ലോർഡ്‌സിൽ ഇന്ത്യയെഴുതിയ രണ്ടാം ചരിത്രം
ലോർഡ്സിലെ ഗാലറി ആർത്തിരമ്പുകയാണ്. പക്ഷേ അതൊരു ഇന്ത്യൻ വിജയം പ്രതീക്ഷിച്ചായിരുന്നില്ല. നാറ്റ്വെസ്റ്റ് കിരീടത്തിലേക്കുള്ള യാത്രയിൽ ഇംഗ്ലീഷ് ടീം ഒരു തുഴപ്പാടരികെയെത്തിയതിന്റെ ആരവങ്ങളായിരുന്നു അവിടെ അലയടിച്ചത്. ആദ്യം ബാറ്റു ചെയ്ത ആതിഥേയർ ഉയർത്തിയ മുന്നൂറ്റി ഇരുപത്തിയാറു റണ്ണുകൾ എന്ന് വിജയലക്ഷ്യം ഇന്ത്യൻ ടീമിന് ഏതാണ്ട് അപ്രാപ്യമായിരുന്നു. സെഞ്ചുറികൾ നേടിയ ഇംഗ്ലീഷ് ഓപ്പണർ മാർക് ട്രെസ്ക്കോതിക്കും നായകൻ നാസർ ഹുസൈനും ചേർന്ന ആദ്യപകുതി അവസാനിച്ചപ്പോൾത്തന്നെ ഇന്ത്യൻ ടീമിന്റെ മുഴുവൻ ആത്മവീര്യവും തല്ലിക്കെടുത്തിയിരുന്നു.
ഇന്ത്യയും ഇംഗ്ലണ്ടും ശ്രീലങ്കയും മാറ്റുരച്ച 2002 നാറ്റ്വെസ്റ്റ് പരമ്പരയിൽ ഏറ്റവും ആധികാരികമായി ഫൈനൽ പ്രവേശനം നേടിയത് സൗരവ് ഗാംഗുലിയുടെ ഇന്ത്യയാണ്. അതേ, സൗരവ് ഗാംഗുലിയുടെ ഇന്ത്യ. കോഴവിവാദത്തിന്റെ കരിനിഴൽ ബാധിച്ചൊരു ടീമിനെ വീണ്ടും വിജയങ്ങളുടെ വെളിച്ചത്തിലേക്കു നയിച്ചത് അയാളായിരുന്നു. എതിരാളിയുടെ പെരുമയെ ഭയക്കാതെ ഏതൊരു പാളയത്തിലേക്കും പടനയിക്കാൻ ശീലിച്ച നായകൻ. എങ്കിലും ആ ടീമിന് ഒരു പോരായ്മയുണ്ടായിരുന്നു. ഫൈനൽ മത്സരം നൽകുന്ന സമ്മർദ്ദം അതിജീവിക്കാൻ മിക്കപ്പോഴും അവർക്കു സാധിച്ചിരുന്നില്ല. നാറ്റ്വെസ്റ്റ് ടൂർണമെന്റിനു മുന്നേ നടന്ന തുടർച്ചയായ എട്ടു പരമ്പരകളിലാണ് ഇന്ത്യക്ക് കലാശപ്പോരാട്ടത്തിൽ പരാജയം രുചിക്കേണ്ടി വന്നത്. ലോർഡ്‌സിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചപ്പോൾ മറ്റൊരു ഫൈനൽ തോൽവി കടുത്ത ഇന്ത്യൻ ആരാധകർ പോലും ഉറപ്പിച്ചിരുന്നു. കാരണം അവർ നേടിയ സ്കോർ ഏതു സാഹചര്യത്തിലും വിജയിക്കാൻ പോന്നതായിരുന്നു. ഏകപക്ഷീയമായ വിജയമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ലോർഡ്‌സിൽ തിങ്ങിനിറഞ്ഞ ആരാധകർക്കൊപ്പം നാസർ ഹുസൈനും സംഘവും.
