വനിതാ ട്വന്റി 20 ലോകകപ്പ്: സെമി ഉറപ്പാക്കാന്‍ ഇന്ത്യ ഇന്ന് ന്യൂസിലാന്‍ഡിനെതിരേ
മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പാക്കാന്‍ ഇന്ത്യ ഇന്നു ന്യൂസീലവന്ഡിനെ നേരിടും. നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയയെ 17 റണ്‍സിനും ബംഗ്ലദേശിനെ 18 റണ്‍സിനും തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അഞ്ചു ടീമുകളുള്ള ഗ്രൂപ്പ് എയില്‍ നാലു പോയിന്റുമായി ഇന്ത്യയാണ് ഒന്നാമത്.
ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിംഗിലും ബോളിംഗിലും ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. പതിനാറുകാരി ഷെഫാലി വര്‍മ ബംഗ്ലദേശിനെതിരേ 17 പന്തില്‍ 39 റണ്‍സെടുത്ത് തിളങ്ങി. ഓസീസിനെതിരേ ഷഫാലി 29 റണ്‍സെടുത്തിരുന്നു. മൂന്നാമതിറങ്ങുന്ന ജമീമ റോഡ്രിഗസ് മികച്ച ഫോമിലാണ്.
മധ്യനിരയില്‍ ദീപ്തി ശര്‍മയും വേദ കൃഷ്ണമൂര്‍ത്തിയും ഫോമില്‍ തന്നെ. ആദ്യ രണ്ടു കളിയിലും തിളങ്ങാനാകാതിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൂടി ഫോമിലായാല്‍ ബാറ്റിംഗ് ഭദ്രമാകും. ബംഗ്ലദേശിനെതിരെ കളിക്കാതിരുന്ന ഓപ്പണര്‍ സ്മൃതി മന്ഥന കൂടി എത്തുന്നത് ‘പെണ് ഇന്ത്യ’യുടെ കരുത്തു കൂട്ടും.
ഈയിടെ നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യയെ തോല്പിച്ചതിന്റെ ആവേശത്തിലാണ് ന്യൂസീലാന്‍ഡ്. 2018-ലെ ട്വന്റി20 ലോകകപ്പില്‍ ന്യൂസീലാന്‍ഡിനെ 34 റണ്‍സിനു തോല്‍പ്പിച്ചതിന്റെ ഓര്മ ഇന്ത്യയ്ക്കുമുണ്ട്. ആ മത്സരത്തില്‍ ഹര്‍മന്‍പ്രീത് 103 റണ്‍സടിച്ചിരുന്നു.