1996 മാർച്ച് 9 – ചിന്നസ്വാമിയിൽ വഖാർ തലകുനിച്ച ദിവസം
ക്രിക്കറ്റ് ജ്വരം പടർന്ന് പന്തലിച്ച് വരുന്ന ആ സമയത്ത് ഒരു ആവേശമായാണ് 1996 ലെ ലോകകപ്പ് ടൂർണമെൻ്റ് കടന്നു വന്നത് .നിർഭാഗ്യകരമെന്ന് പറയട്ടെ അതേ സമയത്ത് തന്നെ “ഈന്തപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്” എന്ന പോലെ 10 മം ക്ലാസ് പരീക്ഷയും തുടങ്ങി .
ലോകകപ്പിലെ ആദ്യ കളികളൊക്കൊ ഇരുന്നു കണ്ടെങ്കിലും ക്വാർട്ടർ ഫൈനലിൻ്റെ ആരംഭത്തോടെ പരീക്ഷച്ചൂട് മൂർദ്ധന്യാവസ്ഥയിലായതോടെ വീട്ടിൽ നിന്നും കുറെ നിയന്ത്രണങ്ങൾ വരാൻ തുടങ്ങി .അയൽപക്കത്ത് പോയി ടി വി ക്ക് മുന്നിലുള്ള കളിയുടെ തുടക്കം മുതൽ ഒടുക്കം സ്ഥിരം പടിഞ്ഞിരിക്കലിന് പകരം ഒരു മണിക്കൂർ കളി കാണാം എന്ന പുതിയ നിബന്ധന വീട്ടുകാർ വച്ചു .
അത്യാഗ്രഹം കാണിച്ചാൽ ഉള്ളതു കൂടി നടക്കില്ല എന്നുറപ്പുള്ളതു കൊണ്ട് ആദ്യം ഇന്ത്യയാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ അവസാനത്തെ പത്ത് ഓവറും രണ്ടാമതാണ് ബാറ്റിങ് എങ്കിൽ ആദ്യ 10 ഓവർ കാണാനും ആ ഒരു മണിക്കൂർ എടുക്കാമെന്ന് തീരുമാനിച്ചു .ആ തീരുമാനം തീർത്തും ശരിയാണെന്ന് 1996 മാർച്ച് 9 ന് നടന്ന ക്വാർട്ടർ ഫൈനലിലെ അവസാന 10 ഓവർ തെളിയിച്ചു .
ആ ദിവസത്തിൻ്റെ അന്ത്യത്തിൽ ഒരു ഭാഗത്ത് ആഘോഷങ്ങൾ അലയടിച്ചപ്പോൾ മറുഭാഗത്ത് അക്രമങ്ങളാണ് അരങ്ങേറിയത് .ടെലിവിഷൻ സെറ്റുകൾ എറിഞ്ഞു തകർക്കപ്പെട്ടു .ലാഹോർ എയർപോർട്ടിൽ അക്രമികൾ ചീമുട്ടയുമായി പാകിസ്ഥാൻ കളിക്കാരെ കാത്തു നിന്നു .വസീം അക്രമിന് നാല് ഭാഗത്തു നിന്നും വധഭീഷണി ഉണ്ടായി .ടി വി സെറ്റ് എടുത്ത് എറിഞ്ഞ ഒരാൾ സ്വയം വെടി വെച്ചു മരിച്ചു .ലാഹോറിൽ മറ്റൊരാൾക്ക് ഹൃദയസ്തംഭനം .ഒരു സ്ത്രീ പ്രധാനമന്ത്രിയായ രാജ്യം ഒരു കളി എവിടെ ജയിക്കാൻ എന്നു പോലും പറഞ്ഞ വിഡ്ഢികൾ കൂടിയായപ്പോൾ ശുഭം .
ആ ദിവസം ബാംഗ്ലൂരിലെ റോഡുകൾ ശൂന്യമായിരുന്നു .ഒരു റോഡ് ഒഴികെ .ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കുള്ള റോഡ് .സ്വതവേ തിരക്ക് പിടിച്ച ബാംഗ്ലൂർ അന്ന് തിരക്കുകൾ തീരെ ഒഴിഞ്ഞ പോലെ തോന്നിച്ചു .എല്ലാവരും വീട്ടിൽ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ ചടഞ്ഞിരിക്കുകയായിരുന്നു .