ഇന്ത്യൻ ബാറ്റിങ്ങിന്റെ തുടക്കം പക്ഷേ ഇംഗ്ലീഷ് പ്രതീക്ഷകൾക്കുമേൽ കരിനിഴൽ പരത്തുവാൻ തുടങ്ങി. അത്ര അനായാസമായാണ് സൗരവ് ചന്ദീദാസ് ഗാംഗുലിയെന്ന ഇടംകയ്യൻ ബാറ്റു വീശിയത്. നാസർ ഹുസൈൻ വിരിച്ച വലകൾ പൊട്ടിച്ചെറിഞ്ഞ ഗാംഗുലിയും വീരേന്ദർ സെവാഗും പതിയെ ഇന്ത്യൻ ആരാധകരെ ഇരിപ്പിടങ്ങളിലേക്കു തിരികെ കൊണ്ടുവന്നു. അവരുടെ കൈകളിലെ ത്രിവർണപതാകകൾ ക്രിക്കറ്റിന്റെ മെക്കയുടെ വിരിമാറിൽ ഉയർന്നു പാറുവാൻ തുടങ്ങി. പതിനഞ്ചാം ഓവറിൽ ഇന്ത്യൻ ടോട്ടൽ നൂറു കടന്നു.
മത്സരത്തിൽ പിന്നെയും വഴിത്തിരിവുകൾ ബാക്കിയായിരുന്നു. പതിനഞ്ചാം ഓവറിൽ ഗാംഗുലിയും ഓരോവറിനുശേഷം സെവാഗും പുറത്തായതോടെ ഇംഗ്ളീഷ് ബൗളർമാർ മത്സരത്തിൽ പിടിമുറുക്കുവാൻ തുടങ്ങി. പിന്നീടുവന്ന ദിനേശ് മോൻഗിയയും സച്ചിനും ദ്രാവിഡും വേഗം പവലിയനിൽ തിരികെയെത്തിയതോടെ വിക്കെറ്റ് നഷ്ടമില്ലാതെ 114 റൺസ് എന്ന നിലയിൽനിന്നും അഞ്ചിന് 146 എന്ന് നിലയിലേക്ക് ഇന്ത്യൻ സ്കോർ കൂപ്പുകുത്തി.
Miracle of Lords….
1983ൽ കപിലിന്റെ ചെകുത്താന്മാർ ലോർഡ്‌സിൽ സൃഷ്‌ടിച്ച ചരിത്രത്തിന്റെ കഥകൾ കേട്ടുകൊണ്ടായിരിക്കും മുഹമ്മദ് കൈഫ് എന്ന് ബാലൻ ക്രിക്കറ്റ ലോകത്തു പിച്ചവെച്ചു നടക്കുവാൻ തുടങ്ങിയത്. വർഷങ്ങൾക്കു ശേഷം അതേ മൈതാനത്തിന്റെ പവലിയനിൽ ബാറ്റിങ്ങിനായി ഊഴം കാത്തിരിക്കുമ്പോൾ ഓരോ ഇന്ത്യൻ ആരാധകന്റെയും ഓർമയിൽ തങ്ങിനിൽക്കുന്ന വിജയ നിമിഷങ്ങൾ ഒരിക്കൽക്കൂടി ലോർഡ്‌സിൽ സൃഷ്ടിക്കുവാൻ തനിക്കാകുമെന്ന് അയാൾ കരുതിയിരിക്കില്ല. പക്ഷേ മുഹമ്മദ് കൈഫ് എന്ന് പേര് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രരേഖകളിൽ അതിനു മുന്നേ ഇടം പിടിച്ചിരുന്നു. അതും സാക്ഷാൽ കപിൽദേവിനൊപ്പം തന്നെ. കൗമാര ക്രിക്കറ്റിന്റെ ലോകകിരീടം ആദ്യമായി ഇന്ത്യയിലേക്കെത്തിയത് ആ അലഹബാദുകാരനിലൂടെയായിരുന്നു. എങ്കിലും ബാറ്റിംഗ് നിരയിലെ വന്മരങ്ങൾക്കൊപ്പം തങ്ങളുടെ വിജയപ്രതീക്ഷകളും കടപുഴകിയെന്നുറപ്പിച്ച ഒരുപറ്റം ആരാധകരുടെ വിശ്വാസങ്ങൾ തിരുത്തുവാനുള്ള കരുത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ പിച്ചവെച്ചുമാത്രം തുടങ്ങിയിട്ടുണ്ടായിരുന്ന ആ ചെറുപ്പക്കാരന്റെ ബാറ്റിനുണ്ടായിരുന്നില്ല.
