സച്ചിനേയും കോലിയെയും പുകഴ്ത്തി ട്രംപ്
അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ സര്‍ദ്ദാര്‍പട്ടേല്‍ സ്റ്റേഡിയത്തില്‍ (മൊട്ടേര) നടന്ന ‘നമസ്തേ ട്രംപ്’ പരിപാടിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന് ടെന്‍ഡുല്‍ക്കറുടെയും വിരാട് കൊഹ്ലിയുടേയും പേരെടുത്ത് പരാമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തന്റെ പ്രസംഗത്തില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ മുതല്‍ വിരാട് കൊഹ്ലി വരെ, ലോകത്തെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കായി എന്നും ആര്‍പ്പു വിളിച്ച രാജ്യമാണ് ഇന്ത്യ എന്ന് ട്രംപ് പറഞ്ഞപ്പോള്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ നിലക്കാത്ത കൈയടികളോടെയാണ് ആ വാക്കുകളെ വരവേറ്രത്.
ഒരുലക്ഷം പേര്‍ക്ക് ഒരേ സമയം മത്സരം കാണാവുന്ന തരത്തില്‍ 700 കോടി രൂപ മുടക്കി പുതുക്കി പണിത മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ പരിപാടിയായിരുന്നു ഇത്. ആസ്ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്ര് ഗ്രൗണ്ടിന്റെ പേരിലുള്ള ലോകത്തെ ഏറ്രവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന റെക്കാഡാണ് മൊട്ടേര മറികടന്നിരിക്കുന്നത്.