മണിബോള്‍- കളികളത്തിലെ കണക്കുകള്‍ വിവരിച്ച മാസ്റ്റര്‍പ്പീസ്
പ്രസിദ്ധ ഹോളിവുഡ് അഭിനേതകളായ ബ്രാഡ് പിറ്റ്,ജോനാ ഹില്‍,ക്രിസ് പ്രാറ്റ്,ഫിലിപ് സെയ്മോര്‍ ഹോഫ്മാന്‍,റോബിന് റൈറ്റ് എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച് 2011 സെപ്റ്റംബര്‍ 23ഇന്‍ റിലീസ് ചെയ്ത സിനിമയാണ് മണിബോള്‍.മൈക്കല്‍ ലെവിസിന്റെ പ്രശ്സ്തമായ “മണിബോള്‍:ദി ആര്‍ട്ട് ഓഫ് വിന്നിങ് എന്‍ അണ്‍ഫെയര്‍ ഗെയിം” എന്ന പുസ്തകത്തിനെ കേന്ദ്രീകരിച്ചാണ് ഈ സിനിമ എടുത്തിട്ടുള്ളത്.ബെന്നറ്റ് മില്ലര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് തിരകഥ എഴുതിയത് സ്റ്റീവന്‍ സൈലാന്‍,ആരോണ്‍ സോര്ക്കിന് എന്നിവരാണ്.സിനിമയുടെ പ്രമേയം ഓക്ക്ലന്‍ഡ് അത്ലറ്റിക്സ് ബേസ്ബോള്‍ ടീമിന്റെ ജനറല്‍ മാനേജര്‍ ബില്ലി ബീന്‍,സേബര്മെട്രിക്സ് എന്ന ആശയം മുന്നില്‍ വച്ച് കൊണ്ട് വേള്‍ഡ് സീരീസിന് ശക്തരായ ടീമിനെ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.ബില്ലി ബീനായി ബ്രാഡ് പിറ്റും ബീനിന്റെ അസിസ്റ്റന്റ് പീറ്റര്‍ ബ്രാണ്ടായി ജോനാ ഹിലും വേഷമിടുന്നു.
2001 അമേരിക്കന്‍ ലീഗ് ഡിവിഷന് സീരീസില്‍ ന്യൂ യോര്‍ക്ക് യാന്കീസിനോട് പരാചയപ്പെട്ട ഓക്ക്ലന്‍ഡ് അത്ലറ്റിക്ക്സ് നേരിടാന്‍ പോകുന്നത് വലിയ ദുരന്തമാണ്.എന്തെന്നാല്‍ ടീമിലെ മികച്ച കളിക്കാരായ ജോണി ഡാമെന്‍,ജേസണ്‍ ജിയാംബി,ജേസണ്‍ ഇസൃങ്ഹെവ്സന് എന്നിവര്‍ പോവുകയാണ്.പുതിയ താരങ്ങളെ വാങ്ങാന്‍ ക്ലബിന്റെ കൈയില്‍ പണവുമില്ല. ജനറല്‍ മാനേജറായ ബില്ലി ബീനിന് തന്റെ ക്ലബിന്റെ കൈയിലുള്ള ചുരുങ്ങിയ ബഡ്ജറ്റ് കൊണ്ട് 2002 സീസണില്‍ മികച്ച ടീമിനെ കളത്തിലിറക്കണം.ബില്ലി ബീന്‍ എന്ന വ്യക്തി ഏകാന്തനായ ഒരാളാണ്.ജീവിതത്തില്‍ തന്നെ വിട്ട് പോയ പങ്കാളി ഇപ്പോള്‍ മറ്റൊരാളുമായി ജീവിക്കുകയാണ്.ബീനിന്റെ മകള്‍ അവളുടെ അമ്മയുടെയും വളര്‍ത്തച്ഛന്റെയും ഒപ്പം കഴിയുന്നു.ബില്ലി ബീന്‍ ജീവിതത്തില്‍ മാത്രമല്ല കളികളത്തിലും തോറ്റ വ്യക്തിയാണ്.ഹൈ സ്കൂളില്‍ നിന്ന് ബേസ് ബോള്‍ താരമായി വളര്‍ന്ന ബില്ലിയുടെ വേള്‍ഡ് സീരീസിലെ പ്രകടനം നിരാശാജനകമായിരുന്നു.താരങ്ങളുടെ ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി ക്ലീവ്ലന്റ് ഇന്ദ്യന്സില് വരുന്ന ബില്ലി അവിടെ വച്ച് പീറ്റര്‍ ബ്രാന്‍ഡിനെ പരിചയപ്പെടുന്നു.പീറ്റര്‍ ബ്രാന്‍ഡ് യേല്‍ സ്കൂള്‍ ഓഫ് ഏകോണോമിക്സ് ബിരുദദാരിയാണ്. ബേസ്ബോള്‍ താരങ്ങളെ കുറിച്ച് പഠിക്കുവാനും അവരുടെ മൂല്യം നിര്‍ണയിക്കുവാനും കഴിവുള്ള ആശയത്തിനെ കുറിച്ച് പീറ്റര്‍ ബില്ലിയോട് പറയുന്നു.സ്റ്റാറ്റിസ്റ്റിക്സ് വച്ച് വില കുറഞ്ഞ മികച്ച താരങ്ങളെ കണ്ടുപിടിക്കുവാനും അങ്ങനെ ഒരു ചാമ്പ്യന്‍ഷിപ് ടീമിനെ വളരെ കുറഞ്ഞ വിലയ്ക്ക് ഉണ്ടാക്കുവാനും സാധിക്കും എന്ന് പീറ്റര്‍ പറയുന്നു.