ചെന്നൈയുടെ ‘തല’ യായി ധോണി തിരിച്ചെത്തുന്നു
ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കുന്ന ഇന്ത്യൻ ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി അടുത്ത മാസം ഒന്നാം തീയതി പരിശീലനം പുനരാരംഭിക്കും. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം താരം ക്രിക്കറ്റിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു. മാർച്ച് ഒന്ന് മുതൽ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാവും ധോണി പരിശീലനം നടത്തുക.
പതിവുപോലെ ഐപിഎല്ലി ൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കുന്നത് മഹേന്ദ്ര സിംഗ് ധോണിയാണ്. മാർച്ച് അവസാനം ആരംഭിക്കാനിരിക്കുന്ന പുതിയ സീസൺ ഐപിഎല്ലിന് മുൻപ് ഫോമിലേക്ക് തിരിച്ചെത്തുകയാണ് ധോണിയുടെ ലക്ഷ്യം. മാർച്ച് ഒന്ന് മുതൽ രണ്ടാഴ്ചക്കാലം ധോണി ചെന്നൈയിൽ പരിശീലനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ചെന്നൈസൂപ്പർ കിംഗ്സ് താരങ്ങളായ സുരേഷ് റെയ്ന, അമ്പാട്ടി റായുഡു എന്നിവർ കഴിഞ്ഞ മൂന്നാഴ്ചയോളം ചെന്നൈയിൽ പരിശീലനം നടത്തിയിരുന്നു. നിലവിൽ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയ ഈ താരങ്ങൾ മാർച്ച് 2 ന് പരിശീലനത്തിനായി തിരിച്ചെത്തും. അടുത്ത മാസം പത്താം തീയതിയാണ് ചെന്നൈസൂപ്പർ കിംഗ്സിന്റെ ഐപിഎൽ മുന്നൊരുക്ക ക്യാമ്പ് ഔദ്യോഗികമായി ആരംഭിക്കുന്നത്.