ലോർഡ്സിലെ ഇരുപത്തിരണ്ടു വാരയിലേക്കു നടന്നടുക്കുമ്പോൾ അവിടെ അയാളെ കാത്തിരുന്നത് ആ നിമിഷങ്ങളിൽ ക്രീസിൽ ഒപ്പമുണ്ടായിരുന്നെങ്കിലെന്ന് കൈഫ് ഏറ്റവുമധികം ആഗ്രഹിച്ച വ്യക്തി തന്നെയായിരിക്കും. “യുവരാജ് സിങ്”, അണ്ടർ 19 ലോകകപ്പിലെ തന്റെ എറ്റവും വിശ്വസ്തനായ പടയാളി. സീനിയർ തലത്തിൽ തന്നെക്കാൾ പരിചയസമ്പന്നനായ യുവിയുടെ ക്രീസിലെ സാന്നിധ്യം നൽകിയ സ്വാതന്ത്ര്യമാകും കൈഫിന്റെ ബാറ്റിങ്ങിനെ ഏറ്റവുമധികം സ്വാധീനിച്ചത്. ഇറാനിയും ടുഡോറും ജൈൽസും ചേർന്നു നശിപ്പിച്ച ഇന്ത്യൻ മധ്യനിരയുടെ അവശിഷ്ടങ്ങളിൽ ചവിട്ടി നിന്നുകൊണ്ട് അവർ ബാറ്റിംഗ് ആരംഭിച്ചു. തുടക്കം ഒട്ടും തന്നെ ഭദ്രമായിരുന്നില്ല. പക്ഷേ ചോരത്തിളപ്പിനേക്കാൾ പക്വതയാണ് ആ സന്ദർഭത്തിൽ വേണ്ടതെന്ന ഇരുവർക്കും പൂർണബോധ്യമുണ്ടായിരുന്നു. മോശം പന്തുകളെ മാത്രം ശിക്ഷിച്ചും മികച്ച പരസ്പരധാരണയോടെയും അവർ മുന്നോട്ടുനീങ്ങി.
അനിവാര്യമായ പരാജയത്തിന്റെ ഭാരം കുറയ്ക്കുവാൻ സഹായിക്കുന്ന ഒരു ചെറുത്തുനിൽപ്, അല്ലെങ്കിൽ ഒരു ആളിക്കത്തൽ. അതുമാത്രമായിരിക്കും ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിപോലും ആ രണ്ടു യുവതാരങ്ങളിൽനിന്നും പ്രതീക്ഷിച്ചിരിക്കുക. യുവിയും കൈഫും പക്ഷേ ചിന്തിച്ചതു മറിച്ചായിരുന്നു. അത്തരം ഒരവസരത്തിൽ നടത്തുന്ന ഒരു പോരാട്ടം അന്താരാഷ്ട്രകരിയറിൽ എത്രമാത്രം സഹായകമാകുമെന്നതിനെ പറ്റി അവർ തീർച്ചയായും ചിന്തിച്ചിരിക്കും. ഒരുപക്ഷേ ആ ചിന്ത നൽകിയ പിന്തുണയിലാകണം അവരുടെ ബാറ്റുകൾ ശബ്ദിക്കാൻ തുടങ്ങി.