പീറ്ററിനെ പരീക്ഷിക്കാന്‍ ബില്ലി,സേബര്മെട്രിക്സ് എന്ന ആശയം ഉള്‍കൊണ്ട് ഹൈസ്കൂളില്‍ കളിച്ചിരുന്ന തന്നെ പീറ്ററിന്റെ ടീമില്‍ എടുക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നും ഒമ്പതാം റൌണ്ടില്‍ മാത്രമേ ബില്ലിയെ ടീമില്‍ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്ന മറുപടിയില്‍ തൃപ്തനായ ബില്ലി പീറ്ററിനെ തന്റെ അസിസ്റ്റന്റായി നിയമിക്കുന്നു.അങ്ങനെ ബില്ലിയും പീറ്ററും ചേര്‍ന്ന് പുതിയ ഒരു ടീം പണിയുകയാണ്. ബേസ്ബോളിനെ കുറിച്ച് സാമാന്യം അറിവുള്ള ഏതൊരാളും വിഡ്ഡിത്തം എന്ന് പറയുന്ന പല കാര്യങ്ങളും ഇരുവരും ചേര്‍ന്ന് ഓക്ക്ലന്റില് നടപ്പാക്കും.ക്ലബിലെ പല മുതിര്‍ന്ന അങ്കങ്ങളും ബില്ലിയെ ചോദ്യം ചെയ്യാന്‍ തുടങ്ങും.എല്ലാവരെയും നിശബ്ദരാക്കി കൊണ്ട് ബില്ലി തന്റെ ടീമിനെ പുതുക്കി പണിയുന്നു. തന്നെ എതിര്‍ത്ത ഹെഡ് സ്കൌട്ട് ഗ്രേഡി ഫ്യൂസണെ ക്ലബില്‍ നിന്ന് പുറത്തക്കാനും ബില്ലി മടിക്കുന്നില്ല.ക്ലബ് മാനേജര്‍ ആര്‍ട്ട് ഹോവേ ബില്ലിയുടെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നു.അങ്ങനെ പല എതിര്‍പ്പുകളും താണ്ടി ബില്ലി തന്റെ ടീമിനെ കളത്തിലിറക്കുന്നു.തുടക്കത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ഓക്ക്ലന്റ് അത്ലറ്റിക്സ് പതിയെ താളം കണ്ടെത്തുന്നു.അങ്ങനെ അത്ലറ്റിക്സ് തുടര്‍ച്ചയായി ജയിക്കാന്‍ തുടങ്ങും.തുടര്‍ച്ചയായി 20 ജയങ്ങള്‍ എന്ന അമേരിക്കന്‍ റെകോര്‍ഡും അത്ലറ്റിക്ക്സ് നേടുകയും ചെയ്യും. അമേരിക്കന്‍ വെസ്റ്റ് ലീഗ് നേടിയ അത്ലറ്റിക്സ്, അമേരിക്കന്‍ ലീഗ് ഡിവിഷനില്‍ മിനസോഡ ട്വിന്‍സിനോട് പരാചയം ഏറ്റുവാങ്ങുന്നു.ഇതിനിടെ ബില്ലി ബീനും അദ്ദേഹം താരങ്ങളെ കുറിച്ച് പഠിക്കാന്‍ ഉപയോഗിക്കുന്ന അനലറ്റിക്കല്‍ മോഡലും പ്രശസ്തമാവുകയും,ബോസ്റ്റണ്‍ റെഡ് സോക്സിന്റെ ഉടമ ജോണ്‍ ഹെന്റി തന്റെ ടീമിന്റെ ജനറല്‍ മാനേജര്‍ സ്ഥാനം ബില്ലിക്ക് വാഗ്ദാനം നല്കുന്നു എന്നാല്‍ ഹെന്റിയുടെ വാഗ്ദാനം ബില്ലി നിരസിക്കുകയും, ഒക്ക്ലന്റില്‍ തുടരുകയും ചെയുന്നു.രണ്ട് വര്‍ഷത്തിന് ശേഷം റെഡ് സോക്സ് അത്ലറ്റിക്സിന്റെ അനലറ്റിക്കല്‍ മോഡല്‍ ഉപയോഗിച്ച് വേള്‍ഡ് സീരീസ് നേടുന്നു. സാധാരണ സ്പോര്‍ട്ട്സ് സിനിമകളിലെ പോലെ കാണികളെ ആവേശം കൊള്ളിക്കുന്ന സിനിമയല്ല മണിബോള്‍.പിച്ചില്‍ എന്ത് നടക്കുന്നു എന്നതൊഴിച്ച് അതിനപ്പുറത്ത് ഒരു സ്പോര്‍ട്ട്സ് ക്ലബ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അതിന്റെ ഉള്ളിലെ വ്യവസ്ഥകളും ക്ലബിന്റ്റെ കോര്‍പ്പറേറ്റ് ഘടനയെ കുറിച്ചും വിവരിക്കുന്ന സിനിമയാണ് മണിബോള്‍.ഒരു നല്ല സ്പോര്‍ട്ട്സ് പ്രേമിക്ക് തികച്ചും വ്യത്യസ്ഥമായ ഒരനുഭവം ഈ സിനിമ നല്‍കും എന്നത് തീര്‍ച്ച.