റഷ്യൻ സുന്ദരി ടെന്നീസിൽ നിന്ന് പടിയിറങ്ങുന്നു
റഷ്യൻ പ്രഫഷണൽ ടെന്നിസ് താരമായ മരിയ യൂറിയേവ്ന ഷറപ്പോവ ടെന്നിസിൽ നിന്ന് വിരമിച്ചു. ടെന്നിസിൽ ഇനി ആ റഷ്യൻ സൗന്ദര്യം കാണാൻ കഴിയില്ല. അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങളുൾപ്പെടെ 32 WTA കിരീടങ്ങൾ നേടിയ ഷറപ്പോവ 1994 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിരതാമസക്കാരിയാണ്. ആദ്യമായി 2005 ഓഗസ്റ്റ് 22-ന് ലോക ഒന്നാം നമ്പർ താരമായ ഷറപ്പോവ അവസാനമായി ഒന്നാം നമ്പർ കരസ്ഥമാക്കിയത് 2012 ജൂൺ 11-നാണ്. 2004-ല്‍ പതിനേഴാം വയസ്സില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയാണ് ഷറപ്പോവ താരമായത്.
32-ാം വയസില്‍ ആണ് താരം തൻറെ ടെന്നീസ് ജീവിതം അവസാനിപ്പിക്കുന്നത്. ടെന്നിസിൽ ഏറ്റവും മികച്ച ഫോമിൽ നിൽക്കെ 2016ല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെതുടര്‍ന്ന് രണ്ട് വര്ഷം കോർട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന താരത്തിന് പിന്നീട് തിരിച്ചെത്തിയതിന് ശേഷം ഫോമിലേക്കുയരാൻ കഴിഞ്ഞില്ല. വിരമിക്കുമ്പോൾ അവർ 373-ാം റാങ്കിലാണ് ഉള്ളത്. 2020 ഓസ്ട്രേലിയൻ ഓപ്പണിലാണ് അവർ അവസാനമായി കളിച്ചത്. ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയും ചെയ്തു. വോഗ് ആന്റ് വാനിറ്റി ഫെയര്‍ മാഗസിനായി എഴുതിയ എക്‌സ്‌ക്ലൂസീവ് ആര്‍ട്ടിക്കിളിലൂടെയാണ് താരം വിരമിക്കുകയാണെന്ന് അറിയിച്ചത്.”ടെന്നീസ് – ഞാൻ വിട പറയുന്നു എഴുതിയാണ് ആർട്ടിക്കിൾ തുടങ്ങുന്നത്.