കൂടുതൽ ശബ്ദം യുവരാജിന്റെ ബാറ്റിനായിരുന്നു. പരമ്പരയിലുടനീളം മികച്ച പ്രകടനം നടത്തിയ റോണി ഇറാനിയുടെ ഓവറിൽ തുടർച്ചയായ രണ്ടു ബൗണ്ടറികൾ, ജൈൽസിനെതിരെ ലോങ്ങ് ഓണിനുമുകളിലൂടെ നേടിയ സിക്സെർ, ഫ്ലിന്റോഫിന്റെ ഒരു ലെങ്ത് ബോളിനെ എക്സ്ട്രാ കവറിലൂടെ ബൗണ്ടറിയിലേക്കു പായിച്ച ബുള്ളറ്റ് ഷോട്ട്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ മധ്യനിര ഭരിക്കുക താനാകുമെന്നു വിളിച്ചോതിയ ഷോട്ടുകളായിരുന്നു അവയോരോന്നും.
മറുവശത്തു കൈഫും ആക്രമിക്കാൻ തുടങ്ങിയതോടെ ഇംഗ്ലീഷ് ബൗളർമാർ പ്രതിരോധത്തിലായി. ഹുസൈന്റെ വജ്രായുധമായ ഡാരൻ ഗഫ് പോലും താളം കണ്ടെത്താൻ കഴിയാതെ വിഷമിച്ചു. ഒരവസാനശ്രമമെന്ന നിലയിലാകണം ഹുസൈൻ പന്ത് കോളിങ്‌വൂഡിനു നേരെ നീട്ടിയത്. പക്ഷേ ആ ശ്രമം ഫലംകണ്ടു. കോളിംഗ്വുഡിനെ സ്വീപ് ചെയ്യാൻ ശ്രമിച്ച യുവരാജ് ഫൈൻ ലെഗിൽ ക്യാച്ച് നൽകി പുറത്തായതോടെ ഇന്ത്യ വീണ്ടും സമ്മർദ്ദത്തിലായി.
പക്ഷേ മുഹമ്മദ് കൈഫ് ക്രീസിൽ ബാക്കിയുണ്ടായിരുന്നു. ഹർഭജനെ കൂട്ടുപിടിച്ച് അയാൾ ഇന്ത്യൻ സ്കോർ മുന്നൂറു കടത്തി. ഹർഭജനെയും കുംബ്ലെയെയും ഒരോവറിൽ പുറത്താക്കിയ ഫ്ലിന്റോഫ് വീണ്ടും ഇംഗ്ലണ്ടിനു പ്രതീക്ഷകൾ നൽകിയെങ്കിലും കൈഫ് തളർന്നില്ല, ഫ്ലിന്റോഫ് എറിഞ്ഞ അവസാന ഓവറിൽ ഓവർ ത്രോയുടെ രൂപത്തിൽ ഇന്ത്യയുടെ വിജയറൺ പിറക്കുന്നതു വരെയും അയാൾ കീഴടങ്ങിയില്ല. ലോർഡ്‌സിൽ ടീം ഇന്ത്യ സൃഷ്‌ടിച്ച രണ്ടാമത്തെ അദ്‌ഭുതത്തിന്റെ പ്രധാന ശില്പിയായി, മറുവശത്തു ലോകത്തെ ഏതു മികച്ച സെഞ്ചുറി പകരം വെച്ചാലും മൂല്യമൊട്ടും കുറയാത്ത എണ്പത്തിയേഴു റണ്ണുകളുമായി അയാൾ ഇന്ത്യൻ ടീമിനെ വിജയതീരത്തെത്തിച്ചു.
താൻ സ്വന്തമാക്കിയ വിജയങ്ങളിൽ ഏതാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് മുഹമ്മദ് കൈഫിന്റെ പക്കൽ ഇന്നും ഒരുത്തരമേയുള്ളൂ…
“അതൊരു സ്വപ്നമായിരുന്നു. അയാളുടെ പേരിനെ എന്നും അനശ്വരനാക്കുന്ന അയാൾ ജീവിച്ചു തീർത്ത ഒരു സുന്ദര സ്വപ്നം”.