1989 നെഹ്റു കപ്പിൽ ഏറ്റുമുട്ടിയ ശേഷം ആദ്യമായി പാകിസ്ഥാൻ ഇന്ത്യയിൽ കളിക്കുന്ന മത്സരം എന്നത് കൊണ്ടും പ്രസക്തമായ മത്സരം സമ്മർദ്ദവും കഠിനവുമായിരുന്നു .നാളത്തെ ഇന്ത്യയുമായുള്ള മത്സരം വെറും പരിശീലനം എന്ന് വീമ്പിളക്കിയതിന് പിന്നാലെ പരിക്ക് മൂലം കളി നഷ്ടമായ അക്രത്തിന് പകരം അസ്ഹറിനൊപ്പം നാണയ ഭാഗ്യം പരീക്ഷിച്ചത് പകരക്കാരൻ നായകൻ അമീർ സൊഹൈൽ .ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങിനിറങ്ങി .
55000 ഓളം വരുന്ന കാണികളുടെ കര ഘോഷത്തിനിടയിലൂടെ ഒരു രാജ്യത്തിൻ്റെ മുഴുവൻ ഭാരവും ചുമലിലേന്തിയ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം സിദ്ദുവും മൈതാനത്തേക്ക് കാൽ വെച്ചതോടെ ആവേശം പരകോടിയിലെത്തി .ചിന്നസ്വാമിയിലെ ആദ്യ ഡേ -നൈറ്റ് മത്സരത്തിൽ സ്ട്രൈക്ക് എടുത്തത് അനുഭവസമ്പന്നനായ നവ് ജ്യോത് സിങ്ങ് സിദ്ദു. പന്തെറിയാൻ വന്നത് ,ലോകത്തിലെ എക്കാലത്തെയും വ മിികച്ചവരിലൊരാളും ,അക്കാലഘട്ടത്തിലെ ഏറ്റവും മികച്ച വനുമായ വഖാർ യൂനിസ്.
ആദ്യ പന്ത് വൈഡ് എറിഞ്ഞ് തുടങ്ങിയ മത്സരത്തിൽ 42 മം ഓവറിൽ 90 കളിൽ ഇന്ത്യയുടെ ഫിനിഷർ ആയി അറിയപ്പെട്ട അജയ് ജഡേജ ക്രീസിലെന്തുമ്പോൾ 200/4 ആയിരുന്നു . 46 മം ഓവറിൽ നയൻ മോംഗിയ റണ്ണൗട്ടാകുമ്പോൾ സ്കോർ 236/6. വഖാറിൻ്റെയും അക്വിബ് ജാവേദിൻ്റെയും ഓവറുകൾ ബാക്കി നിൽക്കെ ഇന്ത്യ ഏതാണ്ട് 250 -255 ൽ ഒതുങ്ങുമെന്ന് തോന്നിച്ച നിമിഷങ്ങൾ .
പക്ഷെ വഖാർ യൂനിസ് എറിഞ്ഞ 48 ഓം ഓവറിൽ കളി മാറി .വഖാറിൻ്റെ ആദ്യ പന്ത് തന്നെ കവറിലൂടെ ബൗണ്ടറിയടിച്ചു തുടങ്ങിയതു മുതൽ കാര്യങ്ങൾ ജഡേജയുടെ വഴിക്ക് വന്നു .വഖാറിൻ്റെ ആവനാഴിയിലെ വജ്രായുധമായ ഇൻസ്വിങിങ് യോർക്കറുകൾ അടക്കം ബൗണ്ടറി ലൈനിലേക്ക് പുറത്തേക്ക് പോയി .വഖാറിൻ്റെ 9 മം ഓവറിൽ തുടർച്ചയായി 3 ഫോറുകളും ഒരു സിക്സറും പിറന്നതടക്കം ആകെ വന്നത് 22 റൺസ് .അവസാന ഓവറിൽ 18 റൺസ് കൂടി വഴങ്ങിയതോടെ ലോകോത്തര ബൗളർ നെറ്റ്സിലെ ബൗളറുടെ നിലവാരത്തിലെത്തി .ആദ്യ 8 ഓവറിൽ 27 റൺ മാത്രം വഴങ്ങിയ വഖാർ അവസാന 2 ഓവറിൽ മാത്രം വഴങ്ങിയത് 40 റൺസ് .250 എന്ന മാനസികമായ കടമ്പയും കടന്ന് ഇന്ത്യൻ സ്കോർ 287 ലെത്തിയതോടെ പാകിസ്ഥാൻ മനസ്സാകെ തോൽവി സമ്മതിച്ച പോലെയായി .അവസാന4 ഓവറിൽ വാലറ്റക്കാരെ കൂട്ടു പിടിച്ച് 25 കാരനായ ജഡേജ ഉണ്ടാക്കിയത് 57 റൺസ് കൂട്ടുകെട്ട് .സാഹചര്യങ്ങളുടെ സമ്മർദ്ദവും എതിരാളികളുടെ മികവുറ്റ ആക്രമണവും കണക്കിലെടുക്കുന്നോൾ ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഡെത്ത് ഓവർ പ്രകടനമായിരുന്നു 4 ഫോറുകളും 2 സിക്സറുകളുമടക്കം 25 പന്തിൽ 45 റൺ നേടിയ അജയ് ജഡേജയുടെ ആ സ്പെഷൽ ഇന്നിങ്സ് .
