ എഞ്ചിനീയർ പക്ഷേ പലപ്പോഴും ദീർഘമായ ഇന്നിംഗ്സുകൾ കളിക്കാൻ ക്ഷമ കാണിച്ചിരുന്നില്ല എന്നത് ഒരു പോരായ്മയായിരുന്നു. അക്കാരണം കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ആവറേജ് 30 ൽ താഴെ നിലകൊണ്ടു.
“പന്ത് ബൗണ്ടറി കടന്നോ ഇല്ലയോ എന്നതു മാത്രമേ ശ്രദ്ധിക്കാറുള്ളൂ”- ശ്രീകാന്തിൻ്റെ ഈ വാക്കുകൾ തന്നെ അദ്ദേഹത്തിൻ്റെ ബാറ്റിങ്ങിനോടുള്ള മനോഭാവത്തിന് തെളിവാണ്. കോപ്പി ബുക്ക് ശൈലിയിൽ നിന്നകന്ന് നിന്നിരുന്ന അദ്ദേഹത്തിൻ്റെ ഈ സ്വഭാവം തന്നെയായിരുന്നു എതിർ ക്യാമ്പിൻ്റെ പ്രധാന പിടിവള്ളിയും . തൻ്റെതായ ദിവസങ്ങളിൽ കത്തിക്കയറിയിരുന്ന ശ്രീകാന്ത് മാർഷൽ, ഹോൾഡിങ്, ഇമ്രാൻ, ബോതം തുടങ്ങിയ ന്യൂ ബോൾ ബൗളർമാർക്ക് സ്ഥിരം തലവേദനയായിരുന്നു. ഓപ്പണിങ് ടീമിലെ ഒരു എൻഡിൽ ഗാവസ്കർ ,ലാംബ, അരുൺലാൽ, സിദ്ദു, ശാസ്ത്രി എന്നിങ്ങനെ പലരും മാറി വന്നെങ്കിലും ഒരു ദശാബ്ദക്കാലം ഇന്ത്യൻ ഓപ്പണിങ് വിക്കറ്റിലെ സ്ഥായിയായ മുഖം, ജലദോഷം വന്ന പോലെ മുഖം കൊണ്ട് ആക്ഷൻ കാണിക്കുന്ന ഈ തമിഴ്നാടുകാരൻ്റെതായിരുന്നു.
1989 ൽ പാക്കിസ്ഥാൻ ടൂറിൽ ശ്രീകാന്തിനെ തേടി ക്യാപ്റ്റൻസി വന്നെങ്കിലും പരമ്പര സമനിലയായതും മോശം ഫോമും പുറത്തേക്ക് വഴിതെളിച്ചു. 1991-92 ൽ ഓസീസ് പര്യടനത്തിനും ലോകകപ്പിനും തിരിച്ചു വന്നെങ്കിലും പഴയ ഫോം തുടരാൻ കഴിയാതിരുന്ന അദ്ദേഹം ലോകകപ്പോടെ പാഡഴിച്ചു. 43 ടെസ്റ്റിൽ നിന്ന് രണ്ടു സെഞ്ചുറിയോടെ 2062 റണ്സും, 146 ഏകദിനത്തിൽ നിന്ന് നാലു സെഞ്ചുറി യോടെ 4091 റൺസും അദ്ദേഹം നേടി. അത്യാവശ്യ ഘട്ടത്തിൽ പാർട് ടൈം ഓഫ് സ്പിന്നറായും തിളങ്ങിയിരുന്ന ഇദ്ദേഹം ഏകദിനത്തിൽ 25 വിക്കറ്റുകളും നേടിയിട്ടുണ്ട്. 1988ൽ ന്യൂസിലാൻറിനെതിരെ തുടർച്ചയായ മത്സരങ്ങളിൽ അർദ്ധ സെഞ്ചുറിയും 5 വിക്കറ്റും നേടിയത് റെക്കോർഡാണ്. വിൻഡീസിന് ഗ്രീനിഡ്ജ് – ഹെയ്ൻസുമാരും സിമൺസും ഓസീസിന് ബൂൺ-മാർഷുമാരും നിറഞ്ഞു നിന്ന കാലത്ത് അവർക്കുള്ള ഇന്ത്യൻ മറുപടിയായിരുന്നു സെവാഗിൻ്റെയും ധവാൻ്റെയുമെല്ലാം മുൻഗാമിയായ ഈ സ്ട്രോക്ക് മേക്കർ. റിട്ടയർമെൻ്റിനു ശേഷം കുടുംബ ബിസിനസിലേക്ക് തിരിഞ്ഞ ശ്രീകാന്ത് 2008 ൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ അംബാസെഡർ, 2008 – 12 ൽ ഇന്ത്യൻ ചീഫ് സെലക്ടർ, 2012 മുതൽ സൺ റൈസേഴ്സ് ഹൈദരാബാദ് അംബാസഡർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.