മറുപടി ബാറ്റിങ്ങിൽ അമീർ സൊഹൈലും സയ്യിദ് അൻവർ ഓവറിൽ 8 റൺ എന്ന നിലയിൽ സ്കോർ ചെയ്ത് ഇന്ത്യയെ ഞെട്ടിച്ചുവെങ്കിലും അൻവരും പ്രസാദുമായി കൊമ്പു കോർത്ത സൊഹൈലും പുറത്തായതോടെ തകർച്ച തുടങ്ങി . ശേഷംപരിചയസമ്പന്നനായ മാലിക്കും മടങ്ങിയതോടെ എല്ലാ പ്രതീക്ഷയും 20 വർഷത്തിലധികം പാക് ബാറ്റിങ്ങിനെ ചുമലിലേന്തിയ മിയാൻ ദാദിലായി എല്ലാ കണ്ണുകളും .എന്നാൽ വർഷങ്ങൾക്കു മുൻപ് ചേതൻ ശർമ്മയെ അവസാന പന്തിൽ സിക്സറടിച്ച് ഒരു ജനതയെ മുഴുവൻ കരയിച്ച മിയാൻദാദിൻ്റെ നിഴൽ മാത്രമാണ് മൈതാനത്ത് കണ്ടത് .തപ്പിത്തടഞ്ഞ് കളിച്ച മിയാൻ ദയനീയ കാഴ്ചയായി .ഒടുവിൽ സ്കോർ 239 ൽ നിൽക്കെ 38 റൺസുമായി റൺ ഔട്ടായി മുറിവേറ്റ്, തല ഉയർത്താതെ പരാജിതനായി മിയാൻദാദ് തൻ്റെ കരിയറിലെ അവസാന മത്സരത്തോടെ മടങ്ങിയതോടെ മത്സരവും ഏതാണ്ട് തീരുമാനമായി .പാകിസ്ഥാൻ 248 ന് പുറത്തായി .5 ഓവർ പന്തെറിഞ്ഞ ജഡേജ വിക്കറ്റ് നേടിയില്ലെങ്കിലും 19 റൺ മാത്രമേ വഴങ്ങിയുള്ളൂ .
പരിക്ക് പറ്റിയിട്ടും 93 റൺസടിച്ച് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ട നവ് ജ്യേത് സിദ്ദു ആണ് മാൻ ഓഫ് ദ മാച്ച് ആയതെങ്കിലും അവസാന 4 ഓവറിൽ കളി മാറ്റിയ ജഡേജയുടെ പ്രകടനത്തിൽ മറ്റെല്ലം മുങ്ങി പോയി .
ജഡേജയുടെ പ്രകടനത്തിൻ്റെ മഹത്വം അന്നത്തെ മാച്ചിൽ 26 റൺസെടുത്ത ,ജഡേജയുടെ പ്രകടനത്തെ ഏറ്റവും അടുത്തു നിന്ന കണ്ട പാക് വിക്കറ്റ് കീപ്പർ റഷീദ് ലത്തീഫിൻ്റെ വാക്കുകളിൽ നിന്നും മനസ്സിലാകും .
” ഞാൻ നേരിട്ട് കണ്ട ഏകദിന ഇന്നിങ്സുകളിൽ ഏറ്റവും മികച്ചത് .സിംഗപ്പൂരിൽ ജയസൂര്യ യുടെ 48 പന്തിൽ നേടിയ സെഞ്ചുറിക്കൊപ്പം പറയാൻ പറ്റുന്ന ഇന്നിങ്സ്.സമ്മർദ്ദം വെച്ചു നോക്കുമ്പോൾ അതിനെക്കാൾ മികച്ചതെന്ന് പറയാം .വഖാർ ആദ്യമായി ഡെത്ത് ഓവറിൽ പരിഭ്രാന്തനായി കണ്ടത് അന്നായിരുന്നു .250 ലൊതുക്കാൻ പറ്റും എന്ന് കരുതിയ സ്കോർ 280 കടന്നതോടെ കളി കൈയിൽ നിന്നും പോയി .”
25 വർഷങ്ങളോളം ആയിട്ടും ഒരു ഇന്ത്യക്കാരൻ്റെ ഏറ്റവും മികച്ച ഡെത്ത് ഓവർ ഇന്നിങ്സ് ഏതെന്ന് ചോദിച്ചാൽ ഇന്നും പല ക്രിക്കറ്റ് പ്രേമികളും ജഡേജയുടെ ആ ഇന്നിങ്സ് എന്നു പറയുന്നുവെങ്കിൽ അതു തന്നെയാണ് അതിനുള്ള അംഗീകാരവും.